- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴ ഇലാഹീയ എഞ്ചിനിയറിങ് കോളേജ് കെട്ടിടം പണിക്ക് പോയപ്പോൾ ലിഫ്റ്റ് പൊട്ടി താഴെ വീണ് തളർന്നു കിടപ്പിലായി; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം നൽകണമെന്ന ലേബർ കോടതി വിധി വന്നിട്ട് 10 വർഷായിട്ടും നടപ്പിലായില്ല; നീതി നിഷേധത്തിൽ നെഞ്ചുരുകി ബിനേഷ്
ചെറുതോണി: 10 വർഷം മുമ്പ് കോട്ടയം ലേബർ കോടതിയിൽ നിന്നും തനിക്ക് അനുകൂല വിധി ലഭിച്ചെന്നും എന്നാൽ ഇതുവരെ അർഹതപ്പെട്ട തുക ലഭിച്ചില്ലന്നും ഇതുമൂലം എഴുന്നേറ്റ് നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിലായ തന്റെ ജീവിതം ദുരിതത്തിൽ ആണെന്നും ഇടുക്കി പൈനാവ് താന്നിക്കണ്ടംനിരപ്പ് പറങ്ങാട്ടിൽ ബിനീഷ്. 2006-ൽ വിട്ടിലെ സാമ്പത്തീക ദാരിദ്ര്യം കണക്കിലെടുത്ത് മൂവാറ്റുപുഴ ഇലാഹീയ എഞ്ചിനിയറിങ് കോളേജ് കെട്ടിടം പണിക്ക് പോയിരുന്നു. മെക്കാട് ആയിട്ടാണ് ജോലി ചെയ്തിരുന്നത്. 150 രൂപയായിരുന്നു കൂലി. പണിക്കെത്തി 4-ാമത്തെ ആഴ്ച അതായത് 2006 നവംമ്പർ 17-ന് ലിഫ്റ്റ് പൊട്ടി വീണ് പരിക്കേറ്റു.
തുടർന്ന് അരയ്ക്ക് താഴേയ്ക്ക് തളർന്നുപോയി.തുടർന്ന് കോട്ടയം ലേബർകോടതിയെ സമീപിച്ചു. നഷ്ടപരിഹാരമായി കോളേജ് മാനേജ്മെന്റ് 5 ലക്ഷത്തോളം രൂപനൽകണമെന്ന് വിധി ഉണ്ടായി. 2012 ലായിരുന്നു വിധി. ഇത് ഇതുവരെ നടപ്പിലായിട്ടില്ല. ബിനീഷ് വിശദമാക്കി. തൊഴിലിടത്തിലെ അപകടത്തെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെക്കുറിച്ചും ബിനീഷ് മറുനാടനോട് മനസ്സു തുറന്നു.
അച്ഛന് ശ്വാസം മുട്ടിന്റെ അസുഖം ഉണ്ടായിരുന്നു. കാര്യമായ ജോലിക്കൊന്നും പോകാൻ കഴിയുമായിരുന്നില്ല. വീട്ടിൽ സാമ്പത്തീക സ്ഥിതിപരിതാപകരം. അങ്ങിനെയാണ് കൂലിവേലയ്ക്കിങ്ങിയത്. നാട്ടിൽ കെട്ടിട നിർമ്മാണത്തിന് സഹായിയായി പോയിരുന്നു. 100 രൂപ കൂലി. ഇലാഹിയ കോളേജ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നുവരുന്ന സമയമായിരുന്നു അത്. നാട്ടിലെ ചങ്ങാതി പറഞ്ഞതുപ്രകാരമാണ് കോളേജ് കെട്ടിട നിർമ്മാണസ്ഥലത്ത് സഹായിയായി എത്തിയത്.ഒരു മാസം തികച്ച് ഇവിടെ ജോലി ചെയ്്തില്ല.4-ാമത്തെ ആഴ്്ചയിൽ അപകടത്തിൽപ്പെട്ടു.
ലിഫ്റ്റ് പൊട്ടി വീണത് ദുരിതകാലത്തിന്റെ തുടക്കം
ലിഫ്റ്റ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനാൽ കോലഞ്ചേരി മെഡിക്കൽകോളേജിലേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. മരണപ്പെട്ടേക്കാമെന്നുവരെ പ്രചാരണമുണ്ടായിരുന്നതായി പിന്നീട് പലരും പറഞ്ഞ് അറിഞ്ഞു.എന്തായാലും ജീവൻ തിരച്ചുകിട്ടി.പക്ഷേ ഒന്നുതിരിഞ്ഞുകിടക്കണമെങ്കിൽപോലും മറ്റുള്ളവരുടെ സഹായം വേണമെന്നതായിരുന്നു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുമ്പോഴുള്ള അവസ്ഥ.അരയ്ക്ക് താഴേയ്ക്ക് ചന ശേഷി പൂർണ്ണമായിട്ടും നഷ്ടപ്പെട്ടിരുന്നു.
പിന്നെയും പല ആശുപത്രികളിൽ ചികത്സ തുടർന്നു. നാട്ടുകലുടെ സഹായത്തോടെയായിരുന്നു ചികത്സ. കീരിത്തോട് ഏഴാംകൂപ്പിലായിരുന്നു അന്ന് താമസിച്ചിരുന്നത്.
ജീപ്പ് വരുന്നിടത്തു നിന്നും 500 മീറ്ററോളം അകലെ കുന്നിന്മുകളിലായിരുന്നു വീട്. ആശുപത്രിയിൽ പോകാൻപോലും ബുദ്ധിമുട്ടിയിലുന്നു.സഹോദരൻ ഒറ്റയ്ക്ക് ചുമന്ന് വാഹനം എത്തുന്ന സ്ഥലം വരെ കൊണ്ടുപോകേണ്ട സാഹചര്യവും ഉണ്ടായി. പിന്നീട് ചേലച്ചുവടിലേയ്ക്ക് വാടകവീടെടുത്തുമാറി.2017-ലാണ് താന്നിക്കണ്ടംനിരപ്പിലെ വീട്ടിലേയ്ക്ക് താമസം മാറുന്നത്.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വീട് അനുവദിച്ച് കിട്ടിയത്.
അമ്മ കൂപ്പണിക്ക് പോയികിട്ടുന്ന തുകയായിരുന്നു ആകെയുള്ള വരുമാനം.തുടർന്നാണ് കോട്ടയം ലേബർകോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജ്ജിഫയൽ ചെയ്തത്. 2012 ജൂൺ 15-ന് അനുകൂല വിധിയും കിട്ടി. 545976 രൂപ എതിർകക്ഷിയായ ഇലാഹിയ കോളേജ് മാനേജ്മെന്റ് നൽകണമെന്നായിരുന്നു വിധി. ഉടൻ തുക നൽകിയല്ലങ്കിൽ പിന്നീട് തുക നൽകുന്ന സമയത്ത് 12 ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
നഷ്ടപരിഹാരത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വർഷം
വിധി വന്നശേഷം ഇപ്പോൾ 10 വർഷം പിന്നിട്ടു. അദാലത്തിൽ വിളിപ്പിച്ചപ്പോൾ കോളേജിൽ ശമ്പളം നൽകാൻ പോലും പണമില്ലന്നും അതിനാൽ കോടതി ഉത്തരവ് പ്രകാരമുള്ള തുക നൽകാൻ കഴിയില്ലെന്നുമാണ് കോളേജിന്റെ അഭിഭാഷകൻ അറയിച്ചത്. ഈ തുക ഇനി ലഭിക്കുമോ എന്ന്ുപോലും ഇപ്പോൾ സംശയമാണ്. ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കോളേജ് നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. കേസിന് ചിലവഴിക്കാൻ എന്റെ പണമില്ല.അതുകൊണ്ട തന്നെ നീതി ലഭിക്കോ എന്ന കാര്യത്തിലും സംശയമുണ്ട്.
ശാരിരീക അവസ്ഥ മോശമായിരുന്നെങ്കിലും അത് ഓർത്ത് സങ്കടപ്പെട്ടിരിക്കാൻ മനസ്സ് അനുവദിച്ചില്ല. വരുമാനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് കരുതി പലവഴിക്കും ശ്രമം തുടങ്ങി. അടുത്തൊരു കലേയ്ക്ക് പൂകെട്ടി കൊടുന്ന ജോലി കിട്ടി.പിന്നെ സോപ്പുപൊടി നിർമ്മിച്ച് മുചക്രവണ്ടിയിൽ വീടുകളിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു. കോവിഡ് വന്നതോടെ അത് നിലച്ചു.
എൽഇഡി ബൾബ് നിർമ്മാണം പഠിച്ചത് ഭാവി ജീവിതത്തിന് മുതൽക്കൂട്ടായി
ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് എൽഇഡി ബൾബ് നിർമ്മാണത്തിലേയ്ക്ക് ശ്രദ്ധ തിരിയുന്നത്. യൂട്യൂബിൽ നിന്നും നിർമ്മാണ രീതി പഠിച്ചു.
ഇപ്പോൾ വീട്ടിൽ ബൾനിർമ്മാണം നടത്തുന്നുണ്ട്. പ്രധാനമായും വീടുകളിലാണ് വിൽപ്പന. കഴിയുമെങ്കിൽ എന്നെപ്പോലെ ശാരീരിക വിഷമതകൾ നേരിടുന്ന ഒന്നോ രണ്ടോ പേർക്കുടി ഉപകാരപ്പെടുന്നതരത്തിൽ എന്തെങ്കിൽ തൊഴിൽ സംവിധാനം ആരംഭിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ബീനീഷ് വാക്കുകൾ ചുരുക്കി.
കെട്ടിടം നിർമ്മിക്കുമ്പോൾ വൺടൈം ടാക്സ് അടക്കുന്നുണ്ടെന്നും സർക്കാരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ലേബർ കോടതി വിധിക്കെതിരെ അപ്പിൽ നൽകിയിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തിൽ കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.
മറുനാടന് മലയാളി ലേഖകന്.