കണ്ണൂർ: ടിക്കറ്റ് എക്‌സാമിനർ ചമഞ്ഞ് റെയിൽവേയിൽ തൊഴിൽ തട്ടിപ്പ് നടത്തിയ ബിനീഷ ഐസക്ക് ആർഭാട ജീവിതം നയിക്കാനാണ് ഈ പണം ഉപയോഗിച്ചതെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനർ ചമഞ് പണം തട്ടിയതിന് പിടിയിലായ ഇരിട്ടി സ്വദേശിനിക്ക് പിന്നിൽ വൻ തൊഴിൽ തട്ടിപ്പ് റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.

ഇവരോടൊപ്പം മാഡം എന്നു വിളിക്കുന്ന സ്ത്രീയാണ് തട്ടിപ്പിന് ചുക്കാൻ പിടിച്ചിരുന്നുവെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്തുകൊ ടെരി അറിയിച്ചു. അറസ്റ്റിലായ യുവതിയുടെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായിട്ടുണ്ട്. ഇവർ അഞ്ചു പേരിൽ നിന്നും തൊഴിൽ തട്ടിപ് നടത്തിയതായാണ് പരാതിയെന്നും ടി.ടി.ഇ എന്ന് സ്വയം പരിചയപ്പെടുത്തി റെയിൽവേയിൽ ജോലി ചെയ്ത് പലരിൽ നിന്നു പണം തട്ടിയ യുവതിയാണ് ഇന്നലെ പിടിയിലായത്.

ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസക്കിനെ (28) യാണ് കണ്ണൂർ ടൗൺപൊലിസ് അറസ്റ്റുചെയ്തത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ ആർ.പി.എഫിന്റെ പിടിയിലാവുന്നത്. റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം കഴിച്ചെന്ന പരാതിയും ഇവർക്കെതിരേയുണ്ട്. എല്ലാ ദിവസവും രാവിലെ ഭർത്താവ് ബിനിഷയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടുകയായിരുന്നു പതിവ്.

എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി ജോലിക്കുപോയ ബിനിഷയെ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് പൊലിസിൽ പരാതിനൽകിയിരുന്നു. ആർ.പി.എഫ് ടൗൺ പൊലിസിനു കൈമാറിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോലി വാഗ്ദാനം ചെയ്ത് ഇവർ പലരെയും വഞ്ചിച്ചതായി അറിയുന്നത്. അഞ്ചു പരാതികളാണു നിലവിൽ പൊലിസിനു ലഭിച്ചത്. ഇവർക്കെതിരെ കൂടുതൽ പരാതികളുണ്ടെന്നും ഇവയും അമ്പേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

സമൂഹ മാധ്യമം വഴി ബന്ധപ്പെടുത്തിയാണ് റെയിൽവേയിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ഇവർ പണം വാങ്ങിയത്. 50,000 രൂപ വരെ ഒരുലക്ഷം രൂപ വരെ നൽകി വഞ്ചിക്കപ്പെട്ടവരുണ്ടെന്നു പൊലിസ് പറഞ്ഞു. അപേക്ഷാ ഫീസായി 10,000 രൂപ, പരീക്ഷയ്ക്കു 10,000, യൂനിഫോമിനു 5,000, താമസത്തിനും ഭക്ഷണത്തിനുമായി 15,000 എന്നിങ്ങനെ പണം വാങ്ങിയാണു തട്ടിപ്പിനിരയായവരെ വഞ്ചിച്ചത്.

യുവതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പലയിടത്ത് നിന്നു പണം ലഭിച്ചതായും പൊലിസ് കണ്ടെത്തി. മറ്റൊരു യുവതിക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ഇവർക്കായി അന്വേഷണം തുടങ്ങിയതായും ടൗൺപൊലിസ് ഇൻസ്‌പെക്ടർ ശ്രീജിതുകൊടേരി പറഞ്ഞു. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പലരും പരാതി പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായതായി യുവതിയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയതയും പൊലിസ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ബിനിഷ ഐസക്കിനെ ഇന്ന് കണ്ണുർ കോടതിയിൽ ഹാജരാക്കും