റിയാദ്: പ്രതിസന്ധിയിലായ സൗദി ബിൻലാദിൻ ഗ്രൂപ്പ് തൊഴിലാളികൾക്ക് മുടങ്ങിയ ശമ്പളകുടിശിക വിതരണം ചെയ്തു തുടങ്ങി. സ്വദേശികളും വിദേശികളും അടക്ക് 35,000 ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളമാണ് നൽകിയത്. ഇതിനു വേണ്ടി കമ്പനി ചെലവിട്ടത് 100 മില്യൺ റിയാലാണ്. കഴിഞ്ഞ അഞ്ചു മാസമായി തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിരിക്കുകയായിരുന്നു.

നാലായിരം റിയാലിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്കാണ് കുടിശിക വിതരണം ചെയ്തു തുടങ്ങിയത്. ഭൂരിഭാഗം തൊഴിലാളികൾക്കും റംസാൻ മാസത്തിൽ ശമ്പള കുടിശിഖ തീർത്തു നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ബാങ്കുകളിൽ നിന്ന് 2.5 ബില്യൺ റിയാൽ ലോൺ വാങ്ങാനാണ് തീരുമാനം.

ചെലവുചുരുക്കലിന്റെ ഭാഗമായി കമ്പനി ഇതിനോടകം 80,000 തൊഴിലാളികൾക്ക് എക്‌സിറ്റ് വിസ നൽകിക്കഴിഞ്ഞു. അയ്യായിരം റിയാലിൽ കൂടുതലുള്ള സ്വദേശികൾ ആശങ്കയോടെയാണ് കാത്തിരിക്കുന്നത്. പല ലോണുകളും മുടങ്ങിയത് ഇവരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. റമദാനിൽ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ച് തങ്ങൾക്ക് പണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ.

പതിനഞ്ച് ദിവസത്തിലേറെ ജോലിക്ക് ഹാജരാകാതിരുന്ന 117 സൗദിക്കാരെ കമ്പനി ഇതിനകം പിരിച്ച് വിട്ടിട്ടുമുണ്ട്. കമ്പനിയുടെ പല പദ്ധതികളും പാതി വഴിയിൽ മുടങ്ങിയിരിക്കുകയാണ്. ജോലി ഇല്ലെങ്കിലും ജീവനക്കാരെല്ലാം കമ്പനിയിൽ വരണമെന്നും നിർദേശമുണ്ട്.