തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് ഇടപാടിൽ ഒത്തുതീർപ്പിനായി അവസാന വട്ട നീക്കം സജീവം. പണം കൊടുത്ത് ബിനോയിയെ രക്ഷിക്കാൻ പ്രവാസി മുതലാളിയായ രവി പിള്ള സമ്മതം അറിയിച്ചിരുന്നു. എന്നാൽ ഇത് വേണമോ എന്ന ചോദ്യം സിപിഎം നേതാക്കളിൽ ചിലർക്കുണ്ട്. രവി പിള്ളയുടെ വലിയ സഹായം വാങ്ങുന്നത് ഭാവിയിൽ പാർട്ടിക്ക് തലവേദനയാകും. ഈ സാഹചര്യത്തിൽ പലരിൽ നിന്നും പണം കടം വാങ്ങി നൽകാനാണ് നീക്കം. തിങ്കളാഴ്ചയ്ക്ക് മുമ്പ് എല്ലാം പരിഹരിക്കാനാണ് നീക്കം. ഇതിനുള്ള പലവിധ ഫോർമുലകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബിനോയ് കോടിയേരി 13 കോടി രൂപയും എൽഡിഎഫ് എംഎൽഎ എൻ.വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത്11 കോടി രൂപയും നൽകാനുണ്ടെന്നാണു യുഎഇ കമ്പനി അധികൃതർ പറയുന്നത്. മുഴുവൻ കാശും പലിശ സഹിതം കൊടുത്ത് തീർക്കും. പ്രശ്‌നം പറഞ്ഞു തീർക്കാൻ ഉന്നത സിപിഎം നേതാക്കളും ചില വ്യവസായികളും രംഗത്തുണ്ട്. അഞ്ചിനകം ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ തലസ്ഥാനത്തു വാർത്താസമ്മേളനം വിളിച്ചു രേഖകൾ പുറത്തു വിടുമെന്നു യുഎഇ കമ്പനിയുടെ അഭിഭാഷകൻ വ്യക്തമാക്കിയതോടെ തിരക്കിട്ട നീക്കങ്ങളാണ് അണിയറയിൽ. കൊട്ടാരക്കരക്കാരൻ രാഹുൽ കൃഷ്ണയുടെ സുഹൃത്തായ എംഎൽഎയും സജീവമായി പ്രശ്‌നത്തിൽ ഇടപെടുന്നുണ്ട്. സിപിഎം നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് ഇത്. ചവറ എംഎൽഎയായ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരായ ആക്ഷേപത്തിനും പരിഹാരമുണ്ടാക്കും. ഇതിന് സജീവമായ ഇടപെടൽ വിജയൻ പിള്ളയും നടത്തുന്നുണ്ട്.

രണ്ടു വ്യക്തികൾ തമ്മിലെ പണമിടപാടായി മാത്രം കാണ്ടേണ്ട വിഷയമല്ല ഇതെന്നാണു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ വാദം. മാത്രമല്ല, ദുബായിലെ വിഷയം അവിടെ പോയി തീർക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോടും ഇവർ യോജിക്കുന്നില്ല. പാർട്ടി സെക്രട്ടറിയുടെ മകനെതിരായ ഏതു നീക്കവും രാഷ്ട്രീയ എതിരാളികൾ സിപിഎമ്മിനെതിരെ ആയുധമാക്കുമെന്ന സൂചന പൊളിറ്റ് ബ്യൂറോയിലെ ഉന്നതരുമായി സംസ്ഥാനത്തെ ചില നേതാക്കൾ പങ്കിട്ടിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം അടുത്തിരിക്കെ അവിടെ ഈ വിഷയം ആരെങ്കിലും പരാമർശിക്കുന്നതു പോലും പാർട്ടിയെ ക്ഷീണിപ്പിക്കുമെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് നീക്കം. ബിനോയ്‌ക്കെതിരെ ദുബായിൽ നിയമ നടപടി നീക്കം ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. പണം മടക്കി നൽകിയാൽ കേസ് ഒഴിവാക്കാമെന്നു കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തുക നൽകിയാൽ അതു മറ്റൊരു പുലിവാലാകുമെന്ന സംശയവും ബിനോയിയുടെ അടുപ്പക്കാർ പങ്കിടുന്നു. ഒന്നുകിൽ അതിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടി വരും. അല്ലെങ്കിൽ ഈ പണം നൽകുന്നവരുമായുള്ള ബന്ധം വെളിപ്പെടുത്തണം. ഈ പ്രതിസന്ധി ഒഴിവാക്കാൻ പാർട്ടി സമ്മേളനം കഴിയും വരെ സാവകാശം ആവശ്യപ്പെടാനും ആലോചനയുണ്ട്. ബിനോയിക്കും ശ്രീജിത്തിനും പണം നൽകിയവർക്കു കേസും വഴക്കുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല. എങ്ങനെയും കൊടുത്ത പണം തിരിച്ചു കിട്ടിയാൽ മതിയെന്ന നിലപാടിലാണിവർ. മധ്യസ്ഥ ചർച്ച നടത്തുന്ന ഡൽഹിയിലെ അഭിഭാഷകനും മറ്റു രണ്ടു പ്രമുഖകരും ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിലെ ഒരുന്നതനും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.

ബിനോയിക്കെതിരേ നിയമനടപടിയെക്കാൾ പണം തിരിച്ചുകിട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്ന് യു.എ.ഇ. കമ്പനിയുടമ ഹസൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ അഭിഭാഷകൻ രാംകിഷോർസിങ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനുള്ളിൽ പണം ലഭ്യമാക്കുമെന്നാണ് മധ്യസ്ഥർ നൽകിയിട്ടുള്ള വിവരം. ഇല്ലെങ്കിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിലാണ് മർസൂഖിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. പണം തിരിച്ചുനൽകിയാൽ കേസ് പിൻവലിക്കാമെന്ന് അവിടെ വ്യവസ്ഥയുണ്ട്. നിയമനടപടികൾക്കൊന്നും മർസൂഖിക്ക് താത്പര്യമില്ല. അദ്ദേഹത്തിന് പണം തിരിച്ചുകിട്ടണമെന്നേയുള്ളൂ. അവസാനത്തെ ആശ്രയമെന്ന നിലയിലേ നിയമനടപടികളിലേക്ക് പോകൂവെന്നും അഭിഭാഷകൻ അറിയിച്ചു.

പണം തിരിച്ചുകിട്ടിയാൽ കേസില്ലെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് കേസ് നൽകിയതെന്ന് പ്രസ്താവനയിറക്കാൻ മർസൂഖി തയ്യാറാണെന്നും അഭിഭാഷകൻ പറഞ്ഞു. നിശ്ചയിച്ചതനുസരിച്ച് പണം കിട്ടിയില്ലെങ്കിൽ തിരുവനന്തപുരം പ്രസ്‌ക്ളബ്ബിൽ വാർത്താസമ്മേളനം നടത്തി ബിനോയിക്കും ശ്രീജിത്തിനുമെതിരായ കേസിന്റെ മുഴുവൻ രേഖകളും പരസ്യപ്പെടുത്തുമെന്നാണ് വെല്ലുവിളി. ബിനോയിക്കെതിരേ ദുബായിൽ കേസ് രജിസ്റ്റർ ചെയ്തത് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിലാണ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വേറെയാണ്. അവരിൽനിന്നാണ് ബിനോയിക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളത്. കേസിൽ കോടതി ബിനോയിക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു.

പണം തിരിച്ചുകിട്ടാൻ ഇടപെടാനായി സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെക്കണ്ട് അഭ്യർത്ഥിച്ചിരുന്നതായും അഭിഭാഷകൻ വെളിപ്പെടുത്തി. കേരളസർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന ചില അഭിഭാഷകരും ഒത്തുതീർപ്പിനായി സമീപിച്ചിരുന്നെന്നും ഉത്തർപ്രദേശ് അഡീഷണൽ അഡ്വക്കറ്റ് ജനറൽകൂടിയായ യാദവ് പറഞ്ഞു. ബിജെപി ബന്ധമുള്ള അഭിഭാഷകനാണ് ഇദ്ദേഹം. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വിവാദം ഭയന്ന് പ്രശ്‌നത്തിൽ അടിയന്തര ഇപടെലുകൾക്ക് സിപിഎം നേതൃത്വം നീക്കം നടത്തിയത്.