കണ്ണൂർ: സിപിഐഎം വിട്ട് സിപിഐയിലേക്ക് വന്നവർ കൊള്ളരുതാത്തവരെന്ന എംവി ജയരാജന്റെ വാദത്തിന് മറുപടിയുമായി ബിനോയ് വിശ്വം എംപി. സിപിഐയിലേക്ക് വന്നവർ കൊള്ളരുതാത്തവരെന്ന വാദം ഒഴിവാക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അത് സിപിഐഎമ്മിന് തന്നെ അത് തിരിച്ചടിയാവും. അവർ ഏത് പാർട്ടിയിലിരിക്കുമ്പോഴാണ് കൊള്ളരുതാത്തവരായി മാറിയെന്നതു കൂടി പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ക്രിമിനലുകൾക്ക് കയറികിടക്കാനുള്ള കൂടാരമാണ് സിപിഐ എന്ന എംവി ജയരാജന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ബിനോയ് വിശ്വം എംപി.അതേസമയം, സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പാർട്ടിയുടെയും നേതാക്കളുടെയും പേര് ഈ സംഘങ്ങൾ ദുരുപയോഗം ചെയ്യുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇത് തടയാൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്നാണ് ഉയർന്ന വിമർശനം.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയിലാണ് വിമർശനമുയർന്നത്.സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ സ്തുതി പാഠകരായി പ്രത്യക്ഷപ്പെട്ട പിന്നീട് സ്വർണക്കടത്തിലേക്കും ക്വട്ടേഷൻ പ്രവർത്തനത്തിലേക്കും തിരിയുകയുണ്ടായി എന്നാൽ ഇത് തിരിച്ചറിയാനും ഇവരെ പരസ്യമായി തള്ളിപ്പറയാനും നേതാക്കൾക്ക് കഴിയാതിരുന്നത് വീഴ്ചയാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പൊതുചർച്ചയ്ക്ക് ശേഷമുള്ള മറുപടിയിൽ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഓരോന്നായി വിശദീകരിച്ചു. 12 വനിതകൾ ഉൾപ്പെടെ 49 പേരാണ് പൊതുചർച്ചയിൽ പങ്കെടുത്തത്. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.