കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പിടിയിലായ കൊലക്കേസ് പ്രതി ബിനുമോനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്താണ് ജയിൽ മാറ്റം. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ജയിൽ ചാടിയ ജോമോനെ രാത്രി പത്തു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മീനടത്തെ സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ് ബിനുമോൻ പിടിയിലായത്.

ജയിൽ ചാട്ടത്തിന് പ്രത്യേക കേസും ബിനുമോനെതിരെ ചുമത്തിയിട്ടുണ്ട്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് വിയ്യൂർ ജയിലേക്ക് ബിനുമോനെ മാറ്റാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. ജയിൽ ചാടാൻ ശ്രമിക്കുന്ന പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് ചട്ടം. പിടിയിലായതിനു ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് ജയിൽ ചാടാനുണ്ടായ കാരണം ബിനുമോൻ പറഞ്ഞത്.

പത്താം ക്ലാസിൽ പഠിക്കുന്ന മകന്റെയും ഏഴാം ക്ലാസിൽ പഠിക്കുന്ന മകളുടെയും പിതാവാണ് ബിനു മോൻ. വെള്ളിയാഴ്ച ജയിലിലെ ഫോണിൽ മക്കളെ വിളിക്കാൻ ശ്രമിച്ചിരുന്നു ബിനുമോൻ. എന്നാൽ ഫോണിൽ കിട്ടിയില്ല. ഈ സങ്കടം കൊണ്ടാണ് താൻ ജയിൽ ചാടാൻ തീരുമാനിച്ചതെന്ന് ബിനുമോൻ പറഞ്ഞു. ജയിൽ ചാടി വീടിനടുത്ത് വരെ എത്തിയെങ്കിലും മക്കളെ കാണാൻ ബിനുമോന് കഴിഞ്ഞതുമില്ല. അതിനു മുമ്പു തന്നെ വീടിനു സമീപം പതിയിരുന്ന പൊലീസ് സംഘം ബിനുമോനെ അറസ്റ്റ് ചെയ്തു.

ഓട്ടോഡ്രൈവറായ ബിനുമോൻ ജയിലിൽ ശാന്തശീലനായിരുന്നു എന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഷാൻ വധക്കേസിൽ താൻ പെട്ടുപോയതാണെന്നും ഷാനെ ആക്രമിച്ചവരുടെ കൂട്ടത്തിൽ താനില്ലായിരുന്നു എന്നുമാണ് എപ്പോഴും ബിനുമോൻ സഹതടവുകാരോടും പറഞ്ഞിരുന്നത്. കേസ് നടത്തിപ്പിനായി അഞ്ചു ലക്ഷം രൂപയോളം കടം വാങ്ങേണ്ടി വന്നതോടെ ബിനുമോന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു.ഇതോടെ ഭാര്യ ജോലി തേടി വിദേശത്തേക്കു പോയി.

കുടുംബത്തെ സഹായിക്കാനായി ജയിലിൽ എന്തെങ്കിലും ജോലി ചെയ്ത് പണമുണ്ടാക്കാൻ അനുമതി വേണമെന്നും ബിനുമോൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ജയിൽചാടിയ ശേഷം വീണ്ടും അറസ്റ്റിലായി കോട്ടയം ജില്ലാ ജയിലിൽ എത്തിയ ശേഷം ജയിൽ ഉദ്യോഗസ്ഥരോട് ആവർത്തിച്ച് ക്ഷമ ചോദിക്കുന്നുമുണ്ടായിരുന്നു ബിനുമോൻ.