ന്യൂഡൽഹി: പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ നിലവിൽ വരുന്നു. ജനുവരി ഒന്നുമുതൽ സർവീസുകൾ ആരംഭിക്കാമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് അറിയിപ്പ് നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് നിർദ്ദേശം നൽകി.ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിൽ നിലവിൽ ചാർട്ടേഡ് വിമാന സർവീസുകളാണ് നിലവിലുള്ളത്. കോവിഡ് പ്രതിസന്ധി കാരണം സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നത് ഇന്ത്യ നീട്ടിവെച്ചിരുന്നു.

ഈ സാഹചര്യത്തിൽ സൗദി അറേബ്യയുമായി എയർ ബബ്ൾ കരാർ ഉണ്ടാക്കണമെന്ന പ്രവാസികളുടെ ആവശ്യമാണ് പൂവണിയുന്നത്. പുതിയ എയർ ബബ്ൾ ധാരണയനുസരിച്ച് വിമാനക്കമ്പനികൾക്ക് കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് ഇരു രാജ്യങ്ങൾക്കുമിടയിൽ ഇനി സർവീസ് നടത്താനാവും.

എയർ ബബ്ൾ കരാർ സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഡിസംബർ എട്ടിന് ചർച്ച നടത്തിയിരുന്നു. ഇതനുസരിച്ച് പരിഷ്‌കരിച്ച എയർ ബബ്ൾ നിബന്ധനകൾ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ ജനറൽ അതോരിറ്റിക്ക് സമർപ്പിച്ചു. നിബന്ധനകൾ സൗദി അറേബ്യയും അംഗീകരിച്ചതോടെയാണ് ജനുവരി ഒന്ന് മുതൽ എയർ ബബ്ൾ കരാറിനുള്ള വഴി തെളിഞ്ഞത്.