- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൈവവളങ്ങളെയും വിശ്വസിക്കാനാകില്ല; ക്യാൻസർ സാധ്യതയുള്ള രാസവസ്തുക്കളടങ്ങിയ ജൈവവളങ്ങൾ കേരളത്തിലേക്ക്; തുകൽ ഫാക്ടറിയിൽ നിന്നുള്ള മാലിന്യം കൂട്ടിക്കലർത്തുന്നു; ഗുണനിലവാര പരിശോധനയ്ക്കു മാർഗമില്ല
ആലപ്പുഴ: ജൈവവളത്തെ വാനോളം പുകഴ്‌ത്തുകയാണ് സർക്കാരും നമ്മളുമൊക്കെ. ആർക്ക് എപ്പോൾ വേണമെങ്കിലും ജൈവവളക്കച്ചവടം കേരളത്തിൽ തുടങ്ങാം. കാരണം ഈ കച്ചവടം നടത്താൻ സംസ്ഥാനത്ത് ലൈസൻസ് ആവശ്യമില്ല. എന്തിനേറെ, ജൈവവള കൃഷിക്കു വേണ്ടതിലേറെ പ്രോത്സാഹനം കൊടുക്കുന്ന സർക്കാരിന് ശരിയായ ജൈവനയം പോലുമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. നേരത്തെ വീടുകളിൽ ഉൽ
ആലപ്പുഴ: ജൈവവളത്തെ വാനോളം പുകഴ്‌ത്തുകയാണ് സർക്കാരും നമ്മളുമൊക്കെ. ആർക്ക് എപ്പോൾ വേണമെങ്കിലും ജൈവവളക്കച്ചവടം കേരളത്തിൽ തുടങ്ങാം. കാരണം ഈ കച്ചവടം നടത്താൻ സംസ്ഥാനത്ത് ലൈസൻസ് ആവശ്യമില്ല. എന്തിനേറെ, ജൈവവള കൃഷിക്കു വേണ്ടതിലേറെ പ്രോത്സാഹനം കൊടുക്കുന്ന സർക്കാരിന് ശരിയായ ജൈവനയം പോലുമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
നേരത്തെ വീടുകളിൽ ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ജൈവവളത്തിന്റെ ആവശ്യം വർദ്ധിച്ചതോടെയാണ് ഈ മേഖല അന്യസംസ്ഥാനലോബികൾ കൈയടക്കിയത്. സംസ്ഥാനത്തേക്ക് കൃഷി ആവശ്യങ്ങൾക്കായി എത്തുന്ന പല ജൈവവളങ്ങളിലും മാരകവിഷാംശമുള്ള ടാനറി ഇൻഫ്‌ളുവന്റിന്റെ അമിത സാന്നിദ്ധ്യമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഒരു സോഷ്യൽ മീഡിയ ലിങ്കിൽനിന്നും അറിയാൻ കഴിഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
കേരളത്തിലെ പല വളനിർമ്മാണ ഫാക്ടറികളുടെയും സംഭരണശാലകളിൽ മാരകവിഷാംശമുള്ള ജൈവവളങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. തമിഴ്‌നാട്ടിലെ തുകൽ നിർമ്മാണ ഫാക്ടറികളിൽനിന്നു പുറംതള്ളുന്ന മാലിന്യം സംഭരിച്ചു ജൈവവളങ്ങളിൽ ചേർക്കുന്നതായാണു വിവരം. ഈ മാലിന്യം ചേർന്ന വളത്തിലാണ് കാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന ടാനറി ഇൻഫ്‌ളുവന്റിന്റെ അംശം കണ്ടെത്തിയിട്ടുള്ളത്.
ആലപ്പുഴ, കൊച്ചി, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ സംഭരിച്ചിരിക്കുന്ന ജൈവവളത്തിലാണു മാരകവിഷത്തിന്റെ അമിതസാന്നിധ്യമുള്ളതായി അറിയുന്നത്. പ്രധാനമായും തുകൽ ഫാക്ടറികളിൽനിന്നും പുറംതള്ളുന്ന മാലിന്യം കലർത്തി ഉൽപാദിപ്പിക്കപ്പെടുന്ന തമിഴ്‌നാട് കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന കമ്പനികളാണ് കേരളത്തിലേക്ക് ജൈവവളങ്ങൾ എത്തിക്കുന്നത്. രാത്രികാലങ്ങളിൽ ലോറികളിൽ എത്തുന്ന വളം അതിർത്തിയിലെ ചെക്കുപോസ്റ്റുകളിൽ പരിശോധിക്കപ്പെടുന്നില്ല. ഉദ്യോഗസ്ഥർക്ക് ഇവയെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്തത് വിഷം കലർന്ന വളം സംസ്ഥാനത്തെത്തുന്നതിന് കാരണമാകുന്നുണ്ട്.
പാക്കറ്റുകളിലാക്കി കേരളത്തിലെത്തുന്ന ഈ ജൈവവളങ്ങൾ പരിശോധിക്കാൻ സർക്കാരിനും മാർഗങ്ങളില്ല. ഇതോടെ കേരളം കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ജൈവവളങ്ങളുടെ കമ്പോളമായി മാറുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കോ വിദഗ്ദ്ധർക്കോ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നുള്ളതാണ് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. വിഷവിമുക്തവളം എന്നപേരിൽ ഇറക്കുമതി ചെയ്യപ്പെടുന്ന ഇവ മാരകവിഷം പരത്തിയിട്ടും നടപടിയെടുക്കാൻ കഴിയാതെ സർക്കാർ നട്ടംതിരിയുകയാണ്.
രാസവളങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം രോഗം വിതയ്ക്കുന്നതിനൊപ്പം കാർഷിക മേഖലയെ തകർക്കുന്നുവെന്ന പ്രചരണം ശക്തമായതിനെ തുടർന്നാണ് ജൈവവളങ്ങളിലേക്ക് കർഷകർ തിരിഞ്ഞത് . സർക്കാരും കൃഷി വകുപ്പും ജൈവവളങ്ങൾക്ക് വൻപ്രചരണം നൽകുകയും ചെയ്തു. ജൈവവളമെന്ന ലേബലിൽ പ്രചരണം നടത്തുന്ന വളം വിതരണം ചെയ്യുന്നതുകൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ലിമിറ്റഡ് കമ്പനിയാണ്. കമ്പനി വിതരണം ചെയ്ത ജൈവ പോട്ടിങ് മിക്‌സ്ച്ചർ ഉപയോഗിച്ച് ലക്ഷങ്ങളുടെ കൃഷി നശിച്ചവരാണ് കൃത്രിമം കണ്ടെത്താൻ ഇറങ്ങിത്തിരിച്ചത്. കൊച്ചിയിൽ വന്മുടക്കിൽ പഴകൃഷി നടത്തിവരുന്ന ഒരു സയന്റിസ്റ്റ് ഈ വളമുപയോഗിച്ചു അഞ്ചു മണിക്കൂറുകൾക്ക് ശേഷം ചെടികൾ കരിഞ്ഞുവത്രേ. സമാനാനുഭവമുള്ള പലരും ഈ വളങ്ങളുടെ ഗുണനിലവാരം പരിശോധനയ്ക്കയച്ചു. ഇവർക്ക് ലഭിച്ച ലാബ് റിപ്പോർട്ടിൽ ഓടകളിൽ കാണപ്പെടുന്ന സൾഫർ ഉത്പാദിപ്പിക്കുന്ന അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
കൃഷി നഷ്ടപ്പെട്ടവർ ഇപ്പോൾ കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ ബയോറ്റാൽ കമ്പോസ്റ്റ് മേക്കർ, ക്രിക്കറ്റ് മാനുവ്വർ, കമ്പോസ്റ്റ് ആക്ടിവേറ്റർ എന്നിങ്ങനെയുള്ള ജൈവവളങ്ങൾ സുലഭമാണ്. നേരത്തെ മണ്ണിര കമ്പോസ്റ്റും പച്ചിലവളങ്ങളും ഉപയോഗിച്ചിരുന്ന കർഷകർ ആവശ്യം വർദ്ധിച്ചതോടെയാണ് കമ്പനി വളങ്ങളെ ആശ്രയിക്കാൻ തുടങ്ങിയത്.