ഫ്രാങ്ക്ഫർട്ട്: നിരവധി ആന്റി ബയോട്ടിക്കുകൾ ഇന്ന് വിപണിയിലുണ്ടെങ്കിലും ആന്റിബോയിട്ടിക്കുകളെ പോലും പ്രതിരോധിക്കുന്ന രോഗങ്ങൾ അനുദിനം പെരുകി വരുകയാണ്. രോഗാണുക്കൾ ഇത്തരത്തിൽ പെരുകുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ശാസ്ത്ര ലോകം തരിച്ച് നിൽക്കുകയാണ്. അവിടെയാണ് മലയാളിയായ ബെനേഷ് ജോസഫിന്റെ പ്രസക്തി. ബാക്ടീരിയകളുടെ സ്വയം പ്രതിരോധ സംവിധാനത്തെ കണ്ടെത്തി ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തുന്നതിനുള്ള പരീക്ഷണത്തിലാണ് ജർമനിയിലെ ഗീഥേ യൂണിവേഴ്‌സിറ്റിയിലെ ഈ മലയാളി ഗവേഷകൻ.

ബെനേഷിന്റെ കണ്ടുപിടിത്തങ്ങൾക്ക് 2017ലെ അഡോൾഫ് മെസർ ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചിരിക്കുകയാണ് ജർമനി. ബെനേഷിന്റെ കണ്ടുപിടുത്തതെ കയ്യടികളോടെയാണ് ഇന്നലെ നടന്ന അവാർഡ് ദാന ചടങ്ങിൽ വരവേറ്റത്. 2013 മുതൽ ഗീഥേ യൂണിവേഴ്‌സിറ്റിയിൽ ബയോഫിസിസ്റ്റ് ആയി ജോലി നോക്കി വരികയാണ് ബിനേഷ്. രോഗകാരികളായ ബാക്ടീരിയയെ കുറിച്ച് ബിനേഷ് നടത്തിയ ഗവേഷണങ്ങളാണ് അഡോൾഡ് മെസർ ഫൗണ്ടേഷൻ എന്ന അന്താരാഷ്ട്ര പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. 25,000 യൂറോയാണ് അവാർഡ് തുക.

അഡോൾഫ് മെസർ ഫൗണ്ടേഷൻ 1994 മുതൽ യുവ ശാസ്ത്രജ്ഞന്മാർക്കായി ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. ഗീഥേ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പ്രൊഫസർ ബ്രിഗെറ്റ വോൾഫും അഡോൾപ് മെസർ ഫൗണ്ടേഷൻ ചെയർമാൻ സ്റ്റേഫാൻ മെസർ എന്നിവർ ചേർന്നാണ് ബെനേഷിന് ഈ അവാർഡ് സമ്മാനിച്ചത്. അവാർഡ് ദാന വേളയിൽ ബിനേഷിന്റെ കണ്ടു പിടുത്തങ്ങൾ ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കൾക്കും മൾട്ടി ഡ്രഗ് തെറാപ്പിക്കും ബദലായ സംവിധാനം വികസിപ്പിക്കുന്നതിന് സഹായകമാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം അവാർഡ് ബിനേഷിന്റെ ഭാവി ഗവേഷണങ്ങൾക്ക് ഉതകുമെന്നും പ്രൊഫ ബ്രിഗറ്ര വോൾഫ് പറഞ്ഞു.

ബാക്ടീരിയകൾക്ക് ഒരു സ്വയം പ്രതിരോധ സംവിധാനമുണ്ട്. ഇത് എന്തെന്ന് വെളിയിൽക്കൊണ്ടുവരാനാണ് ബെനേഷ് ജോസഫിന്റെ ശ്രമം. ഇത് കണ്ടു പിടിക്കാനായി ബെനേഷ് ആവിഷ്‌ക്കരിച്ചിരിക്കുന്ന രീതിയാണ് ശാസ്ത്രലോകത്തെ പുത്തൻ കാൽവെയ്‌പ്പായി മാറിയിരിക്കുന്നത്. ബെനേഷിന്റെ ഈ ഗവേഷണം പൂർത്തിയാകുന്നതോടെ ആന്റി ബയോട്ടിക്കുകളുടെ ഉത്പാദന രംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

കോഴിക്കോട് ജില്ലയിലെ മരുതോങ്കര സ്വദേശിയാണ് ബിനേഷ്. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഇയാൾ ജപ്പാനിലെ ഒസാക്കാ യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഎസ്സും ഡോക്ടറേറ്റും നേടി. തിരിച്ച് നാട്ടിൽ എത്തിയ ബിനേഷ് കാലിക്കട്ട് സർവ്വകലാശാലയിൽ ജോലി നോക്കുകയും പിന്നീട് കൂടുതൽ ഗവേഷണങ്ങൾക്കായി വിദേശത്തേക്ക് തിരിച്ച് പോകുകയുമായിരുന്നു.