ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് പാക് സൈന്യം പിന്തുണ നൽകുന്നുണ്ടെന്നും ഇത്തരം നടപടികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും റാവത് പറഞ്ഞു. ഇനിയും ഇത്തരം നടപടികളുമായി പാക്കിസ്ഥാൻ മുന്നോട്ട് പോവുകയാണെങ്കിൽ പാഠം പഠിപ്പിക്കാനറിയാമെന്നും റാവത് മുന്നറിയിപ്പ് നൽകി.

രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നവരെ സൈന്യം വേണ്ട രീതിയിൽ നേരിടുമെന്നും ഇത്തരക്കാർ മാപ്പർഹിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ഭീകരപ്രവർത്തങ്ങൾക്ക് സഹായമേകുന്ന നടപടി പാക്കിസ്ഥാൻ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഓർമിപ്പിച്ചു. പൂഞ്ചിൽ പാക് സൈനികരെയും ഉറിയിൽ ഭീകരരെയും തുരത്തിയ സൈനിക നടപടിക്കു പിന്നാലെയാണ് സൈനിക മേധാവി ഉറച്ചനിലപാട് ആവർത്തിച്ചത്.