ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് കശ്മീരിലെ യുവാക്കളെ തീവ്രവാദികൾ സ്വാധീനിക്കുന്നതെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.

വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. ഇതിൽ വീണുപോകുന്ന കശ്മീരി യുവാക്കളാണ് ഇന്ത്യൻ സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നതെന്നും ബിപിൻ റാവത്ത് പറഞ്ഞു. ഡെറാഡൂണിൽ ഇന്ത്യൻ മിലിട്ടറി അക്കാദമി പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.

തീവ്രവാദികളെ നേരിടാൻ അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ നമുക്കു ലഭ്യമാകുകയും അത് വേണ്ട രീതിയിൽ ഉപയോഗിക്കുകയും ചെയ്താൽ കശ്മീരിലെ യുവാക്കളെ സ്വാധീനിക്കാൻ തീവ്രവാദികൾക്ക് കഴിയില്ല.ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ സൈന്യത്തിൽ ഉൾപ്പെടുത്തുന്ന കാര്യവും അദ്ദേഹം ആവർത്തിച്ചു. മിലിട്ടറി പൊലീസ് എന്ന നിലയിലാണ് സ്ത്രീകളെ ഉൾപ്പെടുത്തുകയെന്നും റാവത്ത് വ്യക്തമാക്കി.