ന്യൂഡൽഹി: കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരുടെ ജീവനെടുത്ത അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററിൽ നിന്നുവന്ന അവസാന സന്ദേശം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. അതിനിടെ അട്ടിമറിയാണോ അപകടത്തിന് കാരണമെന്ന് കണ്ടെത്താൻ സൈന്യത്തിനൊപ്പം തമിഴ്‌നാട് പൊലീസും അന്വേഷണം തുടങ്ങി. ഡ്രോണുകളുടെ സഹായത്തോടെ മേഖലയാകെ അന്വേഷകർ അരിച്ചു പെറുക്കി. സംശയമുള്ളതൊന്നും കണ്ടെത്തിയിട്ടില്ല. അപകടത്തിൽ ബിപിൻ റാവത്ത് ഉൾപ്പടെ 13 പേരാണ് മരിച്ചത്. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഏഴ്-എട്ട് മിനിറ്റിനുള്ളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമെന്ന സന്ദേശമാണ് എയർബേസിലേക്ക് അവസാനം ലഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനുശേഷം ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പിന്നീട് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ നടുക്കിയ വ്യോമദുരന്തത്തിന്റെ അന്വേഷണത്തിൽ ബ്ളാക് ബോക്സിലെ വിവരങ്ങൾ നിർണായകമായിരിക്കും. വ്യോമസേനാ ട്രെയിനിങ് കമാൻഡ് മേധാവി എയർമാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അപകടസ്ഥലത്തെ തിരച്ചിൽ ഒരു കിലോമീറ്റർ പരിധിയിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ബ്ളാക് ബോക്സ് (ഫ്ളൈറ്റ് ഡേറ്റ റെക്കോഡർ) ഉൾപ്പടെ രണ്ടു പെട്ടികൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇവ ഡൽഹിയിലോ ബെംഗളൂരുവിലോ എത്തിച്ച് വിശദമായി പരിശോധിക്കും. ഇത് അന്വേഷണത്തിൽ നിർണ്ണായകമാകും. വ്യാഴാഴ്ച കാലത്ത് 11.48ന് സൂലൂരിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ 12.15ന് വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. എന്നാൽ 12.08ന് എയർബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമായത്.

അപകടകാരണം കണ്ടെത്താൻ കാലാവസ്ഥ, മാനുഷിക പിഴവ് ഉൾപ്പടെയുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സൈന്യവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. അട്ടിമറി സാധ്യതയും തള്ളിക്കളയുന്നില്ല. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെവച്ചാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കൂനൂരിനടുത്ത് കാട്ടേരിയിലെ എസ്റ്റേറ്റിൽ തകർന്നുവീണ ഉടൻ ഹെലികോപ്റ്റർ കത്തിയമർന്നു. ഏകദേശം ഒന്നര മണിക്കൂറോളം സമയമെടുത്താണ് പൂർണമായും തീ അണയ്ക്കാൻ കഴിഞ്ഞത്. എ ക്‌ളാസ് റേറ്റിംഗുള്ള പൈലറ്റാണ് കോപ്ടർ പറത്തിയത്. വിദഗ്ദ്ധ സാങ്കേതിക പ്രവർത്തകരാണ് ഒപ്പമുണ്ടായിരുന്നത്.

അതിനാൽ സാങ്കേതിക തകരാർ ഉണ്ടായെന്ന് കരുതാനാകില്ല. താണു പറന്നത് ചിലപ്പോൾ അപകടമുണ്ടാക്കിയതാകാം.പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള ആധുനിക റഡാർ അടക്കമുള്ള എല്ലാ സാങ്കേതിക വിദ്യകളും കോപ്റ്ററിൽ ഉണ്ടായിരുന്നു. രാഷ്ട്രത്തലവന്മാർ പതിവായി ഉപയോഗിക്കുന്ന കോപ്ടർ അപകടത്തിൽപ്പെട്ടത് അതിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യം ഉയർത്തുന്നു. ഇന്ത്യ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മികച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.അയൽ രാജ്യങ്ങളുടെയെല്ലാം കണ്ണിലെ കരടായിരുന്നു അദ്ദേഹം. ഹിറ്റ്‌ലറെ പ്പോലെയുള്ള സൈന്യാധിപൻ എന്നാണ് പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്. അവർക്ക് താക്കീതുകൾ നൽകാൻ അദ്ദേഹം മടിച്ചില്ല.

പാക്കിസ്ഥാനിലെ ഡോൺ പത്രം അദ്ദേഹത്തെ പതിവായി വിമർശിക്കുമായിരുന്നു.ചൈനയോട് സൈനികമായി പിടിച്ചു നിൽക്കാനുള്ള ശേഷിയും ആത്മാഭിമാനവും അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തു. ചൈനാ അതിർത്തിയിലുള്ള അസാം റൈഫിൾസിനെയും അദ്ദേഹം കമാൻഡ് ചെയ്തിട്ടുണ്ട്. ഗൂർഖാ റെജിമെന്റിലെ പരിചയം മൂലം പർവ്വത യുദ്ധമുറകളിലും വിദഗ്ദ്ധനായിരുന്നു. കാശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കി രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലിട്ട് കരസേനയുടെ നിയന്ത്രണത്തിൽ വച്ച് സാധാരണ നില പുനഃസ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അതിനിടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ ജനങ്ങളുടെ മനസ്സിൽ സംശയം ഉയർന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. അടുത്ത കാലത്തായി ചൈനക്കും പാക്കിസ്?താനുമെതിരായ രാജ്യത്തിന്റെ സൈനിക പ്രതികരണം രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാജ്യസഭാംഗമായ റാവത്ത്? പറഞ്ഞു. 'അതിനാൽ, ഇത്തരമൊരു അപകടം നടക്കുമ്പോൾ, അത് ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നു. സായുധ സേനയെ നവീകരിച്ചതായി ഭരണകൂടം അവകാശപ്പെടുന്നു. ഇത് എങ്ങനെ സംഭവിക്കും?'- അദ്ദേഹം ചോദിക്കുന്നു. ഈ അപകടത്തിൽ രാജ്യവും നേതൃത്വവും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. പ്രതിരോധ മന്ത്രിയോ പ്രധാനമന്ത്രിയോ എല്ലാ സംശയങ്ങളും ഇല്ലാതാക്കണമെന്നും സഞ്ജയ് ആവശ്യപ്പെട്ടു.

പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജനറൽ റാവത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ശിവസേന നേതാവ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 11 സായുധ സേനാംഗങ്ങളും ബുധനാഴ്ച തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റർ തകർന്നാണ് മരിച്ചത്.