ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി ഒരു രാഷ്ട്രീയ-സൈനിക സമീപനം സ്വീകരിക്കാൻ കഴിയുമെന്നും ഇതിനായി രാഷ്ട്രീയ ഇച്ഛാശക്തിയും സൈനിക നടപടികളും ഒന്നിച്ചുപോകേണ്ടതുണ്ടെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു.

അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ പാക്കിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.ജമ്മു കാഷ്മീരിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ രാഷ്ട്രീയ-സൈനിക തലങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്നും കരസേനാ മേധാവി ആവശ്യപ്പെട്ടു.

ജനറൽ ദൽബീർ സിങ് സുഹാഗിൽനിന്നു സൈന്യത്തിന്റെ നേതൃത്വം ഞാൻ ഏറ്റെടുത്തശേഷം സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചെറിയ മാറ്റമാണെങ്കിലും അതിനെ മികവായാണ് ഞാൻ വീക്ഷിക്കുന്നത്. സാഹചര്യങ്ങൾ കൈയിലായി എന്നു പറയാനുള്ള തരത്തിൽ ഞാൻ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. കാരണം, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ഇനിയും തുടരുമെന്നും ബിപിൻ റാവത്ത് പറഞ്ഞു.