- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷം ഹെലികോപ്ടർ തകർന്ന് കൊല്ലപ്പെട്ടത് തായ്വാൻ സൈനിക മേധാവി; ഇന്ത്യൻ ചീഫ് ഓഫ് സ്റ്റാഫ് ബിപിൻ റാവത്തിനും സമാന ദുരന്തം; കൊല്ലപ്പെട്ടത് ചൈനയുമായി നിരന്തരം പോർമുഖത്തുള്ള രാജ്യങ്ങളിലെ സൈനിക മേധാവിമാർ എന്നതും യാദൃശ്ചികം; സംശയങ്ങളുടെ തിയറി ഇങ്ങനെയും
ന്യൂഡൽഹി: ഇന്ത്യൻ സംയുക്ത സൈനിക സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ ലോകത്തിന്റെ നാനാകോണിൽ നിന്നും ആദരാജ്ഞലികൾ പ്രവഹിക്കുന്നുണ്ട്. ലോകരാജ്യങ്ങൾ സംഭവത്തിൽ ഞെട്ടൽ രേഖപ്പടുത്തിയിട്ടുണ്ട്. കോടമഞ്ഞു കാരണമാണ് ഹെലികോപ്ടർ അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാൻ വിശദമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അപകടം സംബന്ധിച്ച് സേനകളുടെ സംയുക്ത സംഘമാണ് അന്വേഷിക്കുന്നത്. എയർ മാർഷൽ മാനവേന്ദ്ര സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
അപകടം എങ്ങനെ സംഭവിച്ചു എന്നതിലെ അന്വേഷണം തുടങ്ങുമ്പോഴും സൈബർ ലോകത്ത് ഒരു അപ്രതീക്ഷിത യാദൃശ്ചികത ചർച്ചയാകുകയാണ്. ഇത് അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന തിയറിയിലേക്ക് അടക്കം ചർച്ചകൾ നയിക്കുകയും ചെയ്യുന്നു. ചൈനയുമായി പോർമുഖത്തുള്ള രാജ്യങ്ങളിലെ സൈനിക മേധാവിമാരാണ് സമാനമായ ഹെലികോപ്ടർ അപകടങ്ങളിൽ കൊല്ലപ്പെട്ടത് എന്നാണ് സൈബർ ലോകം ചർച്ച ചെയ്യുന്ന ആ യാദൃശ്ചികത. തായ്വാൻ സൈനിക മേധാവി കഴിഞ്ഞ വർഷം ആദ്യം മരിച്ചത് ഹെലികോപ്ടർ അപകടത്തിലായിരുന്നു. ഇപ്പോൾ സമാനമായ അപകടത്തിൽ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കൊല്ലപ്പെട്ടു.
ഇരുവർക്കും ഒപ്പം അപകടത്തിൽ മറ്റു സൈനിക ഉദ്യോഗസ്ഥരും മരിച്ചു എന്നതും യാദൃശ്ചികത വർധിപ്പിക്കുന്നു. തായ്വാൻ ദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള പർവത പ്രദേശത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നു വീണാണ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഷെൻ യി മിങും ഏഴ് സൈനികരും അപകടത്തിൽ മരിച്ചത്. കോപ്റ്റർ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് തായ്വാൻ വ്യോമസേന അന്ന് വിശദീകരിച്ചത്. തായ്വാനിൽ പ്രസിഡന്റ്, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് അന്ന് സൈനിക മേധാവി ഹെലികോപ്ടർ അപടത്തിൽ മരിച്ചത്. അപകടത്തിൽ അഞ്ച് പേർ രക്ഷപെട്ടു. പറന്നുയർന്ന ഹെലികോപ്ടർ, 13 മിനുട്ടിനകം റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
ചൈനയുമായി യുദ്ധമുഖത്തിലാണ് തായ്വാൻ. ഈ അവസരത്തിലായിരുന്നു സൈനിക മേധാവി ഹൈലികോപ്ടറിൽ അപകടത്തിൽ പെട്ടത്. ഇന്ത്യയുടെ കാര്യം പരിശോധിച്ചാൽ ലഡാക്കിലും അരുണാചൽപ്രദേശിലും അടക്കെ ചൈനീസ് കടന്നുകയറ്റം വ്യക്തമാണ്. ഇതിനിടെയാണ് ബിപിൻ റാവത്തിന്റെ ഹെലികോപ്ടർ അപകട മരണവും. ഇക്കാരങ്ങൾ കൊണ്ടു തന്നെ സംശയങ്ങളുടെ തിയറിയിൽ ചൈനീസ് ഇടപെടലിലേക്കുമാണ് സോഷ്യൽ മീഡിയ കടക്കുന്നത്.
പാക് പട്ടാളഭരണമേധാവിയും ഭരണാധികാരിയുമായിരുന്ന സിയാ ഉൾ ഹക്കിന്റെ അന്ത്യത്തിനിടയാക്കിയ വിമാനഅപകടത്തെ ഓർമ്മിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. കാർമേഘവും മൂടൽമഞ്ഞുമാണ് ഈ സംശയങ്ങളിൽ ഉയർന്നിരുന്നത്. റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ വിവിഐപികൾ ഉപയോഗിക്കുന്നതാണ്. അന്തരീക്ഷം എത്ര കലുഷിതമാണെങ്കിലും ഒരു കുലുക്കവുമില്ലാതെ പറക്കാനുള്ള ശേഷിയും അപകടസാദ്ധ്യതകൾക്കെതിരായ കവചസംവിധാനവുമുള്ള അത്യാധുനിക ട്രാൻസ്പോർട്ട് ഹെലികോപ്റ്ററായ എം.ഐ 17 വി5 എങ്ങനെ ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിയെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.
അതിപ്രമുഖർക്ക് സഞ്ചരിക്കാൻ സജ്ജമാക്കുന്ന വാഹനങ്ങളിൽ കേടുപാടുകളുടെ തരി പോലുമില്ലെന്ന് വിദഗ്ദ്ധർ ഉറപ്പാക്കും. റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ പുറപ്പെട്ട സുലൂർ വ്യോമത്താവളത്തിൽ ഈ രംഗത്തെ വിദഗ്ദ്ധരുടെ പട തന്നെയുണ്ട്. അവർ അശ്രദ്ധ കാട്ടിയോ അതോ പൈലറ്റിന് സംഭവിച്ച പിഴവാണോ? ഇങ്ങനെയുള്ള ചോദ്യങ്ങളും നിരവധിയായി ഉയരുന്നുണ്ട്. യാത്രാലക്ഷ്യമായ വെല്ലിങ്ടൺ പ്രതിരോധ സർവീസസ് കോളേജിലേക്ക് സുലൂരിൽ നിന്ന് അധികദൂരമില്ല. 580 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനും 13 ടൺ ഭാരം വരെ വഹിക്കാനും കെല്പുള്ള കോപ്റ്ററാണ്. 6,000 മീറ്റർ വരെ ഉയരത്തിൽ പറക്കാനാവും. രണ്ട് എൻജിനാണ്. ഇവയൊന്നും പ്രയോജനപ്പെട്ടില്ലേ? ദുരന്തത്തിലേക്ക് പതിക്കും മുമ്പ് പൈലറ്റ് എന്തെങ്കിലും അപായസൂചന നൽകിയോ? നൽകിയെങ്കിൽ എന്തു സന്ദേശമാണ് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭ്യമായിട്ടില്ല.
എന്തൊക്കെ ഉത്തരങ്ങൾ ലഭിച്ചാലും ദുരൂഹതകളുടെ പുകപടലം പൂർണ്ണമായും കെട്ടടങ്ങില്ലെന്നാണ് സിയയുടെ ചരിത്രം നൽകുന്ന പാഠം.സിയയുടെ അകാലഅന്ത്യത്തിന് ഇടയാക്കിയ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം കൃത്യമായ ഒരു ഉത്തരത്തിലും എത്തിച്ചേരാതെ ആന്റിക്ലൈമാക്സിൽ കലാശിക്കുകയായിരുന്നു. അപകടത്തിനു പിന്നിൽ അട്ടിമറിയാണെന്ന് കണ്ടെത്തി. എന്നാൽ, അട്ടിമറിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യ, ഇസ്രയേൽ, സോവിയറ്റ് യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ ചാരസംഘടനകളെയാണ് അന്ന് സംശയിച്ചത്. ഇപ്പോൾ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെടുമ്പോൾ ഭാരതീയരുടെ സംശയങ്ങൾ ദൂരീകരിക്കാൻ തക്ക കൃത്യമായ അന്വേഷണ റിപ്പോർട്ടാണ് വേണ്ടത്.
മറുനാടന് ഡെസ്ക്