ന്യൂഡൽഹി: രാജ്യത്തിന് അകത്തും പുറത്തും നിരവധി ശത്രുക്കളുണ്ടായിരുന്നു ജനറൽ ബിപിൻ റാവത്തിന്. പാക്കിസ്ഥാന്റെ പ്രധാന ശത്രു. ചൈനയുടെ കണ്ണിലെ കരട്. നാഗാ തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലെ പ്രധാനി... അങ്ങനെ രാജ്യത്തെ വിഘടിപ്പിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നവർക്ക് റാവത്ത് ശത്രു സ്ഥാനത്തായിരുന്നു. ഇന്ത്യയിൽ സേനയിലെ പ്രഗത്ഭന്മാരുടെ പട്ടികയിൽ മുൻപന്തിയിലാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന്റെ സ്ഥാനം.

മണിപ്പൂരിൽ നാഗാ ഭീകരർ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹം ആക്രമിച്ച് 18 സൈനികരെ കൊലപ്പെടുത്തിയപ്പോഴും, ഉറിയിലെ സൈനിക ക്യാമ്പ് അക്രമിച്ച് ബീഹാർ റെജിമെന്റിലെയും ദോഗ്ര റെജിമെന്റിലെയും 19 സൈനികരെ കൊലപ്പെടുത്തിയപ്പോഴും തിരിച്ചടിക്ക് തയ്യാറെടുത്ത ഇന്ത്യൻ കരസേനയുടെ ആക്രമണ പദ്ധതികൾ രൂപപ്പെട്ടത് ലഫ്. ജനറൽ ബിപിൻ റാവത്തിന്റെ തലച്ചോറിലാണ്. ഇതിനുള്ള അംഗീകരമായി സംയുക്ത സൈനിക മേധാവി സ്ഥാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി ചേർന്ന് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ വെല്ലുവിളിയും നേരിട്ട ധീരനായ സൈനികൻ.

ചൈനയിൽ നിന്ന് ഇന്ത്യ വലിയ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും കിഴക്കൻ ലഡാക്കിൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്നതിനാൽ സംഘർഷത്തിന് അടുത്തകാലത്തൊന്നും അയവുണ്ടാകില്ലെന്നും തുറന്നു പറഞ്ഞ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിരുന്നു ജനറൽ ബിപിൻ റാവത്ത്. അരുണാചൽ അതിർത്തിയിൽ ചൈനയുടെ നിർമ്മാണം ഇന്ത്യയുടെ സ്ഥലത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ ചൈന നിലനിറുത്തുന്നതിനാൽ ഇന്ത്യയ്ക്ക് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും തുറന്നു പറഞ്ഞിരുന്നു. .

അതിർത്തിയോട് ചേർന്ന് ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിഗണിക്കുമ്പോൾ അത്തരമൊരു പിന്മാറ്റം അസാദ്ധ്യമാകും. ആയുധങ്ങൾ അടക്കം സംഭരിക്കാനുള്ള സ്ഥിരം സംവിധാനങ്ങളാണ് അവർ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കും സേനകളെ നിലനിറുത്തേണ്ടി വരും.ഗാൽവൻ താഴ്‌വരിയിലേതിന് സമാനമായ ഏറ്റുമുട്ടലുകൾക്ക് ചൈന വീണ്ടും തയാറായേക്കുമെന്നും ജനറൽ റാവത്ത് സൂചിപ്പിച്ചിരുന്നു. അങ്ങനെയുണ്ടായാൽ മുമ്പുണ്ടായതു പോലെ അതേനാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അങ്ങനെ എന്നും ചൈനീസ് അതിർത്തിയിലെ നീക്കങ്ങളെ വീക്ഷിച്ച സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. ചൈനയുടെ വെല്ലുവളി വളരെ മുമ്പേ തിരിച്ചറിഞ്ഞ സൈനികൻ.

മ്യാന്മറിലെ ഭീകര താവളങ്ങളിൽ കയറിയടിച്ച എലൈറ്റ് പാരാ ഫോഴ്സ് നൂറിലേറെ നാഗാ ഭീകരരെ വധിച്ചത് റാവത്തിന്റെ കൂടി നിരീക്ഷണത്തിൽ നടന്ന സൈനിക നീക്കത്തിലായിരുന്നു. ചൈനയ്ക്ക് വ്യക്തമായ സന്ദേശം നൽകലായിരുന്നു ഈ ഓപ്പറേഷൻ. ഉറി ആക്രമണത്തിന് മറുപടി നൽകി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ കരസേനയുടെ മിന്നാലാക്രമണങ്ങൾ നടന്നപ്പോൾ മരണസംഖ്യ അമ്പതിലേറെയെന്ന് പാക്ക് പൊലീസും സ്ഥിരീകരിച്ചു. മ്യാന്മാറിലെ ആക്രമണം ഇന്ത്യൻ അതിർത്തി കൈയേറുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നു. ഉറയിലെ തിരിച്ചടി ശത്രൂ രാജ്യത്തിനുള്ള താക്കീതും. ചൈനീസ് അതിർത്തിയിലെ പ്രശ്‌നങ്ങളിലും ഇന്ത്യൻ സേന ധീരമായി നിലയുറപ്പിച്ചതിന് പിന്നിൽ റാവത്തിന്റെ നേതൃമികവുണ്ടായിരുന്നു.

അതിർത്തികടന്നുള്ള മിന്നലാക്രമണങ്ങൾ ഇന്ത്യൻ കരസേന വിജയകരമാക്കിയപ്പോൾ, ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയ ലഫ്.ജനറൽ ബിപിൻ റാവത്തിന്റെ അനുഭവ സമ്പത്ത് രാജ്യത്തിന് സഹായകമായി. മൂന്നുപതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തിൽ 'ഓപ്പറേഷണൽ എക്സ്പീരിയൻസ്' എന്ന വലിയ നേട്ടം ഗൂർഖാ റജിമെന്റിലെ മുൻ ലഫ്. ജനറൽ ലച്ചുസിങ് റാവത്തിന്റെ മകനുണ്ട്. രാജ്യത്തിന്റെ വടക്കൻ അതിർത്തികളിൽ, പ്രത്യേകിച്ചും കശ്മീരിൽ അത്യന്തം സംഘർഷാവസ്ഥ തുടരുന്ന കാലത്ത് കരസേനാ മേധാവിയായി റാവത്ത് മികവ് കാട്ടി.

സൈനിക മേധാവിയായിരുന്ന പിതാവിന്റെ മകനും ഗൂർഖാ റജിമെന്റിൽതന്നെയാണ് തുടക്കം. ഡറാഡൂണിലും ഷിംലയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയിൽ എൽഎസിയുടെ പൂർണ്ണ ചുമതല നിർവഹിച്ചിട്ടുണ്ട്. നാഗാലാന്റ്, മണിപ്പൂർ, ആസാം എന്നിവിടങ്ങളിലെ ഭീകരസാന്നിധ്യ മേഖലകളിലും ബിപിൻ റാവത്ത് വിവിധ ചുമതലകളിൽ പ്രവർത്തിച്ചു. പൂനയിലെ തെക്കൻ കമാണ്ടിന്റെ മേധാവിയായി പ്രവർത്തിച്ച കാലത്ത് ഗുജറാത്തിലെ പാക്ക് അതിർത്തികളുടെ സംരക്ഷണവും നിർവഹിച്ചിട്ടുണ്ട്.

മിലിറ്ററി ഓപ്പറേഷൻ ഡയറക്ട്രേറ്റിലും, മിലിറ്ററി രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട് ലഫ്. ജനറൽ ബിപിൻ റാവത്ത്. ഓപ്പറേഷണൽ കമാണ്ടിലെ വൈദഗ്ധ്യത്തിന് റാവത്തിന് ലഭിച്ചത് അഞ്ചോളം സൈനിക ബഹുമതികളാണ്.