- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലകളും മോശം കാലാവസ്ഥയും ഹെലികോപ്റ്ററും ഒന്നിച്ചു പോവില്ല എന്ന തത്വം ലംഘിക്കപ്പെട്ടു; റോഡ് മാർഗ്ഗമുള്ള യാത്രാ പദ്ധതി വേണ്ടെന്ന് വച്ചതും അന്വേഷിക്കും; സാങ്കേതിക തകരാറിന് സാധ്യതയും കുറവ്; മോണിട്ടറിങ് സ്റ്റേഷനിലേക്ക് സന്ദേശം എത്താത്തതും ദുരൂഹത; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണം; കൂനൂരിൽ സംഭവിച്ചത് എന്ത്?
ന്യൂഡൽഹി: പരമോന്നത സൈനികമേധാവിയുടെ അപകടമരണത്തിൽ അട്ടിമറി സാധ്യത കേന്ദ്ര സർക്കാരും സൈന്യവും പൂർണ്ണമായും തള്ളിക്കളയുന്നില്ല. അതുകൊണ്ടാണ് വിശദ അന്വേഷണം നടക്കുന്നത്. അപകട കാരണം അട്ടിമറിയല്ലെന്ന് കേന്ദ്രം പ്രഖ്യാപിക്കാത്തതും അതുകൊണ്ടാണ്. മോശം കാലാവസ്ഥയെയാണ് പലരും പഴിക്കുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികൻ ആശുപത്രിയിൽ ചികിൽസയിലുണ്ട്. അതുകൊണ്ട് തന്നെ സത്യം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് രാജ്യം.
സാധാരണ വി.ഐ.പി., വി.വി.ഐ.പി.കൾ യാത്രചെയ്യുന്ന വ്യോമപാതയിൽ പലതവണ പരീക്ഷണപ്പറക്കൽ നടത്തി സുരക്ഷ ഉറപ്പുവരുത്താറുണ്ട്. സംയുക്ത സേനാമേധാവിയടക്കമുള്ള വി.ഐ.പി.കൾ യാത്രചെയ്യുന്ന കോപ്റ്ററുകൾ വിദഗ്ധരാണ് പറത്താറ്. അപകടകാരണം വൈദ്യുത ലൈനാണെന്നും റിപ്പോർട്ടുണ്ട്. പ്രതികൂലകാലാവസ്ഥകാരണം കോപ്റ്റർ താഴ്ന്നുപറന്നപ്പോൾ വൈദ്യുതലൈനിൽ കുടുങ്ങി നിയന്ത്രണംതെറ്റിയതാണെന്നും പറയപ്പെടുന്നു. ഇതെല്ലാം പരിശോധിക്കും., മലകളും മോശം കാലാവസ്ഥയും ഹെലികോപ്റ്ററും ഒന്നിച്ചു പോവില്ല എന്ന തത്വം ലംഘിക്കപ്പെട്ടുവെന്നും വിലയിരുത്തലുണ്ട്.
മല, മോശം കാലാവസ്ഥ ഇവയിലേതെങ്കിലുമൊന്നു മാത്രമാണെങ്കിൽ ഹെലികോപ്റ്റർ യാത്രയാകാം. പക്ഷേ, മൂന്നും ഒന്നിച്ചാൽ നിർബന്ധമായും കോപ്റ്റർ ഒഴിവാക്കണമെന്നാണു നിയമം. ജനറൽ ബിപിൻ റാവത്തും സംഘവും അപകടത്തിൽപ്പെട്ട ദിവസം ഊട്ടിയിൽ ഇവ മൂന്നുമുണ്ടായിരുന്നു ചുറ്റും മലകൾ, കാഴ്ച മറയ്ക്കുന്ന കോടമഞ്ഞ്, അതിനിടയിലൂടെ പറക്കുന്ന കോപ്റ്റർ-ഇതാകും അപകടത്തിന് കാരമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഒന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
റാവത്തിനെയും സംഘത്തെയും റോഡ് മാർഗം വെല്ലിങ്ടണിലെത്തിക്കാനായിരുന്നു ആദ്യ പദ്ധതി. സേനാ മേധാവികൾ യാത്ര ചെയ്യുമ്പോൾ റോഡ് മാർഗമുള്ള യാത്രാപദ്ധതിയും മുൻകൂട്ടി തയാറാക്കാറുണ്ട്. ഇതിന്റെ ഭാഗമായി റാവത്തിനും സംഘത്തിനുമുള്ള വാഹനവ്യൂഹവുമായാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വെല്ലിങ്ടണിൽനിന്ന് സുലൂരിലെത്തിയത്. എന്നാൽ അവസാന നിമിഷം പദ്ധതി മാറ്റി, സംഘം കോപ്റ്ററിൽ കയറിയത്. അതിനുള്ള കാരണം സേന വിശദമായി അന്വേഷിക്കും.
മോശം കാലാവസ്ഥയിൽ കോപ്റ്റർ പറത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം പൈലറ്റിന്റേതു മാത്രമാണ്. സംയുക്ത സേനാ മേധാവിക്കു പോലും അതു മറികടക്കാൻ അവകാശമില്ലെന്നതാണ് വസ്തുത. വരുൺ സിങ് ചികിൽസയിലാണ്. വരുൺ സിംഗിന്റെ വെളിപ്പെടുത്തലാകും ഇനി അപകട കാരണത്തിൽ നിർണ്ണായകം.
എൻജിൻ തകരാറുമൂലം കോപ്റ്ററുകൾ അപകടത്തിൽപ്പെടുന്നത് അസാധാരണമല്ല. അപകടത്തിൽപ്പെട്ട എം.ഐ-17വി5 കോപ്റ്ററിന് രണ്ട് എൻജിനുകളാണുള്ളത്. ഒരു എൻജിൻ തകരാറിലായാൽപ്പോലും സാധാരണഗതിയിൽ കോപ്റ്ററിനെ താഴെയിറക്കാൻ രണ്ടാമത്തെ എൻജിൻ ഉപയോഗിച്ച് സാധിക്കും. രണ്ട് എൻജിനും തകരാറിലായാൽപ്പോലും ഓട്ടോറൊട്ടേഷൻ മോദിൽ ഇറക്കാം. അതുകൊണ്ട് ഈ തകരാർ മൂലം അപകടമുണ്ടാകാനുള്ള സാധ്യത കുറവാണ്.
കോപ്റ്ററിലുണ്ടായ മറ്റ് സാങ്കേതിക പ്രശ്നങ്ങളും അപകടത്തിനുകാരണമായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ സഹായ അഭ്യർത്ഥനാസന്ദേശം (ഡിസ്ട്രസ് കോൾ) അടുത്തുള്ള മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കാറുണ്ട്. കോപ്റ്ററിന് ഇറങ്ങാൻ സാധിക്കുന്ന, സമീപത്തെ വിമാനത്താവളങ്ങളിലേക്കോ കപ്പലിലേക്കോ സന്ദേശമയക്കാം. എന്നാൽ, നീലഗിരി സംഭവത്തിൽ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ മറ്റെന്തോ കാരണമാണ് അപകടമുണ്ടാക്കിയതെന്നാണ് സംശയം.
മറുനാടന് മലയാളി ബ്യൂറോ