ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു ലഖ്വിന്ദർ സിങ് ലിഡ്ഡർ. അവസാന യാത്രയിലും റാവത്തിനൊപ്പം ലഖ് വീർ ഉണ്ടായിരുന്നു. ആ ഹെലികോപ്ടർ അപകടം ആ ജീവനുമെടുത്തു. ഇവിടെ ഒറ്റപ്പെട്ടത് രണ്ട് പേരാണ്. ഭാര്യ ഗീതികയും മകൾ ആഷ്‌നയും. പ്രയിപ്പെട്ടയാളുടെ വേദനയെ കടിച്ചമർത്തി അഭിമാനത്തോടെ സംസാരിക്കുകയാണ് ഈ ഭാര്യയും മകളും. ഇവരുടെ വാക്കുകൾ രാജ്യത്തെ ആകെ നൊമ്പരപ്പെടുത്തി.

എനിക്ക് 17 വയസ്സ് ആകാൻ പോവുകയാണ് ഈ 17 വർഷവും അച്ഛൻ കൂടെ ഉണ്ടായിരുന്നു. ആ ഓർമകളുടെ സന്തോഷവുമായി ഞങ്ങൾ മുൻപോട്ട് പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛൻ ഒരു നായകൻ ആണ്-ആഷ്‌ന പറയുന്നു. 'അദ്ദേഹത്തിന് നല്ല യാത്രയയപ്പ് കൊടുക്കണം. പുഞ്ചിരിയോടെ വേണം വിട നൽകാൻ'- കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ ഭാര്യയുടെ വാക്കുകളും കേട്ടു നിന്നവരുടെ കണ്ണ് നനയിച്ചു.

ദുഃഖഭരിതമായ അന്തരീക്ഷത്തിലാണ് ബ്രിഗേഡിയർക്കു ഭാര്യയും മകളും വിട നൽകിയത്. മൃതദേഹ പേടകത്തിൽ തലവച്ചു വിതുമ്പിയ ഗീതിക ലിഡ്ഡർ ഏവർക്കും വേദന നിറഞ്ഞ കാഴ്ചയായി. പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ദേശീയപതാക ആവരണം ചെയ്തതുമായ മൃതദേഹ പേടകത്തിന് അരികെ കരച്ചിലടക്കി പിടിച്ചുനിന്ന മകൾ ആഷ്നയും നൊമ്പരപ്പെടുത്തി.

'ജീവിതത്തെ വലിയ കണ്ണുകളിലൂടെ നോക്കിക്കണ്ട ഒരാളായിരുന്നു അദ്ദേഹം. അവസാനമായി കാണാൻ എത്രയെത്ര ആളുകളാണ് വന്നിരിക്കുന്നത്. മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്'- ഗീതിക പറഞ്ഞു. ദുഃഖം ധീരതയ്ക്ക് വഴി മാറുന്ന കാഴ്ചയ്ക്കും ബ്രാർ സ്‌ക്വയർ സാക്ഷിയായി. 'ഞാനൊരു സൈനികന്റെ ഭാര്യയാണ്'- മനോധൈര്യത്തോടെ ഗീതിക കൂട്ടിച്ചേർത്തു.

'അഭിമാനത്തേക്കാളേറെ വിഷമമാണ് ഇപ്പോൾ തോന്നുന്നത്. ഇതാണ് ഈശ്വരന് വേണ്ടതെങ്കിൽ, ഈ നഷ്ടവുമായി ഞങ്ങൾ മുൻപോട്ട് പോയേ മതിയാകൂ. പക്ഷെ ഇനിയുള്ള ജീവിതം ഏറെ നീണ്ട ഒന്നാണ്. ഞങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥയിലല്ല അദ്ദേഹത്തെ വേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യം എന്റെ മകൾക്ക് വല്ലാതെ അനുഭവപ്പെടും. അദ്ദേഹമൊരു നല്ല അച്ഛനും ആയിരുന്നു' ഗീതിക കൂട്ടിച്ചേർത്തു. കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു ലഖ്വിന്ദർ.

'എനിക്ക് 17 വയസ്സ് ആകാൻ പോവുകയാണ്. ഈ 17 വർഷവും അച്ഛൻ കൂടെ ഉണ്ടായിരുന്നു. ആ ഓർമകളുടെ സന്തോഷവുമായി ഞങ്ങൾ മുൻപോട്ട് പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛൻ ഒരു നായകൻ ആണ്. എന്റെ ഉറ്റ ചങ്ങാതിയും കൂടെയാണ്. അദ്ദേഹമായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദകൻ. ഒരു പക്ഷേ ഇതായിരിക്കാം ഞങ്ങളുടെ വിധി. കൂടുതൽ നല്ല കാര്യങ്ങൾ ഭാവിയിൽ ഞങ്ങളെ തേടിയെത്തിയേക്കാം'- ദേശീയ വാർത്താ ഏജൻസിയോട് മകൾ ആഷ്ന പറഞ്ഞു.