- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണ രേഖയിൽ നടത്തിയ അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടുകൊണ്ടിരിക്കുകയാണ്; അതിർത്തിയിൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണ് നൽകിയത്; യുദ്ധ സാധ്യത തള്ളാനാവില്ല; മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്; ഇന്ന് നടക്കുന്ന സമവായ ചർച്ച നിർണായകം; സമവായമില്ലെങ്കിൽ സൈന്യം പിന്മാറില്ല
ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനക്ക് ശക്തമായ താക്കീതുമായി സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത്. യഥാർത്ഥ നിയന്ത്രണരേഖയിൽ നടത്തിയ അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടുകൊണ്ടിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണ് നൽകിയത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം തുടരുമ്പോഴും ഇന്ത്യൻ സൈന്യത്തിന്റെ വിന്യാസത്തിൽ ആശങ്ക വേണ്ടായെന്നും ബിപിൻ റാവത്ത് പറഞ്ഞു.
സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിൽ മാസങ്ങളായി ചൈനയുമായുള്ള സംഘർഷം തുടരുകയാണ്. ചൈനയുമായുള്ള യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും ബിപിൻ റാവത്ത് സൂചന നൽകി. ഒരു പ്രകോപനവുമില്ലാത്ത സൈനിക നീക്കങ്ങൾ, അതിർത്തി ലംഘനങ്ങൾ തുടങ്ങി ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ അനാവശ്യമായ ഇടപെടലുകൾ വലിയതോതിലുള്ള സംഘർഷത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചത്.
എങ്കിലും ഇന്ത്യയുടെ സേനാവിന്യാസം കരുത്തുറ്റതും ആശങ്കയ്ക്ക് ഇടംനൽകാത്തതുമാണ്. ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ അനർത്ഥമാണ് പീപ്പീൾസ് ലിബറേഷൻ ആർമിയെ പ്രത്യാഘാതങ്ങൾ നേരിടാൻ ഇടയാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനയുടെ പ്രകോപനത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയതെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.
സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി എട്ടാമത്തെ സൈനിക തല ചർച്ച ഇരുരാജ്യങ്ങൾക്കും ഇടയിൽ പുരോഗമിക്കുന്നതിനിടെയാണ് ബിപിൻ റാവത്തിന്റെ വാക്കുകൾ. തന്ത്രപ്രധാന രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിന് പ്രതിരോധ നയതന്ത്രത്തിനുള്ള പ്രാധാന്യം ഇന്ത്യക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ വ്യവസായം പുരോഗതി കൈവരിക്കും. ഇത് ഇന്ത്യയുടെ സൈനിക ശക്തി മെച്ചപ്പെടുന്നതിന് പിൻബലം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യാചൈന നിർണായക കോർ കമാൻഡർതല സൈനിക ചർച്ച ഇന്ന് നടക്കും. യഥാർഥ നിയന്ത്രണരേഖയിലെ ചുഷൂളിൽ നടക്കുന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ മലയാളിയായ ലഫ്റ്റനന്റ് ജനറൽ പി.ജി.കെ.മേനോൻ നയിക്കും. ലേ ആസ്ഥാനമായ 14-ാം കോറിന്റെ മേധാവിയായി ചുമതലയേറ്റ ശേഷം ലഫ്. ജനറൽ മേനോൻ നയിക്കുന്ന ആദ്യ ചർച്ചയാണിത്.
ഇതിന് മുൻപ് നടന്ന ഏഴു ചർച്ചകളിലും സമവായമായിരുന്നില്ല. ശൈത്യം പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ സൈനിക പിന്മാറ്റമാണ് പ്രധാനലക്ഷ്യം. സമവായമായില്ലെങ്കിൽ മൈനസ് 40 ഡിഗ്രി താപനില വരെ താഴുന്ന അതിശൈത്യത്തിലും സൈനികർ അതിർത്തിയിൽ നിലയുറപ്പിക്കേണ്ടിവരും. അതേസമയം, ശൈത്യത്തെ നേരിടാൻ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾ സൈനികർക്ക് വിതരണം ചെയ്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്