അഗർത്തല: ത്രിപുരയുടെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ തഥാഗത് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ, മുതിർന്ന പാർട്ടി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, അധികാരം ഒഴിഞ്ഞ മണിക് സർക്കാർ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തിയാണ് ബിജെപി ത്രിപുരയിൽ ചരിത്രത്തിൽ ആദ്യമായി അധികാരത്തിലേറിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ബിപ്ലബ്.

60 അംഗ ത്രിപുര നിയമസഭയിൽ 43 സീറ്റുകൾ നേടിയാണ് ബിജെപി-ഐപിഎഫ്ടി സഖ്യം അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപി 35 സീറ്റുകളോടെ കേവലഭൂരിപക്ഷം നേടിയപ്പോൾ ഒൻപത് സീറ്റുകളിൽ മത്സരിച്ച ഐപിഎഫ്ടി എട്ട് സീറ്റുകളിൽ വിജയം കണ്ടു.

തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ബിജെപി പ്രവർത്തകർ വ്യാപക അക്രമം നടത്തുകയാണ്. ലെനിൻ പ്രതിമ തകർത്ത അക്രമികൾ സിപിഐഎം ഓഫീസുകൾക്ക് നേരെയും അക്രമം അഴിച്ചുവിട്ടു. നിരവധി സിപിഐഎം പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായി.