കൊൽക്കത്ത: ബീർഭൂം കൂട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് സംശയിക്കുന്ന 21 വ്യക്തികളുടെ പേര് ഉൾപ്പെടുത്തി സിബിഐയുടെ എഫ്.ഐ.ആർ. മാർച്ച് 21-ന് പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയിലെ ബൊട്ഗുയി ഗ്രാമത്തിലുണ്ടായ തീവെപ്പിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ആറു സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് ഉൾപ്പെടുന്നത്. കേസിൽ കൊൽക്കത്ത ഹൈക്കോടതി നടത്തിയ അതിവേഗ നീക്കമാണ് രണ്ടു ദിവസത്തിനകം സിബിഐ അന്വേഷണം ഏറ്റെടുത്തത്.

അക്രമികൾ, വീട് പുറമേനിന്ന് പൂട്ടിയശേഷം തീവെക്കുകയായിരുന്നു. പ്രദേശത്തെ പത്തോളം വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. ഭാദു ഷെയ്ഖ് എന്ന തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് സിബിഐയുടെ എഫ്.ഐ.ആറിൽ പറയുന്നു. ബീർഭൂം ആക്രമണം നടന്നതിന് തൊട്ടു തലേന്ന് ഭാദു ഷെയ്ഖിനു നേർക്ക് ഒരുകൂട്ടം അക്രമികൾ നാടൻബോംബ് എറിഞ്ഞിരുന്നു.

70-80 പേരുൾപ്പെടുന്ന, അക്രമാസക്തരായ ആൾക്കൂട്ടം ഇരകളുടെ വീടുകൾ തകർക്കുകയും ഉള്ളിലുള്ളവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വീടിന് തീവെക്കുകയുമായിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. വെള്ളിയാഴ്ചയാണ് അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ചത്.

തുടർന്ന് സിബിഐ. സംഘം രാംപുർഹട്ട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് കേസുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. സിബിഐയുടെ സെൻട്രൽ ഫൊറൻസിക് സയൻസസ് ലാബോറട്ടറിയുടെ സംഘം സംഭവസ്ഥലം സന്ദർശിച്ച് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ആൾക്കൂട്ടമായി ഇരച്ചെത്തിയാണ് ആക്രമണം നടത്തിയത്. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് അനാറുൽ ഹൊസൈനെ സംഭവത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യ്തിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ കേന്ദ്രസംഘം എത്തും മുന്നേ സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് അടിയന്തിര നടപടിക്ക് ശുപാർശ ചെയ്തത്. ഇന്നലെ മാത്രം 11 പേരെ പിടികൂടിയതായി ഡിജിപി മനോജ് മാളവ്യ അറിയിച്ചു.