തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുംപക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഈ സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. താറാവുകൾക്കല്ലാതെ മറ്റേതെങ്കിലും പക്ഷികൾക്ക് രോഗബാധയുള്ളതായി ഇതുവരെ റിപ്പോർട്ടകളില്ല.

ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുള്ള പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലാനാണ് തീരുമാനം. ഏകദേശം 38000ത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വരും. കഴിഞ്ഞ ദിവസം രാജസ്ഥാനിലും മധ്യപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതർ ആരംഭിച്ചിരുന്നു.

ഡിസംബർ 19 മുതലാണ് ആലപ്പുഴ ജില്ലയിലെ ചില മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ക്രിസ്മസിനോടനുബന്ധിച്ച കച്ചവടത്തെ തുടർന്ന് ർഷകർ ഇത് അവഗണിച്ചു കൊണ്ട് വിൽപനയുമായി മുന്നോട്ടു പോയി. ഒരു കർഷകന്റെ 7000 താറാവുകൾ വരെ ചത്തൊടുങ്ങിയ അവസ്ഥയുണ്ടായി. തുടർന്ന് തൃശ്ശൂർ മണ്ണുത്തി മൈക്രോബയോളജി വിഭാഗം പരിശോധന നടത്തിയിരുന്നു. അന്ന് പ്രാഥമിക പരിശോധനയിൽ ബാക്ടീരിയൽ ബാധയാണെന്നാണ് പറഞ്ഞത്. തുടർന്ന ഭോപ്പാലിലേക്കയച്ച വിദഗ്ധ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷികളുടെ കൂട്ടത്തോടെയുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് തുടർന്ന് മുന്നറിയിപ്പും നൽകിയിരുന്നു