വൈക്കം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കോട്ടയത്ത് വീണ്ടും പക്ഷിപ്പനി. രോഗബാധ കണ്ടെത്തിയ വെച്ചൂർ നാലാം വാർഡിലെ കട്ടമട ഭാഗത്തെ താറാവുകളെ കൊന്നു സംസ്‌കരിച്ചു തുടങ്ങി. ഒരു മാസം മുമ്പും പക്ഷിപ്പനി ഈ മേഖലയിൽ കണ്ടെത്തിയിരുന്നു. അന്നും പക്ഷികളെ കൊന്നൊടുക്കി. സമാനമായ സാഹചര്യം വീണ്ടും കണ്ടെത്തുകയാണ്.

തോട്ടുപറമ്പത്ത് റിയാസിന്റെ താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ ഹൈ സെക്യൂരിറ്റിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്.ആദ്യ നാലു പരിശോധനകളിലും ഫലം നെഗറ്റീവായിരുന്നെങ്കിലും കൃത്യതയ്ക്കായി ഭോപ്പാലിലെ ലാബിലേക്കയച്ച സാമ്പിളിന്റെ വിശദ അപഗ്രഥനത്തിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്ററിനുള്ളിലെ പക്ഷികളെ ദ്രുതകർമ്മസേനയുടെ മൂന്നു ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കൊന്നൊടുക്കും.

പക്ഷികളെ കൂട്ടിയിട്ടു സംസ്‌കരിക്കുന്ന സ്ഥലം അണുവിമുക്തമാക്കും. പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഒൻപതു കിലോമീറ്റർ പരിധിയിൽ 15 ദിവസത്തെ ഇടവേളകളിൽ മൂന്നുമാസം പരിശോധന നടത്തും. ദ്രുതകർമ്മ സേന കൊല്ലുന്നതാറാവുകളുടെ എണ്ണം തിട്ടപ്പെടുത്തിയാണു കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നത്.

ഹംസയുടെ 1200 മുട്ടത്താറാവുകളെ ഇന്നലെ കൊന്നു സംസ്‌കരിച്ചു. മദനന്റെ മൂവായിരത്തോളം പൂവൻ താറാവുകളെയും നാസറിന്റെ 13 ദിവസം പ്രായമായ 4570 താറാവുകളെയും 2100 വലിയ താറാവുകളെയും കൊല്ലാൻ ഉടൻ നടപടി സ്വീകരിക്കും. രോഗം സ്ഥിരീകരിച്ച പാടശേഖരത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാനാണ് മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം. 2900 താറാവുകൾ ഇനി ഈ മേഖലയിൽ അവശേഷിക്കുന്നതായാണ് വകുപ്പിന്റെ കണക്ക്.

ഒറ്റപ്പെട്ട സ്ഥലമായതിനാൽ രോഗം പടരാനുള്ള സാധ്യതയില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഓഫിസർ ഷാജി പണിക്കശ്ശേരി പറഞ്ഞു. നോഡൽ ഓഫിസർ ഡോ.സജീവ് കുമാർ, ഡോ.ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ദ്രൂതകർമസേനയുടെ മൂന്ന് സംഘങ്ങളാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

ഇവിടുത്തെ ഫാമിൽ താറാവുകൾ തുടർച്ചയായി ചാകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽനിന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് വ്യാഴാഴ്ച് വൈകുന്നേരമാണ് ലഭിച്ചത്.