ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകൾ ചത്തതാണ് വീണ്ടും ഭീതി സൃഷ്ടിച്ചിരിക്കുന്നത്. പുറക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാൻ എന്ന കർഷകന്റെ നാലായിരത്തോളം താറാവുകളാണ് ചത്തത്.

70 ദിവസത്തോളം പ്രായമായ താറാവുകൾ രണ്ടാഴ്ചയ്ക്കിടെ കൂട്ടത്തോടെ ചത്തതാണ് പക്ഷിപ്പനിയെന്ന ഭീതിക്ക് കാരണമായിരിക്കുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളർത്തിയിരുന്ന താറാവുകൾ ചത്തത് കർഷകന് കടുത്ത പ്രതിസന്ധിയായി. സമീപത്തെ മറ്റ് കർഷകരുടെ താറാവുകൾ ചത്തുവീഴുന്നുണ്ടെന്നാണ് വിവരം.

സംഭവമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തീറ്റയിൽ മരുന്ന കലർത്തി നൽകാൻ അധികൃതർ നിർദ്ദേശിച്ചെങ്കിലും ഇതും ഫലമുണ്ടാക്കിയില്ല.കനത്ത നഷ്ടമുണ്ടായിട്ടും നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളൊന്നും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് കർഷകർക്ക് പരാതിയുണ്ട്.

പ്രദേശത്തെ നിരവധി താറാവുകൾക്ക് നിലവിൽ രോഗലക്ഷണങ്ങളുണ്ടെന്നും കർഷകർ പറയുന്നു. താറാവുകൾ കൂട്ടത്തോടെ ചത്തതിനാൽ അധികൃതർ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.