- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
BIRDMAN നടനും നാടകവും ഓസ്‌കാർ ചിന്തയും
എന്റെ വിചാരങ്ങളും ചിന്തകളും അത് എന്റേത് മാത്രമാണ്. അതിനിടയിൽ സമൂഹമേ, നിങ്ങൾക്ക് യാതൊരു പങ്കുമില്ല. നിങ്ങളെ അത് ബാധിക്കാത്തിടത്തോളം എന്റെ ചിന്തകളിൽ ഞാൻ സ്വതന്ത്രനാണ്. എന്റെ ഭ്രാന്തമായ ലോകത്ത് നിങ്ങളുടെ സങ്കുചിതമായ നിയമങ്ങൾക്കു യാതൊരു സ്ഥാനവുമില്ല. എന്റെ വികാരവിചാരങ്ങളുടെ സരണിയിലൂടെ ഏകനായി സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എപ്പോ
എന്റെ വിചാരങ്ങളും ചിന്തകളും അത് എന്റേത് മാത്രമാണ്. അതിനിടയിൽ സമൂഹമേ, നിങ്ങൾക്ക് യാതൊരു പങ്കുമില്ല. നിങ്ങളെ അത് ബാധിക്കാത്തിടത്തോളം എന്റെ ചിന്തകളിൽ ഞാൻ സ്വതന്ത്രനാണ്. എന്റെ ഭ്രാന്തമായ ലോകത്ത് നിങ്ങളുടെ സങ്കുചിതമായ നിയമങ്ങൾക്കു യാതൊരു സ്ഥാനവുമില്ല. എന്റെ വികാരവിചാരങ്ങളുടെ സരണിയിലൂടെ ഏകനായി സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എപ്പോഴെങ്കിലുമൊക്കെ നമ്മുടെ മനസ്സും ഇങ്ങനെ സഞ്ചരിക്കാറില്ലേ. അതിമാനുഷികത്വം നിറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതായി സങ്കൽപിക്കാറില്ലേ?
മികച്ച ആക്ടർ, മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നിരവധി ഓസ്‌കാർ നോമിനേഷൻസ് നേടിയ Birdman എന്ന സിനിമയെക്കുറിച്ച് എഴുതുമ്പോൾ ആമുഖമായി പറയാൻ തോന്നുന്നതിതാണ്. മൈക്കൽ കീറ്റോൺ എന്ന അതുല്യ നടന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രം ആസ്വാദനത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്നു. തന്റെ Birdman എന്ന അതിമാനുഷിക കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് റിഗ്ഗാന് തോംസണ്, നാടകത്തിലൂടെ ഒരു മടങ്ങിവരവിന് ശ്രമിക്കുന്നിടത്ത് സിനിമ ആരംഭിക്കുന്നു. ഒരു നടന്റെ മാനസിക വ്യാപാരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിനു പിഴവൊന്നും സംഭവിച്ചിട്ടില്ല. 'Live from Baghdad' എന്ന ചിത്രത്തിൽ നിന്നും 'Birdman ൽ എത്തിനിൽക്കുമ്പോൾ കീറ്റോൺ എന്ന നടന്റെ പ്രതിഭയ്ക്ക് ഒട്ടുംതന്നെ കോട്ടംതട്ടിയിട്ടില്ല എന്നു പറയേണ്ടിവരും. റിഗ്ഗാനും മകളും (എമ്മ സ്റ്റോൺ) തമ്മിലുള്ള ആശയ സംഘട്ടനം രണ്ടു വ്യക്തികൾ തമ്മിലുള്ള ആശയവിനിമയം മാത്രമല്ല രണ്ടു തലമുറകൾ തമ്മിലുള്ള അവസ്ഥാന്തരങ്ങളിലേക്കുകൂടി വിരൽ ചൂണ്ടുന്നു. ആ രംഗത്തിലെ എമ്മ സ്റ്റോണിന്റെ ഭാവപ്പകർച്ച മികച്ച സഹനടിക്കുള്ള നോമിനേഷനെ തികച്ചും സാധൂകരിക്കുന്ന ഒന്നാണ്.
തന്റെ നാടകത്തെ എങ്ങനെ നിരൂപിക്കപ്പെടും എന്ന റിഗ്ഗാന്റെ ആശങ്കയും അതിനോടുള്ള പ്രതികരണവും തികച്ചും തന്മയത്വത്തോടെ ആവിഷ്‌കരിക്കുമ്പോൾ മറുവശത്ത് Birdman ആയി മാറി നാടക വേദിയിലേക്ക് പറന്നെത്തുന്ന റിഗ്ഗാന് മാനുഷികതയും അതിമാനുഷികതയും തമ്മിലുള്ള വ്യത്യാസങ്ങൾ വരച്ചുകാണിക്കുന്നു.
ഇതിൽ എടുത്തു പറയാൻ തോന്നിയ മറ്റൊരു കാര്യം ഡ്രാമ/നാടകം എന്ന കലാരൂപത്തിന് പാശ്ചാത്യ നാടുകളിൽ കിട്ടുന്ന സ്വീകാര്യതയെകുറിച്ചാണ്. സിനിമ എന്ന ബിഗ് സ്‌ക്രീൻ സങ്കൽപ്പത്തിനു നമ്മുടെ നാട്ടിൽ കിട്ടുന്നതിനേക്കാൾ പ്രാധാന്യം നാടകം എന്ന കലാരൂപത്തിനു അവർ നൽകുന്നു. നിറഞ്ഞ സദസ്സിൽ ആരവത്തോടെയാണ് റിഗ്ഗാൻ തന്റെ നാടകത്തിന്റെ പ്രിവ്യു അവസാനിപ്പിക്കുന്നത്. തീയറ്റർ സങ്കേതം ഭീഷണി നേരിടുന്ന നമ്മുടെ നാട്ടിൽ അതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ഒരു സിനിമ കൂടിയാകും ഇത്. ടേക്കുകളും റീടേക്കുകളും ഇല്ലാതെ ആസ്വാദനത്തിന്റെ മറ്റൊരു ലോകത്തേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്ന നാടക കലയുടെ വ്യതിരിക്തമായ സ്ഥാനത്തേകുറിച്ചുള്ള ഒരു തിരിച്ചറിവുകൂടി ഈ സിനിമ നൽകുന്നു.
ഒരു കഥാപാത്രം അതിന്റെ നടനെ തേടി വരിക, വിടാതെ ആശയ സംവാദം നടത്തുക, തന്റെ അമാനുഷികത പകർന്നു കൊടുക്കുക, ഒടുവിൽ കലാകാരൻ ആ കഥാപാത്രം തന്നെയായി മാറുന്ന അഥവാ താദാത്മ്യം പ്രാപിക്കുന്ന മനോഹരമായ കാഴ്ചയാണ് BIRDMAN നമുക്ക് നൽകുന്നത്. സ്വന്തം കഥാപാത്രത്തെ അത്രകണ്ട് ആഴത്തിൽ ഉൾക്കൊണ്ട ഒരു അതുല്യ കലാകാരന് മാത്രം സംഭവിക്കുന്നത്. യാഥാർത്ഥ്യത്തിന്റെയും കാൽപനികതയുടെയും നേരിയ അതിർ വരമ്പിലൂടെ സഞ്ചരിക്കുന്ന കലാകാരനെയാണ് സിനിമ നമുക്ക് കാണിച്ചു തരുന്നത്. ഒരു കലാകാരന്റെ മാനസിക വ്യാപാരങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ഇതിൽ. സ്വന്തം വ്യക്തി ജീവിതത്തിലേതല്ലാതെ അവന് അഭിനയിക്കേണ്ട വികാരവിക്ഷോഭങ്ങള് പലതാണ്. അവിടെ സന്തോഷവും ദുഃഖവും ആഘോഷവും സംഘർഷവുമുണ്ട്. ഇത്തരത്തിൽ സ്വന്തം കഥാപാത്രത്തെ വ്യക്തിജീവിതത്തിലും ആഘോഷിക്കുന്ന ഒരു നടന്റെ കഥയാണ് Birdman.
ഇതിനെല്ലാം ഉപരിയായി അലക്‌സാണ്ട്രോ ഗോണ്‌സാലസ് എന്ന നമുക്ക് ഏറെ പരിചിതനല്ലാത്ത ഒരു സംവിധായകന്റെ കൈയടക്കം ഓരോ രംഗങ്ങളിലും വ്യത്യസ്ത ദൃശ്യാനുഭവം നല്കുന്നു. സീനുകളിൽ നിന്ന് സീനുകളിലേക്കുള്ള മാറ്റം അറിയാത്ത രീതിയിൽ ഒരു മാലയിൽ മുത്തു കോർക്കുന്ന പോലെ അടുക്കി വച്ചിരിക്കുന്നു. അഭിനയ മികവു കൊണ്ടും പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന ചിത്രം തന്നെയാകും BIRDMAN!!!!