കോഴിക്കോട്: 'എന്നെ വെറുതെ വിട്ടേക്കൂ.. ഞാൻ ഐ.എസിലേക്ക് പോകാം..' കണ്ണൂരിൽ ഐ.എസ്(ഇസ്ലാമിക് സ്റ്റേറ്റ്) കേസിൽ അറസ്റ്റിലായ ഹംസയുടെ അന്വേഷ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്ന വാക്കുകളാണിത്. മാസങ്ങളായി വിവിധ അന്വേഷണ ഏജൻസികൾ ഹംസയുടെ പിന്നാലെയുണ്ട്. ആർക്കും കൃത്യമായ പിടിയും കൊടുത്തിട്ടില്ല. എന്നാൽ തന്റെ ആശയവും നിലപാടും പലവട്ടം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. മുകളിൽ പറഞ്ഞ വാക്കുകളാണ് താലിബാൻ ഹംസയെന്നറിയപ്പെടുന്ന 57കാരന് അന്വേഷണ സംഘത്തോട് ആവർത്തിച്ച് പറയാനുണ്ടായിരുന്നത്. ഐ.എസ് പോലുള്ള സംവിധാനം ലോകത്ത് അനിവാര്യമാണെന്നാണ് ഹംസ ആരോടും പറഞ്ഞിരുന്നത്. ഐ.എസിനെ പറ്റി മേന്മകളായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് വരെ ഹംസ പറഞ്ഞത്.

റിക്രൂട്ട്മെന്റ് സംഭവങ്ങളിൽ പങ്ക് വ്യക്തമാകാതിരുന്നതിനാൽ ഹംസ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൃത്യമായ തെളിവിനായി എൻ.ഐ.എയും പൊലീസും രഹസ്യാന്വേഷ വിഭാഗങ്ങളും കാത്തിരിക്കുകയായിരുന്നു. നിരവധി ഐ.എസ് റിക്രൂട്ട്‌മെന്റ് സംഭവങ്ങളിൽ ഹംസയുടെ പങ്ക് പൊലീസിന് വ്യക്തമായിട്ടുണ്ട്. നിരവധി ഞെട്ടിക്കുന്ന വിവരങ്ങളും ഇയാളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. കണ്ണൂരിൽ നിന്ന് പോയ 15 പേരും ഹംസയുമായി ബന്ധപ്പെട്ടാണ് റിക്രൂട്ട് ചെയ്തിരുന്നത്. ഇനിയും റിക്രൂട്ട്മെന്റ്ിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ശേഷം ഐ.എസിലേക്ക് കടക്കുകയായിരുന്നു ഹംസയുടെ പദ്ധതി. കേരളത്തിലെ ഐ.എസിന്റെ ഏറ്റവും മാരകമായ സ്ലീപ്പർ സെല്ലുകളിലൊന്നാണ് ഹംസയെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി.

നാട്ടിൽ ബിരിയാണി ഹംസയെന്ന് വിളിച്ചിരുന്നെങ്കിലും താലിബാൻ ഹംസ എന്ന പേരിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. നിലവിൽ ഇസ്ലാമിക് സ്റ്റേറ്റിന് നേതൃത്വം കൊടുക്കുന്ന പല നേതാക്കളും ഹംസയുടെ അടുത്ത പരിചയക്കാരാണ്. 20 വർഷത്തിലധികം വിവിധ ഗൾഫ് രാജ്യങ്ങളിൽ മാറി മാറി താമസിച്ചിരുന്നപ്പോഴാണ് ഇവരുമായി ഹംസ ബന്ധം സ്ഥാപിക്കുന്നത്. മുമ്പ് താലിബാൻ, അൽഖാഇദ എന്നിവയിൽ ആകൃഷ്ടനാവുകയും ഇവയുടെ ആശയപ്രചാരകനാകുകയും ചെയ്തിരുന്നു ഹംസ. 2014ൽ ഇസ്ലാമിക്ക് സ്റ്റേറ്റ് നിലവിൽ വന്നതോടെ അൽഖാഇദയുടെ പല ഘടകങ്ങളും ഐ.എസിൽ ലയിക്കുകയും നേതാക്കളിൽ പലരും ഐ.എസിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ഐ.എസ് ആശയങ്ങൾ ഹംസയെയും സ്വാധീനിച്ചു. ഇക്കാര്യങ്ങൾ എൻ.ഐ.എ, ഐ.ബി വൃത്തങ്ങളോട് ചോദ്യം ചെയ്യലിൽ ഹംസ സമ്മതിച്ചിട്ടുണ്ട്.

ഗൾഫിലുള്ളപ്പോൾ ഐ.എസിന്റെ ജിഹാദി ആശയങ്ങളും കുഫർ ബിൻ താഗൂത്ത്, ശിർക്ക് തുടങ്ങിയ ആശയങ്ങൾ നിരവധി മലയാളി യുവാക്കളിൽ കുത്തിവെച്ചിരുന്നു. ബഹ്‌റൈൻ കേന്ദ്രീകരിച്ചായിരുന്നു ഏറെക്കാലം ഹംസയുടെ പ്രവർത്തനങ്ങൾ. ബഹ്‌റൈനിലെ സലഫി സെന്ററിലെ പ്രവർത്തകനും നിത്യ സന്ദർശകനായിരുന്നു ഹംസ. മലപ്പുറം വണ്ടൂർ സ്വദേശി മുഹദ്ധിസ് അടങ്ങുന്ന അഞ്ചംഗ സംഘം ബഹ്‌റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ ചേർന്നവരായിരുന്നു. സിറിയയിലെത്തിയ ഇവർ കൊല്ലപ്പെട്ടതായി മുഹദ്ധിസിന്റെ സഹോദരൻ വീട്ടുകാരെ നാല് മാസം മുമ്പ് അറിയിച്ചിരുന്നു. ഇത് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബഹ്‌റൈൻ കേന്ദ്രീകരിച്ച് ഐ.എസിലേക്ക് പോയ യുവാക്കൾ ഹംസയിൽ നിന്നും സ്വാധീനിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. കൊണ്ടോട്ടി, വടകര, കണ്ണൂർ സ്വദേശികളും ബഹ്‌റൈനിൽ നിന്ന് സിറിയയിൽ പോയ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെല്ലാം കാറ്ററിങ് ജീവനക്കാരാണ്. ബഹ്റൈൻ സംഘത്തിൽപ്പെട്ടവർ കൊല്ലപ്പെട്ട വിവരം ഹംസ നേരത്തെ തന്നെ അറിഞ്ഞിരുന്നുവത്രെ.

പാചക ജോലി നന്നായി അറിയാവുന്ന ഹംസ ബഹ്‌റൈനിൽ സ്വന്തമായി കാറ്ററിങ് സ്ഥാപനം നടത്തിയിരുന്നയാളാണ്. ഇവിടെ വച്ചാണ് യുവാക്കളിൽ ജിഹാദി ആശയം കുത്തിവെച്ചിരുന്നത്. ബഹ്റൈൻ വഴി നിരവധി യുവാക്കൾ ഐ.എസിൽ പോയതായാണ് വിവരം. ഐ.എസ് മേഖലയിൽ നടക്കുന്ന സംഭവങ്ങൾ ഹംസ കൃത്യമായി അറിഞ്ഞിരുന്നു. സിറിയ, അഫ്ഗാൻ മേഖലയിലുള്ളവരുമായും ഹംസ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യക്കാരടക്കമുള്ള ജിഹാദി ആശയക്കാരുമായി വലിയ ശൃംഖല ഉണ്ടാക്കിയ ശേഷമാണ് ഒരു വർഷം മുമ്പ് ഹംസ നാട്ടിലേക്ക് മടങ്ങിയത്. കണ്ണൂരിൽ നിന്നു പോയവരെ ശമീറുമായി ചേർന്ന് റിക്രൂട്ട്മെന്റ് നടത്തിയതും ഹംസയാണ്. കണ്ണൂരിൽ 16 പേർക്കെതിരെയാണ് നിലവിൽ ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

അഞ്ച് പേരെ രണ്ട് ദിവസങ്ങളിലായി അറസ്റ്റ് ചെയ്തു. മറ്റുള്ളവർ സിറിയയിലെ ഐ.എസ് കേന്ദ്രത്തിലാണുള്ളത്. രണ്ട് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. അറസ്റ്റിലായവരിൽ ഹംസ ഒഴികെയുള്ളവർ ഐ.എസിൽ ചേരാൻ പോകുന്നതിനിടെ തുർക്കിയിൽ നിന്ന് പിടിക്കപ്പെട്ട് നാട് കടത്തിയവരാണ്. മുംബൈ വഴി എത്തിയ ഇവരെ വിട്ടയക്കുകയായിരുന്നു. കണ്ണൂരിലെ ഷാജഹാനും സമാന രീതിയിൽ മടങ്ങിയെത്തിയതായിരുന്നു. എന്നാൽ ഷാജഹാൻ വ്യാജ പാസ്പോർട്ട് തരപ്പെടുത്തി വീണ്ടും സിറിയയിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടെയാണ് പിന്നീട് പിടിയിലായത്. ഇവരെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ഹംസ പി.എഫ്.ഐ പ്രവർത്തകരുമായി അടുത്തിടപഴകിയിരുന്നെങ്കിലും ഒരു സംഘടനയുമായും പ്രത്യേകിച്ച് ബന്ധമുണ്ടായിരുന്നില്ല.

കണ്ണൂരിൽ നിന്ന് സിറിയയിലേക്ക് കുടുംബസമേതം പോയ ശമീർ ഹംസയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഹംസയുടെ മോട്ടിവേഷൻ ശമീറിന് ലഭിച്ചിരുന്നതായും അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ശമീറുമായി ചേർന്നാണ് മറ്റ് പി.എഫ്.ഐ പ്രവർത്തകരെക്കൂടി റിക്രൂട്ട് ചെയ്തത്. സംഘം മാസങ്ങളായി നിരീക്ഷണ വലയത്തിലാണ്. ഇതിനിടെ കണ്ണൂർ ഡിവൈഎസ്‌പിയുടെയും ഐബിയുടെയും നേതൃത്വത്തിൽ ഇവരെ പല തവണ ചോദ്യം ചെയ്തു. സിറിയയിൽ പോകാൻ ശ്രമിച്ചുവെന്നതിന് പ്രത്യേക കേസ് എടുക്കാൻ പൊലീസിന് സാധിച്ചില്ല. ഇവരെ മാറി മാറി ചോദ്യം ചെയ്തപ്പോഴാണ് കൃത്യമായ തെളിവും ഹംസയുടെ പങ്കും വ്യക്തമായത്.

കൂടാതെ കനകമലയിൽ നിന്ന് ഐ.എസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത മൻസി ബുറാഖ്, സഫുവാൻ, റംഷീദ് എന്നിവരും കണ്ണൂർ ടീമുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എൻ.ഐ.എ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. തലശേരി സ്വദേശി മനാഫാണ് ഇന്ന് അറസ്റ്റിലായ മറ്റൊരാൾ. മനാഫ് സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുമ്പ് മംഗലാപുരത്ത് വെച്ച് പിടിയിലായിരുന്നു. സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങും. വിശദമായി ചോദ്യം ചെയ്യലിലൂടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.