കൊച്ചി : സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു ഇന്ന് 70-ാം പിറന്നാൾ. ലാളിത്യത്തിന്റെ വഴയിലാണ് ഈ ദിനവും കടന്നുപോകുക. സഭയ്‌ക്കോ എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കോ ആഘോഷങ്ങളൊന്നുമില്ല ഇന്ന്. രണ്ടു പൊതുപരിപാടികൾ. രാവിലെ ലിസി ആശുപത്രിയിൽ ഹാർട്ട്‌കെയർ ഫൗണ്ടേഷന്റെ പുരസ്‌കാര വിതരണം.

വൈകിട്ട് ഇടപ്പള്ളിയിലെ പുതിയ പള്ളിയുടെ ആശീർവാദം, പൊതുസമ്മേളനം. രണ്ടു പരിപാടിയിലും തന്റെ ജന്മദിനം പ്രത്യേകിച്ചു പരാമർശിക്കരുതെന്ന നിലപാടിലാണു കർദിനാൾ. മധുരവിതരണമോ പൂച്ചെണ്ടുകളോ ഉണ്ടാകില്ല. ആഡംബരങ്ങൾ ഒഴിവാക്കാനുള്ള സന്ദേശമാണു സിറോ മലബാർ സഭയ്ക്കു കർദിനാൾ നൽകിയവയിൽ പ്രധാനം. സഭാ പരിപാടികൾക്കായി വലിയ കമാനങ്ങളും ഫെളക്‌സ് ബോർഡുകളും വയ്ക്കുന്നതിനെ നിരുൽസാഹപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ആഘോഷങ്ങൾ വേണ്ടെന്നല്ല, പക്ഷേ, അവ വിശുദ്ധമാകണമെന്ന നിർബന്ധമുണ്ട്. അത് തന്റെ ജന്മദിനത്തിലും നടപ്പാക്കുകയാണ് ആലഞ്ചേരി.

സീറോ മലബാർ സഭയുടെ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തയുമാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. 2011 മെയ്‌ 26നാണ് ഇദ്ദേഹം വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പൊലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്. സീറോമലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മാർപ്പാപ്പ നേരിട്ടല്ലാതെ സഭ സ്വന്തമായി ശ്രേഷ്ഠ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നത്. തമിഴ്‌നാട്ടിലെ തക്കല രൂപതയുടെ പ്രഥമ മെത്രനുമായിരുന്നു ഇദ്ദേഹം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ് മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി1945 ഏപ്രിൽ 19 ന് ജനിച്ചു. 1972 ഡിസംബർ 18 ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി.

1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി.

സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ 2012 ജനുവരി 6ന് കർദ്ദിനാളായി ഉയർത്തുന്ന മാർപ്പാപ്പയുടെ സന്ദേശം അറിയിച്ചു. ഫെബ്രുവരി 18ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച് മാർ ആലഞ്ചേരി കർദ്ദിനാൾ പദവി സ്വീകരിച്ചു. 2012ൽ കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയത്തിലെ അംഗമായി ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ മാർ ജോർജ്ജ് ആലഞ്ചേരിയെ നിയമിച്ചു. 5 വർഷത്തേക്കായാണ് ഈ നിയമനം നൽകിയിരിക്കുന്നത്.

18 കർദ്ദിനാൾമാർ അംഗങ്ങളായുള്ള ഉന്നതാധികാര സമിതിയിലേക്കാണ് മാർ ആലഞ്ചേരിയെ നിയമിച്ചിരിക്കുന്നത്. സഭയുടെ വിശ്വാസവിഷയങ്ങളിൽ മാർപ്പാപ്പ ഈ സമിതിയുമായാണ് കൂടിയാലോചന നടത്തുന്നത്.