ചെന്നൈ: തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിൽ എത്തുകയും ചൂളൈമേട്ടിൽ താമസിക്കുകയും ചെയ്യുന്ന ദാവൂദ് ഇബ്രാഹീം എന്ന് പൊലീസ് വിളിക്കുന്ന ബിനുവിനെ കുടുക്കാനായിരുന്നു തമിഴ്‌നാട് പൊലീസ് വല വിരിച്ചത്. പക്ഷേ തന്ത്രപരമായി വീണ്ടും ബിനു വലൊപൊട്ടിച്ചു. ഇതോടെ ഇയാൾ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത തിരിച്ചറിയുകയാണ് തമിഴ്‌നാട് പൊലീസ്. തിരുവനന്തപുരത്തുകാരൻ എന്നതിൽ അപ്പുറം തമിഴ്‌നാട് പൊലീസിന് ഒരു വിവരവും ഇയാളെ കുറിച്ചില്ല. കേരളാ പൊലീസിനും ബിനുവിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇയാളുടെ വേരുകൾ കണ്ടെത്താൻ പൊലീസ് നീക്കം തുടങ്ങി കഴിഞ്ഞു.

28 കേസുകളാണ് ഗുണ്ട ബിനുവിന്റെ പേരിൽ തമിഴ്‌നാട്ടിലുള്ളത്. രണ്ട് വർഷമായി ഒളിവിലായിരുന്നു ജീവിതം. വീണ്ടും ചെന്നൈയിൽ ഗുണ്ട ബിനു സജീവമാകാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ ആഘോഷം പങ്കിടാനായിരുന്നു അനുയായികളെല്ലാം ഒത്തു കൂടിയത്. 47-ാം ജന്മദിനം വടിവാളു കൊണ്ട് കേക്ക് മുറിച്ച് ആഘോഷിക്കാനും തീരുമാനിച്ചു. ഇരുന്നോറോളം ഗുണ്ടകളാണ് പിറന്നാൾ ആഘോഷിക്കാൻ ഒത്തു കൂടിയത്. ബിരിയാണിയും കേക്കും ബിയറുമായി പൊടിപൊടിക്കുന്ന ആഘോഷമാണ് പദ്ധതിയിട്ടത്. വെടിക്കെട്ടിനും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കബാലി സിനിമയിൽ രജനി കാന്തിന്റെ മടങ്ങിവരവ് ആഘോഷമാക്കിയതിന് സമാനമായ ഒരുക്കങ്ങൾ.

വേലുവിന്റെ ലോറി വർക് ഷോപ്പിലായിരുന്നു പാർട്ടി നടന്നത്. രാത്ര ഒൻപത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ഈ ഷെഡ് പിടിച്ചെടുത്ത് ആഘോഷം തുടങ്ങുകയായിരുന്നു. വേലു സ്ഥലത്തുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നത് ഒരു ജീവനക്കാരനും. ബൈക്കിൽ എത്തിയ ഗുണ്ടകളെ കണ്ട് ഇയാൾ പകച്ചു. തിരിച്ചൊന്നും ചോദിക്കാൻ പോലും കഴിഞ്ഞില്ല. ഇതിനിടെയിൽ ആഘോഷം തുടങ്ങി. പക്ഷേ ഓപ്പറേഷൻ ബർത്ത് ഡേയിൽ എല്ലാം പൊളിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ 75 ക്രിമിനലുകളെ ഒരുമിച്ചു പിടിച്ചു. തമിഴ്‌നാട് പൊലീസിന്റെ ചരിത്രത്തിലെ സുവർണ്ണ ദിനം. അപ്പോഴും ബിനു വലപൊട്ടിച്ചു കടന്നു.

ചൊവ്വാഴ്ച രാത്രിയിൽ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച രാവിലെ ഒമ്പതു മണിവരെ നീണ്ടു. എട്ടോളം കൊലപാതകക്കേസുകളിൽ പ്രതിയായ ബിനുവിന് പൊലീസ് നൽകിയിരിക്കുന്ന പേര് ദാവൂദ് ഇബ്രാഹീം എന്നാണ്. ജന്മദിനാഘോഷത്തിൽ നടത്തിയ പൊലീസ് ഇടപെടലിൽ നിന്നും പിടിച്ചെടുത്തത് എട്ടു കാറുകൾ, 45 ബൈക്കുകൾ, 88 മൊബൈൽഫോണുകൾ, വടിവാളുകൾ, കത്തികൾ എന്നിവയെല്ലാമാണ്. വേലു ലോറിത്താവളത്തിന് സമീപം സിനിമാ സ്റ്റൈൽ ആക്ഷനായിരുന്നു പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുണ്ടായത്.

സിനിമയിൽ നിന്നും പ്രചോദനം കൊണ്ട് ആ രീതിയിലായിരുന്നു ബിനു ബർത്തഡേ പാർട്ടി നടത്തിയത്. പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ഗുണ്ടകളിൽ പലർക്കും ബിനുവിനെ നേരിട്ടു പരിചയം പോലുമില്ലായിരുന്നു. കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമായി 200 ലധികം പേർ ആഘോഷത്തിന് എത്തിയപ്പോൾ രാത്രി ഏഴു മണിയോടെ സ്വകാര്യ കാറുകളിലായി പൊലീസുകാരും വന്നു. റെയ്ഡിന് മുമ്പായി ആഘോഷത്തെക്കുറിച്ച് പൊലീസ് മണത്തറിഞ്ഞിരുന്ന പൊലീസ് പ്രത്യേക പദ്ധതി തയ്യാറാക്കി നേരത്തേ തന്നെ അനേകം പൊലീസുകാരെ വേദിക്ക് സമീപം ഒളിവിൽ പാർപ്പിച്ചിരുന്നു.

ഒരാഴ്ച മുമ്പ് വലയിൽ കുടുങ്ങിയ മദൻ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ബിനുവിന് വേണ്ടി നഗരത്തിലെ മുഴുവൻ ഗുണ്ടകളും ഒത്തുകൂടുമെന്നായിരുന്നു ഇയാൾ നൽകിയ വിവരം. ബിനുവിന്റെ ജന്മദിനത്തിൽ ഗുണ്ടകളെ പൊക്കാൻ പൊലീസും സജ്ജമായി. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എ കെ വിശ്വനാഥനും ഡപ്യൂട്ടി എസ് സർവേശുമായിരുന്നു പദ്ധതികൾ തയ്യാറാക്കിയത്. മാങ്ങാനം, കുണ്ട്രത്തൂർ, പുനമല്ലി, നസ്രത്ത്പേട്ട്, പോരൂർ തുടങ്ങിയ സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരെ കൂടി വരുത്തി ഓപ്പറേഷൻ ബർത്ത്ഡേ എന്ന പേരും നൽകി.

പൊലീസ് നേരത്തേ തന്നെ പിറന്നാളാഘോഷ വേദിക്ക് സമീപം മറഞ്ഞിരുന്നു. വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതോടെയായിരുന്നു ആഘോഷം തുടങ്ങിയത്. ആഘോഷം പൊലിക്കുന്നതിനിടയിൽ തോക്കുമായി പൊലീസ് ചാടിവീണു. ഇതോടെ ഗുണ്ടകൾ ചിതറിയോടി. പിടിയിലായി. ആഘോഷവേദിക്ക് സമീപത്തെ തടാകമാണ് പലർക്കും തുണയായത്. ഇതിൽ ചാടിയ പലരും നീന്തി രക്ഷപ്പെടുകയായിരുന്നു. കൂട്ടത്തിൽ ബിനുവും അനുയായികളും രക്ഷപ്പെട്ടു.