കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്കലിനെ കുറ്റവിമുക്തമാക്കിയ വിധിക്കെതിരേ പ്രോസിക്യൂഷൻ ഇനിയും അപ്പീൽ നൽകിയില്ല. അതിനിടെ പ്രതിഷേധവുമായി ഇര രംഗത്തു വന്നു. ഇതോടെ പ്രോസിക്യൂഷൻ ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും. അപ്പീൽ നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

സർക്കാർ അനുമതിക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽനിന്നുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസാണ് അപ്പീൽ തയ്യാറാക്കുന്നത്. എന്നാൽ ഇത് കോടതിയിൽ മാത്രം എത്തിയില്ല. അപ്പീൽ കാലാവധി കഴിഞ്ഞാൽ പിന്നെ ഹർജി ഫയൽ ചെയ്യുക നിയമ കുരുക്കുകളിലേക്ക് മാറും. ഇത് ഫ്രാങ്കോയ്ക്ക് തുണയാകുകയും ചെയ്യും. ജലന്തർ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിന് പിന്നിലെ ചില കളികളുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

ഇതിനൊപ്പമാണ് അപ്പീൽ നൽകാനുള്ള കാലതാമസവും ചർച്ചയാകുന്നത്. ബിഷപ്പിനെതിരായ കേസ് നിലനിൽക്കില്ലെന്നുകാണിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് അദ്ദേഹത്തെ വെറുതെവിട്ടത്. പ്രോസിക്യൂഷന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധിപ്രസ്താവം. എല്ലാ സാക്ഷികളും മൊഴിയിൽ ഉറച്ചി നിന്നിട്ടും എതിർ വിധിയുണ്ടായി എന്നതാണ് വസ്തുത.

എന്നാൽ നിർഭയ കേസിന് ശേഷമുള്ള നിയമഭേദഗതിക്ക് വിരുദ്ധമാണ് കോടതി വിധിയെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. ഇരയുടെ മൊഴിപോലും വിശ്വാസത്തിൽ എടുത്തില്ലെന്നും പറഞ്ഞ് പഠിപ്പിക്കാത്ത മൊഴി അവർ പറഞ്ഞതിലെ നേരിയ വ്യത്യാസങ്ങൾ കാണിച്ച് കോടതി അവിശ്വാസം രേഖപ്പെടുത്തിയത് നീതിനിഷേധമാണെന്നും പൊലീസും വിലയിരുത്തി. ഉടൻ അപ്പീൽ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് പി ഹരിശങ്കറും പറഞ്ഞു. എന്നാൽ അതു മാത്രം നടന്നില്ല.

ഇരഭാഗത്തിന് അപ്പീലിന് പോകാൻ നിയമപ്രകാരമുള്ള കാലാവധിക്ക് മുന്നേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ അറിയിച്ചു. മിക്കവാറും 14-നകം അപ്പീൽ നൽകും. ഇത് സർക്കാരിന് പ്രതിരോധമാകുകയും ചെയ്യും. അതുകൊണ്ട് അതിവേഗം അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്റേയും തീരുമാനം.

ഈ വിഷയത്തിൽ കൂടുതൽ പരസ്യപ്രതികരണം നിയമപരമായ കാരണങ്ങളാൽ ഒഴിവാക്കിയിരിക്കുകയാണ് കന്യാസ്ത്രീകൾ. സർക്കാർ അപ്പീലിന്റെ വിവരങ്ങൾ അറിവായിട്ടില്ലെന്നും അവർ അറിയിച്ചു. അപ്പീലിൽ ഭയമില്ലന്നും നിരപരാധിയാണെന്ന് സെഷൻസ് കോടതി കണ്ടെത്തിയതുതന്നെ നിയമപരമായി എക്കാലവും നിലനിൽക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ സി.എസ്. അജയൻ പറഞ്ഞു.