- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലത്തീൻ സഭയുടെ കൊല്ലം മുൻ ബിഷപ്പ് രണ്ടേക്കർ പുറമ്പോക്ക് ഭൂമി തട്ടിയെടുത്തെന്ന് ഓഡിറ്റ് റിപ്പോർട്ട്; റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പെന്ന് കണ്ടെത്തൽ; ഈ ഭൂമി സർക്കാർ തിരിച്ചു പിടിക്കുമോ?
കൊല്ലം: കേരളത്തിലെ കത്തോലിക്ക സഭയിലെ ബിഷപ്പുമാർക്കെതിരെ സമീപകാലത്ത് ഉയർന്ന അനധികൃത മണൽവാരൽ, അനധികൃത ക്വാറി നടത്തിപ്പ് എന്നീ ആരോപണങ്ങൾക്ക് പിന്നാലെ മറ്റൊരു ബിഷപ്പ് റവന്യൂ പുറമ്പോക്ക് ഭൂമി കൈയേറിയതായി സർക്കാർ രേഖകൾ. കൊല്ലം താലൂക്ക് തഹസിൽദാർ നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് ഭൂമി കൈയേറ്റം കണ്ടെത്തിയത്. 2018 ഏപ്രിൽ ഒന്നുമുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള കാലയളിവിലായിരുന്നു താലൂക്ക് ഓഫീസിന്റെ ഓഡിറ്റ് നടന്നത്.
മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസിനെ ഈ വർഷം ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ അംബാസമുദ്രത്തിൽ വച്ച് തമിഴ്‌നാട് പൊലീസ് അനധികൃത മണൽഖനനം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. ബിഷപ്പിനെ കൂടാതെ അഞ്ച് വൈദികരെയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. താമരഭരണി നദിയിൽ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസിലാണ് ബിഷപ്പിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. രണ്ടാഴ്ചയോളം റിമാൻഡിൽ കഴിഞ്ഞു.
മണൽവാരൽ കേസിൽ ബിഷപ്പ് അറസ്റ്റിലായതിന്റെ നാണക്കേട് മായുന്നതിന് മുൻപ് സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപത ബിഷപ്പിനെതിരെ അനധികൃത ക്വാറി നടത്തിയതിന് റവന്യൂ വകുപ്പ് കാൽകോടി രൂപ പിഴയിട്ടതും കത്തോലിക്ക സഭയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണ്. താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ള കൂടരഞ്ഞി ലിറ്റിൽ ഫ്‌ളവർ പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ അനധികൃത ഖനനം നടത്തിയതിന് പള്ളി വികാരിക്കും താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിക്കും, കാൽകോടിയോളം രൂപ പിഴ ചുമത്തി ജിയോളജി വകുപ്പ് ഉത്തരവിട്ടു. ഹൈക്കോടതി നിർദ്ദേശ പ്രകാരം കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്റേതാണ് നടപടി. ഏപ്രിൽ മുപ്പതിനകം പിഴയടയ്ക്കാനായിരുന്നു നിർദ്ദേശം.
കൂടരഞ്ഞി വില്ലേജിലെ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റിൽ ഫ്‌ളവർ ചർച്ചിന് കീഴിലെ സ്ഥലത്ത് വർഷങ്ങളായി പ്രവർത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെൻ അസോസിയേഷനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ജനുവരിയിൽ ഹർജി പരിഗണിച്ച ഹൈക്കോടതി രണ്ട് മാസത്തിനകം നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റാണ് മാർച്ച് 31ന് പിഴചുമത്തി ഉത്തരവിട്ടത്. ഇങ്ങനെ നിയമവിരുദ്ധമായ നടപടികളിൽ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും വൈദികരും ഇടപെടുന്നതിന്റെ നാണക്കേട് ഒന്നൊന്നായി പുറത്തുവരികയാണ്. ഏറ്റവുമൊടുവിലത്തെ സംഭവമാണ് കൊല്ലത്തെ മുൻ ലത്തീൻ ബിഷപ്പിന്റെ ഭൂമികൈയേറ്റം.
ലത്തീൻ കത്തോലിക്ക സഭയുടെ കൊല്ലം മുൻ ബിഷപ്പ് ബെൻസിഗർ രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമി അനധികൃതമായി തട്ടിയെടുത്തുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. കൊല്ലം ആദിച്ചനല്ലൂർ വില്ലേജിലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം സർവേ നമ്പർ 181ലെ രണ്ടേക്കർ ഭൂമിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂരേഖകൾ തിരുത്തി കൈവശപ്പെടുത്തിയത്. 1905 മുതൽ 1931 കാലയളവിൽ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അലോഷ്യസ് മരിയ ബെൻസിഗർ സ്വിറ്റ്‌സർലണ്ടിലെ ഒരു പ്രശസ്ത ധനിക കുടുംബത്തിൽ ജനിച്ച അലോഷ്യസ് കൊല്ലം രൂപതയിൽ ദൈവീക ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെടുകയായിരിന്നു.
കൊല്ലം കലക്ടറുടെ അന്വേഷണത്തിലാണ് റിസർവേയിൽ നിയമവിരുദ്ധമായി നടത്തിയ ഈ തട്ടിപ്പ് കണ്ടെത്തിയത്. 3.40 ഏക്കർ ഭൂമിയുടെ പഴയ സർവേ നമ്പർ 181,181എ എന്നിങ്ങനെയാണ്. വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥർ റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ചാണ് ബിഷപ്പിനെ രണ്ട് ഏക്കർ ഭൂമിയുടെ ഉടമസ്ഥനാക്കിയത്. ഭൂരേഖകളിൽ നടത്തിയിരിക്കുന്ന കൃത്രിമത്വം പരിശോധനയിൽ പകൽപോലെ വ്യക്തമായി. കൊല്ലം ബിഷപ്പിന് അനുകൂലമായി ഭൂമിയുടെ മ്യൂട്ടേഷൻ ഇതോടൊപ്പം റദ്ദാക്കണമെന്നാണ് കലക്ടർ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. 1234-ാം നമ്പർ തണ്ടപ്പേർ അക്കൗണ്ടിലുള്ള രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമി തിരിച്ചു പിടിച്ചുപിടിക്കണമെന്നും നിർദ്ദേശിച്ചു.
ഈ സർവേ നമ്പരിൽ ആകെ 3.40 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയുണ്ടായിരുന്നു. താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകളുടെ സൂക്ഷ്മപരിശോധനയിൽ പുറമ്പോക്കിലെ രണ്ട് ഏക്കർ ഭൂമി കൊല്ലം മുൻ ബിഷപ്പ് ബെൻസിഗറിന് കൈമാറിയെന്ന് കണ്ടെത്തി. സർവേ നമ്പർ 181/ഒന്ന് എന്ന് രേഖപ്പെടുത്തി തണ്ടപ്പേർ അക്കൗണ്ടർ നമ്പർ 1234 എന്ന് തിരുത്തിയാണ് റവന്യൂ ഉദ്യോഗസ്ഥർ ബിഷപ്പിന് കൈമാറിയത്.
ബാക്കിയുള്ള 1.40 ഏക്കർ ഭൂമി ഇപ്പോഴും റവന്യൂ രേഖകളിൽ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, റീ -സർവേ രേഖകളിൽ ബ്ലോക്ക് നമ്പർ 28ലെ 3.40 ഏക്കർ പുറമ്പോക്ക് രണ്ടിയായി വിഭജിച്ചു. സർവേ 253/35ൽ ബിഷപ്പിന്റെ പേരിൽ രണ്ട് ഏക്കർ, 253/42ൽ 1.40 ഏക്കർ (പുറമ്പോക്ക് ഭൂമി) എന്ന് രേഖപ്പെടുത്തിയാണ് റവന്യൂ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയത്.
കുണ്ടറ സബ് രജിസ്ട്രാർ ഓഫീസിലെ രേഖകൾ പ്രകാരം ബിഷപ്പിന്റെ പേരിൽ സർവേ നമ്പർ 180-എയിൽ 5.40 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 761/1089 എം.ഇ വിൽപന രേഖ പ്രകാരം ആദിച്ചനല്ലൂർ വില്ലേജിലാണ് ഈ ഭൂമി. അതാകട്ടെ 3.40 ഏക്കർ സർക്കാർ പുറമ്പോക്കിനോട് ചേർന്ന് കിടക്കുന്ന ഭൂമിയാണ്. കലക്ടർ നടത്തിയ അന്വേഷണത്തിൽ ആദിച്ചനല്ലൂർ വില്ലേജിലെ സർവേ നമ്പർ 181ൽ ബിഷപ്പിന് രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമിയിൽ കൈവശവാകാശമില്ല. റവന്യൂ രേഖകളുടെ കൃത്രിമത്വത്തിലൂടെ രണ്ട് ഏക്കർ ഭൂമി ബിഷപ്പിന്റെ പേരിലാക്കി. തുടർന്ന് ബിഷപ്പിന്റെയും മ്യൂട്ടേഷനും തണ്ടപ്പർ അക്കൗണ്ട് നമ്പർ 1234 കൊല്ലം അഡീഷണൽ അഡീഷണൽ തഹസിൽദാർ ശരിയാക്കി നൽകി.
തട്ടിപ്പ് ബോധ്യപ്പെട്ട ഓഡിറ്റ് സംഘം ചില കാര്യങ്ങൾ കലക്ടറോട് ആവശ്യപ്പെട്ടു. രണ്ട് ഏക്കർ പുറമ്പോക്ക് ഭൂമി ബിഷപ്പിന് നൽകുന്നതിന് സഹായം നൽകിയ കൊല്ലം അഡീഷണൽ തഹസിൽദാർക്കെതിരെ നടപടിയെത്തോ. സർവേ നമ്പർ 181നെ രണ്ടായി വിഭജിക്കാനു (181, 181 എ)ണ്ടായ സാഹചര്യം എന്താണ്. പഴയ സർവേ നമ്പർ 181-ൽ രണ്ട് ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി നിയമവിരുധമായി ബിഷപ്പിന് കൈമാറിയതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്. 3.40 ഏക്കർ ഭൂമിയിൽ നിന്ന് എന്തെങ്കിലും ആവശ്യത്തിന് ഭൂമി പതിച്ചു നൽകിയിട്ടുണ്ടോ- തുടങ്ങിയ കാര്യങ്ങളിൽ വിശദമായ മറുപടി ഓഡിറ്റ് ആവശ്യപ്പെട്ടു.
പുറമ്പോക്ക് ഭൂമി സർക്കാറിന്റേതാണ്. ഭൂരഹിതർക്ക് പതിച്ച് കൊടുക്കുന്നത് ഇത്തരം പുറമ്പോക്ക് ഭൂമിയോ മിച്ചഭൂമിയോ ആണ്. അത് ബിഷപ്പിന് നിയമപരമായി കൈമാറാൻ കഴിയില്ല.