- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ രാജിവെക്കുമോ? അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുമോ? സഭാ വിശ്വാസികൾ ആകാംക്ഷയിൽ; വന്നുകണ്ട വൈദികരോട് മനസ്സു തുറക്കാതെ മാർ കരിയിൽ; ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന സിനഡിൽ പുതിയ മെത്രാനെ നിയമിച്ചു അതിരൂപതയെ വരുതിയിലാക്കാൻ ഔദ്യോഗിക പക്ഷം
ആലപ്പുഴ: എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ ഒടുവിലത്തെ റിസൽട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധി അപ്പൊസ്തൊലിക് നുൺഷ്യോയുടെ ആവശ്യപ്രകാരം സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ രാജിവെക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. ഇനി രാജി വെക്കാതിരുന്നാൽ അത് പുറത്താക്കലിലേക്കും കാര്യങ്ങളെത്തും. ഇതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
സഭാ വിശ്വാസികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചോദ്യത്തിനു ചൊവ്വാഴ്ച ഉത്തരമായേക്കും. വത്തിക്കാൻ പ്രതിനിധി ഇന്ന് കൊച്ചിയിൽ എത്തുന്നുണ്ട്. അഈ വിഷയിൽ ആന്റണി കരിയിലിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടേക്കും. വിവാദ ഭൂമിയിടപാടു വിഷയത്തിനുശേഷം മറ്റൊരു സങ്കീർണവിഷയത്തിലൂടെയാണ് അതിരൂപത കടന്നുപോകുന്നത്. കൂടുതൽ ഗുരുതരമാണ് ഇപ്പോഴത്തെ സ്ഥിതി.
തന്നെ വന്നുകണ്ട വൈദികരോട് മാർ കരിയിൽ ഇതുവരെ മനസ്സു തുറന്നിട്ടില്ല. പുറത്താക്കപ്പെട്ടാൽ അങ്ങനെയൊരു കളങ്കം എക്കാലത്തുമുണ്ടാകുമെന്നത് അദ്ദേഹത്തിനുമേൽ കടുത്ത സമ്മർദമുയർത്തുന്നുണ്ട്. മാർ കരിയിലിന്റെ അധികാരം എടുത്തുകളഞ്ഞ് വത്തിക്കാന് ഉത്തരവു പുറപ്പെടുവിക്കാൻ കഴിയും. പകരം അതിരൂപത ഭരണത്തിന് അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കുമെന്നാണറിയുന്നത്. ഇപ്പോൾ കേരളത്തിനു പുറത്തുള്ള ഒരു മെത്രാന്റെ പേരു വത്തിക്കാനോടു സഭാനേതൃത്വം നിർദേശിച്ചുവെന്നും സൂചനയുണ്ട്.
ഓഗസ്റ്റ് ആദ്യവാരം സഭയുടെ സിനഡ് ചേരുന്നുണ്ട്. അതുവരെ അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ചശേഷം സിനഡിൽ പൂർണനിയമനം നൽകാം. സഹായമെത്രാന്മാരെയും നിയോഗിക്കാം. അതോടെ അതിരൂപതയെ വരുതിയിലാക്കാൻ കഴിയുമെന്നാണ് ഔദ്യോഗികപക്ഷം കരുതുന്നത്.
കഴിഞ്ഞസിനഡിനുശേഷം മാർ കരിയിൽ കടുത്ത സമ്മർദത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്തവർ സൂചിപ്പിക്കുന്നത്. തന്റെ ഒപ്പും സീലും ബലമായി വാങ്ങി കുർബാന ഏകീകരണത്തെ അനുകൂലിച്ച് ഉത്തരവിറക്കിയെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. കഴിഞ്ഞ 19-നാണ് അപ്പൊസ്തൊലിക് നുൺഷ്യോ ഡൽഹിയിലേക്കു വിളിപ്പിച്ചു രാജിസമർപ്പിക്കാൻ മാർ കരിയിലിനോടു നിർദേശിച്ചത്. ചൊവ്വാഴ്ച വരെയാണ് സമയം നൽകിയത്.
തനിക്കെതിരേ നടപടിയെടുക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നുൺഷ്യോയ്ക്ക് കത്തു നൽകിയിരുന്നു. അതിനു മറുപടി കിട്ടിയിട്ടില്ല. വിശ്വാസപരമായ കാര്യങ്ങളിൽ ഇളവു നൽകാൻ രൂപത മെത്രാന് കാനോനിക നിയമപ്രകാരം അധികാരമുണ്ടായിരിക്കെ ഇപ്പോഴുണ്ടായ നടപടികൾ അസാധാരണമാണെന്നാണ് വൈദികരുടെ പ്രതികരണം. ഈവർഷം ഡിസംബർ 25 വരെയാണ് അദ്ദേഹം ഇളവു നൽകിയിരിക്കുന്നത്. അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി കുർബാന ഏകീകരണം നടപ്പാക്കിയാലും വൈദികർ വഴങ്ങിയില്ലെങ്കിൽ പിന്നെയും പ്രതിസന്ധിയാകും.
72-ാം വയസ്സിൽ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ രാജിക്കത്തു നൽകിയതാണ് ഇതിന് മുന്ന് നടന്ന സംഭവങ്ങൾ. ആരാധനകളിൽ ഭാരതവത്കരണം നടത്തുന്നുവെന്ന് അദ്ദേഹത്തെക്കുറിച്ച് പൗരസ്ത്യ തിരുസംഘത്തിനു മുന്നിൽ പരാതികളുണ്ടായിരുന്നു. ഒരു യുവതിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ കൊച്ചി ബിഷപ്പ് (ലത്തീൻ രൂപത) ജോൺ തട്ടുങ്കലിനെ മാർപ്പാപ്പ പുറത്താക്കി. ഭൂമിയിടപാട് വിവാദങ്ങളെത്തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ നേരിട്ടുള്ള ഭരണച്ചുമതലയിൽനിന്നു വത്തിക്കാൻ ഒഴിവാക്കുകയും രണ്ടു സഹായമെത്രാന്മാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ