കൊച്ചി: വത്തിക്കാൻ പ്രതിനിധിയുടെ ആവശ്യപ്രകാരം, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിൽ രാജി വച്ചു. ആന്റണി കരിയിലിനെതിരായ നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തിയിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതിയ രാജിക്കത്ത് വത്തിക്കാൻ പ്രതിനിധിക്ക് കൈമാറി.

സിറോ മലബാർ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധി ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലിയാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തി വികാരി മാർ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തേ നൽകിയ നിർദ്ദേശമനുസരിച്ച് രാജിവെക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടതായും അതുപ്രകാരമാണ് മാർ ആന്റണി കരിയിൽ രാജി വെച്ചതെന്നുമാണ് വിവരം.

ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാന്റെയും സിനഡിന്റെയും നിർദ്ദേശം പാലിക്കാതിരുന്നതിനാണ് നടപടിയെന്നാണ് സൂചന. ഭൂമിയിടപാട്, കുർബാന ഏകീകരണം തുടങ്ങി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തർക്കത്തിൽ മാർ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിച്ച വൈദികർക്കൊപ്പമായിരുന്നു ബിഷപ്പ് ആന്റണി കരിയിൽ. സഭയിലെ 35 രൂപതകളിൽ എറണാകുളം അതിരൂപതയിൽ മാത്രമാണ് ഏകീകൃത കുർബാന അർപ്പണം നടപ്പാക്കാത്തത്.

ബിഷപ്പ് കുര്യൻ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു വത്തിക്കാൻ സ്ഥാനപതിയും ബിഷപ്പ് ആന്റണി കിരിയിലുമായുള്ള കൂടിക്കാഴ്‌ച്ച. ബിഷപ്പിന്റെ രാജിയോടെ അതിരൂപതയിൽ അഡ്‌മിനിസ്‌ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും. തീരുമാനങ്ങൾ സിറോ മലബാർ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരെ ഉയർന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു. മെത്രാപൊലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നുവരെ ബിഷപ്പ് മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്റണി കരിയിലിനെ നേരിൽ കാണുന്നതിന് വത്തിക്കാൻ സ്ഥാനപതി എത്തിയത്.

കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമായിരുന്നു. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും കരിയിലിനെയാണ് പിന്തുണയ്ക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് രാജിവെക്കേണ്ടതെന്നാണ് ഇവരുടെ നിലാപാട്. ഇന്നലെ സഭാ ആസ്ഥാനത്ത് വൈദികരും അൽമായരും യോഗം ചേർന്ന് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുകയും ഇരുനൂറോളം വൈദികർ ഒപ്പിട്ട കത്ത് മെത്രാന്മാർക്ക് അയക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാൻ വത്തിക്കാൻ ആവശ്യപ്പെട്ടത്. ചേർത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ൽ ആണ് ചുമതലയേറ്റത്.