തിരുവനനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ ബലാത്സംഗ കേസിൽ അറസ്റ്റിലായപ്പോൾ അഴിഞ്ഞു വീഴുന്നത് വലിയൊരു സാമ്രാജ്യം കൂടിയാണ്. വത്തിക്കാനുമായി വരെ വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന മെത്രാന് ക്രമേണ ഒരു വൻശക്തിയായി തന്നെ മാറുകയായിരുന്നു. സഭയിലും സമൂഹത്തിലും അധികാരകേന്ദ്രങ്ങളുമായി അടുത്തബന്ധം സ്ഥാപിച്ചാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ശക്തിയാർജിച്ചത്. ജലന്ധർരൂപതയിലെ ഒരുലക്ഷത്തോളം വരുന്ന കത്തോലിക്കാവിശ്വാസികൾ പഞ്ചാബിലെ നാലുനിയമസഭാമണ്ഡലങ്ങളിൽ നിർണായകശക്തിയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി വിലപേശാൻ അദ്ദേഹത്തിന് സാധിച്ചു.

ജലന്ധർരൂപതാ വൈദികനെന്ന നിലയിൽ പഠന കാലത്തുതന്നെ അവിടെ പ്രമുഖരുമായി ബന്ധങ്ങളുണ്ടാക്കാൻ ഫ്രാങ്കോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രൂപതയ്ക്കുകീഴിലുള്ള നാല്പതോളം സ്‌കൂളുകളിൽ പലതിലും സമൂഹത്തിലെ ഏറ്റവും ഉന്നതരുടെ മക്കളാണ് പഠിക്കുന്നത്. ഈബന്ധങ്ങളും തന്റെ സ്വാധീനശേഷി വർധിപ്പിക്കാൻ പ്രയോജനപ്പെടുത്തി. സിഖ് സമുദായവുമായി സൗഹാർദം പുലർത്തിയിരുന്ന ഫ്രാങ്കോ, സുവർണക്ഷേത്രത്തിലും മറ്റും സന്ദർശനം നടത്തുകയും ഗുരുനാനാക്കിന്റെ ആശയങ്ങളെക്കുറിച്ച് പ്രസംഗിക്കുകയുംചെയ്തിരുന്നു. ഇത് അദ്ദേഹത്തിന് അവിടെ ഏറെ ആദരവ് നേടിക്കൊടുത്തു.

2009-ൽ ഡൽഹി സഹായമെത്രാനായതോടെ രാഷ്ട്രീയ ബന്ധങ്ങൾകൂടി. കോൺഗ്രസ്-ബിജെപി. നേതാക്കളുമായി ഒരേസമയം അടുപ്പം പുലർത്താൻ ഫ്രാങ്കോ ശ്രദ്ധിച്ചു. തൃശ്ശൂരുനിന്നുള്ള കോൺഗ്രസിലെ ഉന്നതനേതാവ് ഫ്രാങ്കോയുടെ ചങ്ങാതിയായിരുന്നു. ഇതുവഴി കോൺഗ്രസിന്റെ തലപ്പത്തുള്ളവരുമായിവരെ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. വത്തിക്കാനിലും ഫ്രാങ്കോയ്ക്ക് നിർണായകസ്വാധീനമുണ്ട്. അവിടെ അൽഫോൻസ അക്കാദമിയിൽനിന്ന് മോറൽ തിയോളജിയിലാണ് ഡോക്ടറേറ്റെടുത്തത്. ഇക്കാലത്ത് വത്തിക്കാനിലെ ചില കർദിനാൾമാരുടെ മാനസപുത്രനാകാൻ കഴിഞ്ഞതാണ് മറ്റുപലരെയും മറികടന്ന് ഡൽഹി സഹായമെത്രാനാകാനും വൈകാതെ ജലന്ധർ ബിഷപ്പാകാനും ഫ്രാങ്കോയെ തുണച്ചതെന്ന് ആരോപണമുണ്ട്.

സാധാരണ മിഷൻ രൂപതകളിൽനിന്ന് വ്യത്യസ്തമായി ജലന്ധറിന് സ്വത്തും സ്ഥാപനങ്ങളുമുണ്ട്. സമ്പത്ത് ആർജിക്കുന്നതിനുള്ള അവസരങ്ങൾ ഫ്രാങ്കോ പ്രയോജനപ്പെടുത്തി. ജലന്ധറിൽ വ്യവസായസംരംഭങ്ങൾ വരെ തുടങ്ങി. ആഘോഷങ്ങളിലും ആർഭാടങ്ങളിലും തത്പരനായ ബിഷപ്പ് ഭൂരിഭാഗം വിശ്വാസികളുടെയും പ്രിയപ്പെട്ടവനായിരുന്നു. സഭാപിതാക്കന്മാരടക്കമുള്ളവരുമായി അടുപ്പമുണ്ടാക്കി.

ജലന്ധറിലെ മറ്റു സന്ന്യാസ സഭകളിൽപ്പെട്ട വൈദികർ ഫ്രാങ്കോയുമായി അടുപ്പത്തിലായിരുന്നില്ല. അതിരൂപത നടത്താൻ ഏൽപ്പിച്ചിരുന്ന സ്ഥാപനങ്ങൾ പല സഭകളിൽനിന്നും ബിഷപ്പ് തിരിച്ചുപിടിക്കുകയും സ്വന്തം മേൽനോട്ടത്തിലാക്കുകയും ചെയ്തു. കൂടാതെ, ഫ്രാൻസിസ്‌കൻ മിഷനറീസ് ഓഫ് ജീസസ് എന്ന സഭ സ്ഥാപിച്ച് അതിനായി സ്വത്ത് ആർജിക്കുന്നതിൽ ശ്രദ്ധവെച്ചു. മറ്റുസഭകളിൽനിന്ന് പുറത്താക്കിയ വൈദികരടക്കമുള്ളവരെ ഫ്രാങ്കോ തന്റെ സഭയിൽ ചേർത്തു. ജലന്ധർ രൂപതയിലെതന്നെ സീനിയർ വൈദികരിൽ പലരും ഫ്രാങ്കോയുടെ നടപടികളിൽ അസ്വസ്ഥരായിരുന്നു.

കന്യാസ്ത്രീയുടെ പീഡനാരോപണത്തെ സ്വാധീനവും അധികാരവും ഉപയോഗിച്ച് ഇല്ലാതാക്കാൻ കഴിയുമെന്ന അമിത വിശ്വാസമാണ് ഫ്രാങ്കോയ്ക്ക് വിനയായതെന്ന് ജലന്ധറിൽനിന്നുള്ള വൈദികർതന്നെ പറയുന്നു. തുടക്കത്തിൽ ജലന്ധറിൽനിന്ന് വലിയ പിന്തുണ ലഭിച്ചെങ്കിലും കേസ് ശക്തമായതോടെ വേണ്ടപ്പെട്ടവർ കൈയൊഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മറ്റുചില കന്യാസ്ത്രീകളെയും കഴുകൻകണ്ണുകളോടെ നോക്കിയിരുന്നുവെന്ന് പീഡനത്തിനിരയായ കുറവിലങ്ങാട്ടെ കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആരിലെങ്കിലും ഇഷ്ടം തോന്നിയാൽ കെണിയിൽപ്പെടുത്തുമായിരുന്നെന്ന് കത്തിലുണ്ട്. 2017 ഏപ്രിലിൽ ഒരു കന്യാസ്ത്രീയുടെ പ്രാർത്ഥനാമുറിയിൽനിന്ന് അദ്ദേഹത്തെ കൈയോടെ പിടികൂടി. ജൂനിയർ കന്യാസ്ത്രീകൾ മാത്രമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് ഇവരെ മാറ്റുകയാണ് ഫ്രാങ്കോ ചെയ്തത്. അതേയാഴ്ചതന്നെ അദ്ദേഹമവിടെ പോകുകയും രാത്രി തങ്ങുകയും ചെയ്തു. ആത്മീയകാര്യങ്ങൾക്കെന്നുപറഞ്ഞ് രാത്രി 12 വരെയും കന്യാസ്ത്രീയെ മുറിയിലിരുത്തി. പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോർത്ത് ആരും ഒന്നും മിണ്ടിയില്ല. ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടും ബിഷപ്പിനെ തൊടാൻ സഭയും പൊലീസും മടിച്ചു ഇതിന് കാരണം ബിഷപ്പിന്റെ സ്വാധീനമായിരുന്നു.

സ്വന്തമായി കന്യാസ്ത്രീ മഠവും വൈദിക സഭയും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. തനിക്ക് ഇഷ്ടങ്ങൾ നിവർത്തിക്കാൻ വേണ്ടിയായിരുന്നു ഇത്. വൈദിക മഠത്തിലൂടെ തന്നെ മാത്രം പിന്തുണയ്ക്കുന്ന വൈദികരെ ഉണ്ടാക്കി. ഇവരെ ഗുണ്ടകളെ പോലെ ഉപയോഗിച്ചു. എല്ലാ സെമിനാരികളിലും ചാരന്മാരായി ഇവരെ നിയമിച്ചു. അങ്ങനെ ജലന്ധർ രൂപതയെ എല്ലാ അർത്ഥത്തിലും കൈക്കുള്ളിലാക്കി ഫ്രാങ്കോ വിരാജിച്ചു. ഇതോടെ രൂപതയിലെ പള്ളികളിൽ നിരവധി വിമതരും എത്തി. പലരും ബിഷപ്പിനെ ചോദ്യം ചെയ്തു. ഇതിനെ ചാരന്മാരെ നിയോഗിച്ചാണ് ഫ്രാങ്കോ നേരിട്ടത്. സ്വന്തം സന്യാസി സഭയിൽ നിന്നെത്തിയ വിശ്വസ്തരെ എല്ലാ അരമനയിലും നിയോഗിച്ചു. തനിക്കെതിരെ ചെറുവിരൽ അനങ്ങിയാൽ പോലും ബിഷപ്പ് അപ്പോൾ തന്നെ അറിഞ്ഞു. പഞ്ചാബ് പൊലീസിലെ വിശ്വസ്തരെ ഉപയോഗിച്ചും അതീവ രഹസ്യമായി കാര്യങ്ങൾ നിരീക്ഷിച്ചു.

അങ്ങനെ സത്യത്തിനൊപ്പം നീങ്ങിയവരെ എല്ലാം അരിഞ്ഞു വീഴ്‌ത്തുന്ന തരത്തിൽ ഇടപെടൽ നടത്തി ഫ്രാങ്കോ മുന്നോട്ട് പോയി. പ്രാർത്ഥനാലയം കൈക്കലാക്കാൻ ഫാ ബേസിലിനെ എല്ലാ അർത്ഥത്തിലും ഇല്ലായ്മ ചെയ്യുകയായിരുന്നു ഫ്രാങ്കോ ചെയ്തത്. ഇതിനെ ആർക്കും എതിർക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല. ഇത്തരത്തിലൊരു ബിഷപ്പാണ് അഴിക്കുള്ളിലാകുന്നത്.

ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഫ്രാങ്കോ മുളയ്ക്കൽ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും ഫ്രാങ്കോ മുളയ്ക്കലിന് അടുപ്പമുണ്ട്. രാജ്നാഥ് സിങ് വഴിയാണ് അമിത് ഷായുമായി ബിഷപ്പ് അടുപ്പത്തിലാകുന്നത്. ഫ്രാങ്കോ മുളയ്ക്കലിനേയും ബിജെപി നേതൃത്വത്തേയും അടുപ്പിച്ചത് അൽഫോൻസ് കണ്ണന്താനത്തിന്റെ രാഷ്ട്രീയ നീക്കമാണ്. ഇടത് സഹയാത്രികനായിരുന്ന കാഞ്ഞിരപ്പള്ളി എംഎൽഎ പെട്ടെന്നൊരു ദിവസം ബിജെപിക്കാരനായി. സഭകളുടെ ഇടപെടലുകളിലൂടെ കണ്ണന്താനം ബിജെപിയിൽ എത്തിയത് തന്റെ ക്രെഡിറ്റിലേക്ക് എത്തിക്കാൻ ഫ്രാങ്കോ മുളയ്ക്കലിനായി. ഇതോടെ ബിജെപി നേതാക്കളുടെ പ്രിയപ്പെട്ട സഭാ നേതാവായി ഫ്രാങ്കോ മാറി. 2005 മുതൽ 2009വരെ രാജാനാഥ് സിംഗായിരുന്നു ബിജെപി പ്രസിഡന്റ്. പിന്നീട് നിഥിൻ ഗഡ്ഗരിയും അമിത് ഷായും എത്തിയപ്പോഴും ഈ ബന്ധം തുടർന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓർത്തഡോക്സ് വൈദികർക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പ്രതികൾക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും 25 പേജുള്ള റിപ്പോർട്ടിൽ കുറ്റപ്പെടുത്തുകയും ചെയ്തു. വൈദികർക്കെതിരായ പരാതികളിൽ പൊലീസ് അന്വേഷണം ഇഴയുകയാണ്. സർക്കാർ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധർ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണമെന്നും രേഖ ശർമ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ് പൂഴ്‌ത്തുകയാണ് ചെയ്തത്. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലുകൾക്കും പരിമിതി വന്നു. ഇതിനെല്ലാം കാരണം ബിഷപ്പിന്റെ സ്വാധീന ശക്തിയുടെ ഫലമായിരുന്നു.

1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. കേരളത്തിലെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കൾക്കും ബിഷപ്പിന്റെ ഉന്നത ബന്ധം പലപ്പോഴും തുണയായിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്ന വിഷയത്തിലും ജലന്ധർ ബിഷപ് സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കന്യാസ്ത്രീയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തിൽ പെടുന്നത്. മലബാറിൽനിന്നുള്ള ഒരു കോൺഗ്രസ് നേതാവിനെ കെ പി സി സി അധ്യക്ഷൻ ആക്കാൻ രാഹുൽ ഗാന്ധിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ നേതാവിനെ രാഹുൽ ഗാന്ധി സന്ദർശനാനുമതി സമീപകാലത്തു നിഷേധിച്ചിരുന്നു. തുടർന്ന് ഈ നേതാവ് ജലന്ധറിലെത്തി ബിഷപ്പിനെ സന്ദർശിച്ചു. ഇതോടെ അനുമതി കിട്ടിയെന്നാണ് സൂചന.

ഇദ്ദേഹത്തെ തന്നെ കെ പി സി സി പ്രസിഡന്റ് ആക്കാൻ ജലന്ധർ ബിഷപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും ഫോണിൽ വിളിച്ചു ശുപാർശ പറഞ്ഞിരുന്നു. കഴിഞ്ഞ കെ പി സി സി പുനഃസംഘടനയിൽ മലബാറിൽ നിന്നുള്ള ഒരു യുവനേതാവ് ജനറൽ സെക്രട്ടറിയായതിലും ബിഷപ്പിന്റെ സ്വാധീനമുണ്ടെന്നാണ് സൂചന. കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ജലന്ധർ ബിഷപ്പിന്റെ ഉറ്റ സുഹൃത്തുക്കളാണ്. ഇതു കാരണമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരാൻ മടിച്ചതും. 2019 -ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രിസ്തീയസഭയെ ബിജെപി പക്ഷത്തെത്തിക്കാനുള്ള നീക്കത്തിനും നേതൃത്വം നൽകുന്നത് ഗുജറാത്തിൽനിന്നുള്ള ഒരു ബിഷപ്പും ജലന്ധർ ബിഷപ്പുമാണ്. ഇവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 16 ബിഷപ്പുമാർ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈസ്തവ സഭയിൽപെട്ട ഒരാളെ കേന്ദ്രമന്ത്രി ആക്കിയത്. ഇടതുപക്ഷത്തുള്ള പല നേതാക്കളുമായും ബിഷപ്പിന് നല്ല ബന്ധമുണ്ട്.

സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തിയാണ് സഭ രൂപീകരിച്ചത്. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി. അതായത് തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്.

ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കാണ്. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള സാമ്പത്തിക കരുത്ത് ബിഷപ്പ് നേടിയിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തിൽ, തന്റെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യം. സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ അഗിന്റെ(അഗസ്റ്റിൻ) നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു.

ബെങ്കയിൽ പ്രവാസിയിൽ നിന്നും ഫ്രാങ്കോ ഒരു വലിയ കെട്ടിടം വാങ്ങി. അതൊരു ശീതീകരിച്ച സ്‌കൂളായിരുന്നു. ഇതിനെയാണ് സെമിനാരിയായി മാറ്റിയത്. അതിന് ശേഷം കേരളത്തിൽ നിന്നും 89 പേരെ ഇവിടെ കൊണ്ടു വന്ന് അച്ചൻ പട്ടത്തിന് പഠിപ്പിച്ചു. ഇവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി നൽകി. തന്റെ വിശ്വസ്തർക്ക് സെമിനാരിയുടെ ചുമതലയും നൽകി. നാട്ടിലേക്ക് വരാനും പോകാനും പോലും എസ് സി എയർ ടിക്കറ്റുകളാണ് അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്ക് നൽകിയത്. സുഖിമാന്മാരായ അച്ചന്മാരെ സൃഷ്ടിച്ച് തന്റെ രൂപതയിലെ കൊള്ളരുതായ്മകളെ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തിയത്. തനിക്കെതിരെ തിരിയുന്ന അച്ചന്മാരേയും വിദ്യാർത്ഥികളേയും ക്രൂര പീഡനത്തിനും ഇരയാക്കി. ഇല്ലാക്കഥകൾ മെനഞ്ഞ് അവരെ മാനസികമായും തളർത്തി. ഇത് സഭയിലെ വാട്സാപ്പിലും മറ്റും ചർച്ചയാക്കുകയും ചെയ്തു.