കൊച്ചി: പൊലീസ് കസ്റ്റഡിയിലുള്ള ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അൽപ്പസമയത്തിനകം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കും. ഇതിന് ശേഷം നാളെ തന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കാൻ വൈകിയതു കൊണ്ടാണ് ഇത്രയും സമയം ഔദ്യോഗികമായി അറസ്റ്റു വൈകുന്നതെന്ന് രേഖപ്പെടുത്താതിരുന്നത്. ഇക്കാര്യം എസ്‌പി ഹരിശങ്കർ വ്യക്തമാക്കി. ബിഷപ്പിനെതിരായ ബലാത്സംഗ കേസ് തെളിഞ്ഞതായും എസ്‌പി പറഞ്ഞു.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്‌പി ഓഫിസിൽ നടന്ന രണ്ടു ദിവസവും ഏഴ് മണിക്കൂറും നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്യാൻ ഒരുങ്ങുന്നത്. സാങ്കേതികമായി മാത്രമാണ് അറസ്റ്റു നടക്കാനുള്ളത്. വൈദ്യപരിശോധനക്ക് ശേഷം പാല മജിസ്ട്രേറ്റിന്റെ മുന്നിൽ ബിഷപ്പിനെ ഹാജരാക്കുമ്പോൾ രാത്രിയാകും എന്ന കാര്യം ഉറപ്പാണ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും പീഡനം നടന്ന സ്ഥലങ്ങളിൽ തെളിവെടുക്കുന്നതിനും വേണ്ടി ബിഷപ്പിനെ രണ്ട് ദിവസം കസ്റ്റഡിയിൽ ലഭിക്കാനായി അന്വേഷണസംഘം അപേക്ഷ നൽകുമെന്നാണ് വിവരം. അതേസമയം ഇന്ന് രാത്രിബിഷപ്പ് എവിടെ കഴിയുമെന്ന കാര്യം മാത്രമാണ് അറിയാനുള്ളത്.

നടപടികൾ പൂർത്തിയാക്കാൻ വൈകുന്നതാണ് അറസ്റ്റ് വൈകാൻ ഇടയാക്കുന്നത്. അറസ്റ്റിന് മുമ്പ് തയാറാക്കിയ റിമാൻഡ് റിപ്പോർട്ട് പരിശോധനക്കായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അനുമതിക്കായി ഐ.ജിക്കും അയച്ചു കൊടുത്തിരുന്നു. ഇതിന് ശേഷം ഇരുവരുടെയും മറുപടി ലഭിച്ച ശേഷമാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ ഈ വിവരം പഞ്ചാബ് പൊലീസിനെയും അവിടത്തെ അഭിഭാഷകനെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെയും കേരളാ പൊലീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ബിഷപ്പിന് ഇടക്കാല ജാമ്യം ലഭിക്കുന്നതിനുള്ള നീക്കങ്ങൾ അദ്ദേഹത്തിന്റെ അഭിഭാഷകരും ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, രാവിലെ 9.50ന് കുറവിലങ്ങാട് മഠത്തിലെത്തിയ വാകത്താനം സിഐ കന്യാസ്ത്രീയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ് കൃത്യത വരുത്തി. മൊഴികളിലെ വൈരുധ്യവും ബിഷപ്പിന്റെ വിശദീകരണവും സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് കന്യാസ്ത്രീയെ വീണ്ടും കണ്ടത്. ഇതിന് ശേഷമാണ് അറസ്റ്റിലേക്ക് നടന്നത്. ബിഷപ്പിന്റെ അറസ്റ്റുവിവരം പുറത്തുവന്നതോടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും സമരപന്തലിൽ ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്. എന്നാൽ നീതി തേടും വരെ ബിഷപ്പിനെതിരായ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകളും സമരക്കാരും അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസിൽ എസ്‌പി ഹരിശങ്കർ നടത്തിയ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ബിഷപ്പിന്റെ മൊഴികൾ വിശദമായി വിലയിരുത്തിയിരുന്നു. ഇതോടെ തനനെ അറസ്റ്റിലേക്ക് നീങ്ങുമെന്ന വിവരം വ്യക്തമായിരുന്നു. ഐജിയിൽ നിന്ന് വാങ്ങിയാണ് എസ്‌പി ചോദ്യം ചെയ്യൽ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു.

 10 ശതമാനം കാര്യങ്ങളിൽ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്‌പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിഷപ്പ് പറഞ്ഞ ചില മറുപടിയിൽ വ്യക്തത വരുത്താൻ വെള്ളിയാഴ്ച തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യൽ നടക്കുമ്പോൾ തന്നെ സമാന്തരമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വാകത്താനം സിഐ രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും അത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുന്നതിനാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തത്. രാവിലെ 9.50 ന് എത്തിയ സംഘം 10.30നാണ് മൊഴിയെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്.

അതേസമയം ബലാൽസംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പിൽ നിന്ന് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നിയമതടസ്സമില്ല എന്ന് തന്നെയാണ് നിയമോപദേശവും കിട്ടിയിരിക്കുന്നത്. പിന്നേയും വൈകുന്നത് ശരിയല്ലെന്ന അഭിപ്രയാം അന്വേഷണ സംഘത്തിനുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന് കൂടുതൽ കുരുക്കായത് 2014 മെയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങൾ കുടുക്കിയിരുന്നു. ബിഷപ്പിന്റെ മറുപടികളിലേറെയും ദുർബലമോ കള്ളമോ ആണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലിൽ വ്യക്തമായി.

ആദ്യം ബലാത്സംഗം ചെയ്തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നൽകിയത്. സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പൊലീസ് തെളിവുകൾ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തിൽ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്. ഇതുമാത്രം മതി അറസ്റ്റിനെന്നാണ് അ്‌ന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ, കാർഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പൊലീസ് പറയുന്നു. നിജസ്ഥിതി അറിയാൻ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പൊലീസ് പറഞ്ഞു. അവിടത്തെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതൽ പ്രതിരോധത്തിലായി. അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഇരുവരും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ച്, താനും അവരുമായി ഒരു പ്രശ്നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം.

മൂന്നാംദിവസത്തെ ചോദ്യംചെയ്യലിനായി ബിഷപ് തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിൽ പത്തരയോടെ എത്തി. രണ്ടാം ദിവസത്തിലെ ചോദ്യം ചെയ്യലിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉത്തരംമുട്ടിക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ തെളിവുകൾ. പീഡനം നടന്ന ദിവസങ്ങളിൽ കുറവിലങ്ങാട് മഠത്തിൽ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതൽ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകൾ നിരത്തി അന്വേഷണ സംഘം പൊളിച്ചു.

അതിനിടെ അറസ്റ്റു ഉറപ്പായ ഘട്ടത്തിൽ തന്നെ ബിഷപ്പിനെ താൽകാലികമായി ചുമതലകളിൽ നിന്നും നീക്കിയിരുന്നു. തന്നെ ചുമതലകളിൽ നിന്ന് നീക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യർത്ഥന പ്രകാരമാണ് വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശാനുസരണം കെസിബിസിയുടെ നടപടി കൈക്കൊണ്ടത്. കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് ഇടയ്ക്കിടെ പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തൽക്കാലത്തേക്ക് ചുമതലകളിൽ നിന്ന് നീക്കണമെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നത്.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്‌പി ഓഫിസിൽ വച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെയുടെ സാന്നിധ്യത്തിൽ കോട്ടയം എസ്‌പി. എസ്. ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്‌പി കെ. സുഭാഷ്, ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് എന്നിവരാണ് ചോദ്യം ചെയ്തത്. ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം 500 ചോദ്യങ്ങൾ അടങ്ങുന്ന പട്ടികയാണ് തയാറാക്കിയിരുന്നത്. ജലന്ധറിൽ നടന്ന ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ബിഷപ്പും നേരത്തേ കന്യാസ്ത്രീയും നൽകിയ മൊഴികളിലെ വൈരുധ്യം നീക്കാൻ ലക്ഷ്യമിട്ട് 104 ചോദ്യങ്ങളാണ് ബിഷപ്പിന് മുന്നിൽ ഉന്നയിച്ചത്.

ആദ്യഘട്ട ചോദ്യം ചെയ്യലിലും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും പറഞ്ഞ കാര്യങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. ചോദ്യം ചെയ്യലിൽ പതറിപ്പോയ ബിഷപ്പ് പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം അന്വേഷണ സംഘത്തിന് നൽകിയിരുന്നില്ല. ചോദ്യങ്ങൾക്കെല്ലാം ഇല്ല, ഓർമ്മയില്ല എന്നീ മറുപടികളാണ് ബിഷപ്പ് ഫ്രാങ്കോ നൽകിയത്. ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ആവർത്തിച്ച ബിഷപ്, കന്യാസ്ത്രീക്ക് അയച്ച മൊബൈൽ സന്ദേശങ്ങളുടെ പകർപ്പും അവർക്കൊപ്പം പങ്കെടുത്ത ചടങ്ങിന്റെ വിഡിയോയും തെളിവായി ഹാജരാക്കുകയും ചെയ്തു.

ജൂൺ 27നാണ് കോട്ടയം ജില്ല പൊലീസ് മേധാവി മുമ്പാകെ കന്യാസ്ത്രീ പരാതി നൽകിയത്. പരാതി ലഭിച്ച സഭാ നേതൃത്വം ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാതെ വിഷയം ഒതുക്കി തീർക്കാനാണ് ശ്രമം നടത്തിയത്. ഇതിനായി കന്യാസ്ത്രീ അംഗമായ ജലന്ധറിലെ മിഷിണറീസ് ഓഫ് ജീസസ് മഠത്തിലെ നേതൃത്വം വഹിച്ചവർ കുറവിലങ്ങാടെത്തി ഇരയുടെ ബന്ധുക്കളുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, ബിഷപ്പിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തിൽ കന്യാസ്ത്രീയും ബന്ധുക്കളും ഉറച്ചുനിന്നു.

ലത്തിൻ കത്തോലിക്ക സഭയിലെ ജലന്തർ രൂപതാ ബിഷപ്പും തൃശൂർ സ്വദേശിയുമായ ഫ്രാങ്കോ മുളയ്ക്കൽ 2014 മുതൽ 2016 വരെ കുറവിലങ്ങാട്, ജലന്തർ എന്നീ സ്ഥലങ്ങളിൽ വെച്ച് 13 തവണ പീഡനത്തിനിരയാക്കിയെന്നാണ് കോട്ടയം എസ്‌പിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പരാതി അന്വേഷിക്കാൻ വൈക്കം ഡി.വൈ.എസ്‌പി സുഭാഷ് കുമാറിനെ എസ്‌പി ചുമതലപ്പെടുത്തി. തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.