ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറ്റതോഴനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. അതുകൊണ്ട് തന്നെ ബലാത്സംഗ പരാതി കടുത്തിട്ടും ജാമ്യത്തിനായി കോടതിയെ പോലും സമീപിക്കാതെ ബിഷപ്പ് ഉറച്ച മനസ്സുമായി നിൽക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കേരളാ പൊലീസിനില്ലെന്നും പറയുന്നു. തനിക്ക് കേരളത്തിൽ മാത്രമല്ല ഡൽഹിയിലും പിടിപാടുണ്ടെന്ന ഫ്രാങ്കോയുടെ വാദം ശരിയാണെന്ന് മറുനാടന്റെ അന്വേഷണത്തിലും തെളിഞ്ഞു. ബിജെപിയിലും കോൺഗ്രസിലും അടുത്ത സുഹൃത്തുക്കൾ ബിഷപ്പിനുണ്ട്. അതുകൊണ്ടാണ് ബിഷപ്പിനെതിരായ വിവാദങ്ങൾ വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറാത്തതും.

ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഫ്രാങ്കോ മുളയ്ക്കൽ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും ഫ്രാങ്കോ മുളയ്ക്കലിന് അടുപ്പമുണ്ട്. രാജ്നാഥ് സിങ് വഴിയാണ് അമിത് ഷായുമായി ബിഷപ്പ് അടുപ്പത്തിലാകുന്നത്. ഫ്രാങ്കോ മുളയ്ക്കലിനേയും ബിജെപി നേതൃത്വത്തേയും അടുപ്പിച്ചത് അൽഫോൻസ് കണ്ണന്താനത്തിന്റെ രാഷ്ട്രീയ നീക്കമാണ്. ഇടത് സഹയാത്രികനായിരുന്ന കാഞ്ഞിരപ്പള്ളി എംഎൽഎ പെട്ടെന്നൊരു ദിവസം ബിജെപിക്കാരനായി. സഭകളുടെ ഇടപെടലുകളിലൂടെ കണ്ണന്താനം ബിജെപിയിൽ എത്തിയത് തന്റെ ക്രെഡിറ്റിലേക്ക് എത്തിക്കാൻ ഫ്രാങ്കോ മുളയ്ക്കലിനായി. ഇതോടെ ബിജെപി നേതാക്കളുടെ പ്രിയപ്പെട്ട സഭാ നേതാവായി ഫ്രാങ്കോ മാറി. 2005 മുതൽ 2009വരെ രാജാനാഥ് സിംഗായിരുന്നു ബിജെപി പ്രസിഡന്റ്. പിന്നീട് നിഥിൻ ഗഡ്ഗരിയും അമിത് ഷായും എത്തിയപ്പോഴും ഈ ബന്ധം തുടർന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓർത്തഡോക്സ് വൈദികർക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പ്രതികൾക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും 25 പേജുള്ള റിപ്പോർട്ടിൽ കുറ്റപ്പെടുത്തുകയും ചെയ്തു. വൈദികർക്കെതിരായ പരാതികളിൽ പൊലീസ് അന്വേഷണം ഇഴയുകയാണ്. സർക്കാർ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധർ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണമെന്നും രേഖ ശർമ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ് പൂഴ്‌ത്തുകയാണ് ചെയ്തത്. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലുകൾക്കും പരിമിതി വന്നു. ഇതിനെല്ലാം കാരണം ബിഷപ്പിന്റെ സ്വാധീന ശക്തിയുടെ ഫലമായിരുന്നു.

1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. കേരളത്തിലെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കൾക്കും ബിഷപ്പിന്റെ ഉന്നത ബന്ധം പലപ്പോഴും തുണയായിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്ന വിഷയത്തിലും ജലന്ധർ ബിഷപ് സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കന്യാസ്ത്രീയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തിൽ പെടുന്നത്. മലബാറിൽനിന്നുള്ള ഒരു കോൺഗ്രസ് നേതാവിനെ കെ പി സി സി അധ്യക്ഷൻ ആക്കാൻ രാഹുൽ ഗാന്ധിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ നേതാവിനെ രാഹുൽ ഗാന്ധി സന്ദർശനാനുമതി സമീപകാലത്തു നിഷേധിച്ചിരുന്നു. തുടർന്ന് ഈ നേതാവ് ജലന്ധറിലെത്തി ബിഷപ്പിനെ സന്ദർശിച്ചു. ഇതോടെ അനുമതി കിട്ടിയെന്നാണ് സൂചന.

ഇദ്ദേഹത്തെ തന്നെ കെ പി സി സി പ്രസിഡന്റ് ആക്കാൻ ജലന്ധർ ബിഷപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും ഫോണിൽ വിളിച്ചു ശുപാർശ പറഞ്ഞിരുന്നു. കഴിഞ്ഞ കെ പി സി സി പുനഃസംഘടനയിൽ മലബാറിൽ നിന്നുള്ള ഒരു യുവനേതാവ് ജനറൽ സെക്രട്ടറിയായതിലും ബിഷപ്പിന്റെ സ്വാധീനമുണ്ടെന്നാണ് സൂചന. കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ജലന്ധർ ബിഷപ്പിന്റെ ഉറ്റ സുഹൃത്തുക്കളാണ്. ഇതു കാരണമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരാൻ മടിക്കുന്നതും. രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും വെട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വി എം സുധീരൻ കന്യാസ്ത്രീയ്ക്ക് അനുകൂലമായ സമരപന്തലിലെത്തിയതും.

2019 -ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രിസ്തീയസഭയെ ബിജെപി പക്ഷത്തെത്തിക്കാനുള്ള നീക്കത്തിനും നേതൃത്വം നൽകുന്നത് ഗുജറാത്തിൽനിന്നുള്ള ഒരു ബിഷപ്പും ജലന്ധർ ബിഷപ്പുമാണ്. ഇവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 16 ബിഷപ്പുമാർ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈസ്തവ സഭയിൽപെട്ട ഒരാളെ കേന്ദ്രമന്ത്രി ആക്കിയത്. ഇടതുപക്ഷത്തുള്ള പല നേതാക്കളുമായും ബിഷപ്പിന് നല്ല ബന്ധമുണ്ട്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞിരുന്നു. എന്നാൽ പേടിക്കേണ്ടെന്ന ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്കുകളാണ് ബിഷപ്പിന് മാനസിക കരുത്തായതെന്നാണ് സൂചന. ഇതുകൊണ്ടാണ് ബിഷപ്പ് ജാമ്യത്തിന് പോലും ശ്രമിക്കാതിരുന്നത്. ക്രൈസ്തവ സഭയെ രാഷ്ട്രീയ നേതൃത്വവുമായി അടുപ്പിച്ച് നിർത്തുന്നതും ഫ്രാങ്കോയാണ്. അതുകൊണ്ട് കൂടിയാണ് ഫ്രാങ്കോയെ കൈവിടാൻ സഭയും മടിക്കുന്നതും.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മറ്റുചില കന്യാസ്ത്രീകളെയും കഴുകൻകണ്ണുകളോടെ നോക്കിയിരുന്നുവെന്ന് പീഡനത്തിനിരയായ കുറവിലങ്ങാട്ടെ കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. രണ്ടാംതവണയാണ് വത്തിക്കാൻ പ്രതിനിധി അപ്പൊസ്തലിക് നുൺഷ്യൊ ജിയാംബാറ്റിസ്റ്റ ഡിക്വാത്രോയ്ക്ക് കന്യാസ്ത്രീ പരാതി അയയ്ക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എത്രയുംവേഗം നീതി ലഭിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആരിലെങ്കിലും ഇഷ്ടം തോന്നിയാൽ കെണിയിൽപ്പെടുത്തുമായിരുന്നെന്ന് കത്തിലുണ്ട്. 2017 ഏപ്രിലിൽ ഒരു കന്യാസ്ത്രീയുടെ പ്രാർത്ഥനാമുറിയിൽനിന്ന് അദ്ദേഹത്തെ കൈയോടെ പിടികൂടി. ജൂനിയർ കന്യാസ്ത്രീകൾ മാത്രമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് ഇവരെ മാറ്റുകയാണ് ഫ്രാങ്കോ ചെയ്തത്. അതേയാഴ്ചതന്നെ അദ്ദേഹമവിടെ പോകുകയും രാത്രി തങ്ങുകയും ചെയ്തു. ആത്മീയകാര്യങ്ങൾക്കെന്നുപറഞ്ഞ് രാത്രി 12 വരെയും കന്യാസ്ത്രീയെ മുറിയിലിരുത്തി. പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോർത്ത് ആരും ഒന്നും മിണ്ടിയില്ല. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. നേരത്തേ, അന്വേഷണ ഉദ്യോഗസ്ഥരോട് ഈ വിവരം പറയാതിരുന്നത് ഈ സിസ്റ്ററുടെ ഭാവിയോർത്താണ്.

ബിഷപ്പിനെതിരേ പരാതിപ്പെട്ടതുമുതൽ സഭയ്ക്കുള്ളിൽ അവഗണന നേരിടുകയാണ്. സഭയുടെ ചില ഇരട്ടത്താപ്പുകളും കത്തിൽ ചൂണ്ടിക്കാട്ടുന്നുമുണ്ട്. തന്നോട് കരുണ കാണിക്കണമെന്ന് അവർ നുൺഷ്യൊയോട് ആവശ്യപ്പെടുന്നു. ഇനിയും വൈകിയാൽ അന്വേഷണം വഴിതെറ്റിക്കാൻ രൂപതയുടെ സമ്പത്തുമുഴുവൻ ഫ്രാങ്കോയും കൂട്ടാളികളും ഉപയോഗിക്കും. ഈ സ്വത്തും രാഷ്ട്രീയ കരുത്തുമായിരുന്നു ഫ്രാങ്കോയെ സഭയിലെ അതിശക്തനായത്.