കൊച്ചി: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ പീഡനം പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുർബാനയ്ക്ക് എത്തിയപ്പോഴാണെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ.2014 മെയ്‌ അഞ്ചിനാണ് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോൺവെന്റിലെ 20ാം നമ്പർ മുറിയിലായിരു പീഡനമെന്നും അനുപമ പറയുന്നു. അതിനിടെ ബുധനാഴ്ച ചോദ്യം ചെയ്യലിന് എത്തുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പൊലീസിനെ അറിയിച്ചു. ഇന്ന് രാത്രിയോടെ ബിഷപ്പ് കൊച്ചിയിലെത്തുമെന്നാണ് സൂചന. രഹസ്യ കേന്ദ്രത്തിൽ ബിഷപ്പിന് താമസമൊരുക്കാനാണ് അടുപ്പക്കാരുടെ നീക്കം. ചോദ്യം ചെയ്യൽ സ്ഥലം അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും ജലന്ധർ രൂപത പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒപ്പമാകും ബിഷപ്പ് കേരളത്തിലെത്തുക. ചോദ്യാവലി നൽകിയാകും ബിഷപ്പിനെ പൊലീസ് ചോദ്യം ചെയ്യുക. അതിന് അപ്പുറം ഒന്നും ഉണ്ടാകില്ലെന്നാണ് സൂചന.

ബിഷപ്പ് കേരളത്തിലെത്തിയത് അറിഞ്ഞാൽ പ്രതിഷേധങ്ങൾ ഉയരും. ഇത് മനസ്സിലാക്കിയാണ് താമസ സ്ഥലം രഹസ്യമാക്കി വയ്ക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ ഏറുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനിടെയാണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാൽ, ബിഷപ്പ് കന്‌സ്ത്രീയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. നാളത്തെ ചടങ്ങിൽ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് ഫ്രാങ്കോ സിസ്റ്ററിനെ നിർബന്ധപൂർവ്വം അവിടെ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് സിസ്റ്റർ അനുപമ പറഞ്ഞു. പിറ്റേന്ന് കാലടിയിലെ ഒരു പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുക്കാനായി കന്യാസ്ത്രീ ഫ്രാങ്കോയ്ക്കൊപ്പം പോകാൻ നിർബന്ധിതയായിയെന്നും വിശദീകരിക്കുന്നു.

കരഞ്ഞു കലങ്ങിയ കന്യാസത്രീയുടെ കണ്ണുകൾ കണ്ട് പള്ളിയിൽ വച്ച് ബന്ധുക്കൾ ചോദിച്ചപ്പോൾ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. സിസ്റ്ററിന് സ്ഥിരമായി ജലദോഷമുള്ളതിനാൽ എല്ലാവരും അത് വിശ്വസിച്ചു. അദ്യ പീഡനത്തിന്റെ പേരും പറഞ്ഞും ഭീഷണിപ്പെടുത്തിയും ഫ്രാങ്കോ പലതവണ സിസ്റ്ററെ പീഡിപ്പിക്കുകയായിരുന്നുവെന്നും അനുപമ പറഞ്ഞു. പിന്നീട് സിസ്റ്റർ എപ്പോഴും യാത്രകളിൽ ഒരാളെ കൂടെ കൂട്ടിയിരുന്നു. പീഡനത്തെ പറ്റി സഭയ്ക്ക് പരാതി നൽകിയതിന് സിസ്റ്ററും താനും ക്ഷമ പറയണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാതിരുന്നതോടെ ഞങ്ങളിരുവരും ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. പിന്നീട് ഫ്രാങ്കോ സമ്മർദ്ദം ചെലുത്താത്തതിനാൽ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ലെന്നും അനുപമ വെളിപ്പെടുത്തി.

ഞങ്ങളുടെ സമരം സഭയ്ക്കെതിരായല്ല. സഭയിൽ നിന്ന് നീതി ലഭിച്ചിരുന്നുവെങ്കിൽ ഞങ്ങൾ സമരത്തിനിറങ്ങില്ലായിരുന്നു. പരാതിയിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തെരുവിലേക്ക് ഇറങ്ങിയതെന്നും സിസ്റ്റർ അനുപമ പറഞ്ഞു. ഫ്രാങ്കോയുടെ മാനസിക-ശാരീരിക പീഡനങ്ങളിൽ 20 കന്യാസ്ത്രികളാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. അവർ ഇപ്പോൾ കുടംബജീവിതം നയിക്കുന്നതിനാലാണ് അതിനെ കുറിച്ച് കൂടുതൽ പറയാത്തത്. സഭയിൽ നിന്ന് പുറത്തുപോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. മനസ്സ് മടുത്ത് പുറത്തുപോകേണ്ടി വന്നാൽ ഭയമില്ല. നടപടികൾ വരുമ്പോൾ എന്തുവേണമെന്ന് തീരുമാനിക്കുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

കുമ്പസാരത്തിൽ വൈദികരുടെ മൊഴിയെടുക്കും

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട കന്യാസ്ത്രീ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിൽ പങ്കെടുത്ത കാലയളവിൽ കുമ്പസാരം നടത്തിയ 12 വൈദികരിൽനിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ വട്ടേൽ പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിയത്. എന്നാൽ പീഡനവിവരം സംബന്ധിച്ച് കുമ്പസാരം നടത്തിയോ എന്നറിയില്ലെന്നും അന്വേഷണ സംഘത്തോട് ഡയറക്ടർ പറഞ്ഞു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോപണം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ച ശേഷമാണ് കന്യാസ്ത്രീ ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ ഇതിന് മുമ്പ് 2016 ൽ കുമ്പസാരത്തിനിടെ എല്ലാം പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്.

സെപ്റ്റംബർ 19 ന് ബിഷപ്പ് കേരളത്തിലെത്തുമ്പോൾ ചോദിക്കാനായി 98 ഓളം ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിയിരിക്കുന്നത്. ജലന്ധർ പൊലീസിന്റെ കർശന നിരീക്ഷണത്തിലുള്ള ബിഷപ്പ് പുറപ്പെട്ടാൽ ഉടൻ തന്നെ വിവരമറിയിക്കാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.

വത്തിക്കാൻ ഇടപെടില്ല

പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയ മിഷണറീസ് ഓഫ് ജീസസിന്റെ നടപടിക്കെതിരെ കന്യാസ്ത്രീയുടെ സഹോദരൻ രംഗത്ത് എത്തുകയും ചെയ്തു. 'വെള്ളിയാഴ്ച ഇരയുടെ ചിത്രം ഉൾപ്പെടെ മിഷണറീസ് ഓഫ് ജീസസ് പത്രക്കുറിപ്പ് ഇറക്കി. മിഷണറീസ് ഓഫ് ജീസസ് ചെയ്തത് തെറ്റാണ്. ഇതുപോലൊരു കോൺഗ്രിഗേഷനിലെ ആളുകൾക്ക് കോടതിയുടെ ഉത്തരവിനെ കുറിച്ച് അറിയില്ലാ എന്നുള്ളത് ലജ്ജാകരമാണ്. തന്റെ സഹോദരിയെ ഈ വിധത്തിൽ പീഡിപ്പിക്കാൻ അവർ ശ്രമിക്കുന്നത് ദുഃഖകരമാണ്' അദ്ദേഹം പറഞ്ഞു.

'വിഷയത്തിൽ വത്തിക്കാൻ ഇടപെടുന്നു എന്ന തരത്തിലുള്ള ചർച്ചകൾ വ്യാജമാണെന്നാണ് കരുതുന്നത്. നടപടിയെടുക്കാൻ സാധാരണഗതിയിൽ 2-3 ദിവസം വേണ്ടിവരും. വിഷയം പോപ്പിന്റെ അടുക്കൽ അവതരിപ്പിക്കാനാണെങ്കിൽ അത് അവർക്ക് ഇന്നു തന്നെ ചെയ്യാവുന്നതാണ്. അവർ അങ്ങനെ ചെയ്തിരുന്നെങ്കിൽ കേസുമായി ബന്ധപ്പെട്ട ആളുകൾക്ക് വത്തിക്കാൻ കത്ത് അയക്കുമായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു.