കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യുമോ? ഇനിയും വ്യക്തത വരാത്ത ചോദ്യമാണ് ഇത്. രണ്ട് ദിവസം 7 മണിക്കൂർ ബിഷപ്പിനെ ചോദ്യം ചെയ്തു. എന്നിട്ടും പൊലീസിന് അറസ്റ്റ് ചെയ്യണമോ എന്നതിൽ ഉറപ്പുവരുത്താൻ കഴിയുന്നില്ല. ബിഷപ്പ് ചോദ്യം ചെയ്യലിൽ ഉത്തരം മുട്ടിയെന്ന റിപ്പോർട്ടുകളുമുണ്ട്. സാധാരണക്കാരനായിരുന്നുവെങ്കിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനുള്ള എല്ലാ സാഹചര്യവും ഉണ്ട്. എന്നാൽ ബിഷപ്പിനെ തൊട്ടാൽ സർക്കാരിന് അത് വിനയാകുമോ എന്ന് പൊലീസ് ഭയക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പുതിയ കീഴ് വഴക്കങ്ങൾ തുടരുകയുമാണ്. ഫാൻസുകാർ ഏറെയുള്ള ദിലീപിന്റെ കാര്യത്തിൽ പോലും എടുക്കാത്ത കരുതലുകളാണ് ബിഷപ്പിന് വേണ്ടി കേരളാ പൊലീസ് എടുക്കുന്നത്.

വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. മധ്യമേഖല ഐജി വിജയ് സാക്കറെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തി. നിയമപരമായി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അനുമതി ലഭിച്ചതായാണു വിവരം. അതായത് അറസ്റ്റ് ചെയ്യാമെന്ന ഉപദേശമാണ് ലഭിച്ചത്. ജാമ്യഹർജിയെന്ന കീഴ്‌വഴക്കത്തിന്റെ പേരിൽ അറസ്റ്റ് നീട്ടരുതെന്നു യോഗത്തിൽ അഭിപ്രായമുയർന്നെന്നാണു വിവരം. എന്നിട്ടും അറസ്റ്റില്ല. ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിൽ ബിഷപ് നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. രണ്ടാം ദിവസം ബിഷപ്പിനെതിരെയുള്ള തെളിവുകൾ നിരത്തിയാണ് അന്വേഷണസംഘം ചോദ്യങ്ങൾ ഉന്നയിച്ചത്. ഇവിടേയും ബിഷപ്പിന് ഉത്തരംമുട്ടി. എന്നിട്ടും അറസ്റ്റ് മാത്രമില്ല. ചോദ്യം ചെയ്യലിലെ ഇളവുകളും ചർച്ചയാകുന്നുണ്ട്.

സാധാരണ പീഡനക്കേസിലെ പ്രതികളെ തുടർച്ചയായി ചോദ്യം ചെയ്യുന്നതാണ് കീഴ് വഴക്കം. ദിലീപിനെ ചോദ്യം ചെയ്തത് 18 മണിക്കൂറായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ പൊലീസ് എത്തിയത്. ഇവിടെ ബിഷപ്പിനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്യും. അതിന് ശേഷം പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് പറഞ്ഞ് അയക്കും. ചോദ്യം ചെയ്യലിൽ എന്താണ് സംഭവിക്കുമെന്ന് ബിഷപ്പിന് അറിയാം. അതുകൊണ്ട് തന്നെ അറസ്റ്റിനുള്ള സാധ്യതയെ കുറിച്ച് നന്നായി അറിയാവുന്നതും ബിഷപ്പിനാണ്. ഈ സാഹചര്യത്തിൽ ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു വിട്ടാൽ ഒളിവിൽ പോകാനുള്ള സാധ്യത ഏറെയാണ്. ക്രൗൺ പ്ലാസയ്ക്ക് പുറത്ത് പൊലീസ് ഉണ്ട്. അതുകൊണ്ട് തന്നെ മാനസിക സമ്മർദ്ദം കൂടി ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതികളെ ചോദ്യംചെയ്ത് പറഞ്ഞു വിടാതെ കസ്റ്റഡിയിൽ വയ്ക്കുന്നതാണ് തുടരുന്ന കീഴ് വഴക്കം. ബിഷപ്പിന് വേണ്ടി ലംഘിക്കപ്പെടുന്നത് ഇതാണ്.

മുൻകൂർ ജാമ്യഹർജി െഹെക്കോടതിയുടെ പരിഗണനയിലിരിക്കുന്നത് അറസ്റ്റിനു തടസ്സമല്ലെന്നാണു നിയമവിദഗ്ദ്ധർ പൊലീസിനു നൽകിയ ഉപദേശം. അന്വേഷണ സംഘത്തിനു സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമാകും അറസ്റ്റിനു സാധ്യതയുണ്ടോയെന്നു പരിശോധിക്കുകയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അതേസമയം, അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിൽ കന്യാസ്ത്രീ നടത്തിയ കുമ്പസാരം തെളിവായി സ്വീകരിക്കാൻ പാടില്ലെന്നു ബിഷപ് ആവശ്യപ്പെട്ടു. കുമ്പസാര രഹസ്യം വെളിപ്പെടുത്താറില്ലെന്ന വാദമാണ് ഉന്നയിച്ചത്. തുടർന്ന് അട്ടപ്പാടിയിലേക്കു പോയ പൊലീസിനു മുൻപാകെ ധ്യാനകേന്ദ്രം അധികൃതരും ഇതേ നിലപാട് ആവർത്തിച്ചു. കേസിൽ പൊലീസിന്റെ പ്രധാന തെളിവുകളിലൊന്നാണു ധ്യാനകേന്ദ്രത്തിലെ കുമ്പസാരവിവരം. 2017 മേയിൽ അച്ചടക്കനടപടി എടുത്തതിലെ വിരോധം മൂലമാണു കന്യാസ്ത്രീ തനിക്കെതിരെ പരാതി നൽകിയതെന്നാണു ബിഷപ്പിന്റെ വാദം. എന്നാൽ പീഡന വിവരം 2016 സെപ്റ്റംബറിൽ അട്ടപ്പാടിയിൽ കുമ്പസാരവേളയിൽ പറഞ്ഞിരുന്നുവെന്നു കന്യാസ്ത്രീ പിന്നീടു മൊഴിനൽകി.

അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങൾക്കും തെറ്റായ ഉത്തരമാണ് ബിഷപ്പ് നൽകിയത്. അന്വേഷണസംഘം തെളിവുകൾ നിരത്തിയപ്പോൾ ഉത്തരംമുട്ടി. കുറവിലങ്ങാട് മഠത്തിൽ താമസിച്ചില്ലെന്ന വാദവും മുതലക്കോടം മഠത്തിൽ താമസിച്ചെന്ന വാദവും തെളിവുകൾ നിരത്തിയപ്പോൾ പൊളിഞ്ഞു. എന്നിട്ടും അറസ്റ്റിന് ഉന്നത കേന്ദ്രങ്ങൾ അനുമതി നൽകുന്നില്ല. ജലന്ധർ ബിഷപ്പിന്റെ പദവിയിൽ നിന്ന് വത്തിക്കാനും ഫ്രാങ്കോയെ മാറ്റി. ഫ്രാങ്കോയുടെ അറസ്റ്റ് അനിവാര്യമാണെന്ന് വത്തിക്കാൻ പോലും തിരിച്ചറിഞ്ഞിരിക്കുന്നു. ഇവിടെയാണ് പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിച്ച് ഫ്രാങ്കോയെ രക്ഷിക്കാനുള്ള നീക്കം. മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ ബിഷപ്പിനെ പൊലീസ് സംരക്ഷണയിൽ ചോദ്യം ചെയ്യലിന് കൊണ്ടു വരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും ബിഷപ്പിനെ രക്ഷിച്ചെടുക്കാനാണ് പൊലീസ് ശ്രമം.

കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങളിലെ പല പൊരുത്തക്കേടുകളും പൊലീസ് ചൂണ്ടിക്കാണിച്ചു. എന്നാൽ, തന്റെ വാദങ്ങളിൽ ബിഷപ്പ് ഉറച്ചുനിന്നു. ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്ന ശ്രുതി പരന്നു. പക്ഷേ, ഒന്നുമുണ്ടായില്ല. ഉച്ചഭക്ഷണം കൊടുത്തെങ്കിലും ബിസ്‌കറ്റും വെള്ളവും മാത്രമേ ഫ്രാങ്കോ കഴിച്ചുള്ളൂ. ബുധനാഴ്ചത്തേതിൽനിന്ന് വ്യത്യസ്തമായിരുന്നു വ്യാഴാഴ്ച ക്രൈംബ്രാഞ്ച് എസ്‌പി. ഓഫീസിന്റെ മുൻവശം. ഈ റോഡിലേക്ക് ആളുകൾ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. ഓഫീസിന് മുന്നിലുള്ള തോട്ടിലേക്ക് ആളുകൾ വീഴാതിരിക്കാൻ കയർ വലിച്ചുകെട്ടി. തിക്കിലും തിരക്കിലും ചിലർ കഴിഞ്ഞദിവസം ഇതിലേക്ക് വീഴാൻ തുടങ്ങിയിരുന്നു. ഇന്നലെ മൂന്നുമണിയോടെ അന്വേഷണസംഘം ചോദ്യങ്ങൾ അവസാനിപ്പിച്ചെന്നാണ് വിവരം. പിന്നീട് പൊലീസ് കാര്യങ്ങൾ വിലയിരുത്തുകയായിരുന്നെന്നാണ് അറിയുന്നത്. ഏഴുമണിയോടെയാണ് ഫ്രാങ്കോയും സംഘവും പുറത്തേക്കുപോയത്. ഗേറ്റിന് പുറത്തുകടന്നുവന്ന ഒരാൾ കാറിന്റെ ചില്ല് മറച്ച് അല്പദൂരം ഓടി. ക്യാമറകൾ ദൃശ്യം പകർത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം.

താമസസ്ഥലത്തു നിന്നു രാവിലെ വനിതാസെൽ കെട്ടിടത്തിലേക്കും വൈകിട്ടു തിരിച്ചും ബിഷപ്പിനെ എത്തിക്കുന്നതിൽ പൊലീസ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. ബിഷപ് കുണ്ടന്നൂരിലെ ഹോട്ടലിൽ നിന്നു രാവിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്കു പോകുന്നതിനിടെ മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ പൊലീസിന്റെ ശ്രമമുണ്ടായി. ആദ്യ ദിവസം ബിഷപ് വന്ന കാറിൽ രണ്ടു വൈദികരെ കയറ്റി ശ്രദ്ധ തിരിക്കുകയായിരുന്നു തന്ത്രം. അൽപസമയത്തിനു ശേഷം മറ്റൊരു കാർ എത്തിച്ചാണു ബിഷപ്പിനെ കയറ്റിയത്. തുടർന്ന് രണ്ടു കാറുകളും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഹോട്ടലിൽ നിന്ന് ഒരേസമയം രണ്ടു ദിശയിലേക്കു പോയി. ആദ്യ ദിവസം വന്ന വാഹനത്തിൽ തന്നെയായിരിക്കും ബിഷപ് എന്ന് കരുതി ചില മാധ്യമങ്ങൾ പിറകെ പോയെങ്കിലും മറ്റേ വഴിയിലൂടെ പോയ കാറിൽ ബിഷപ് ചോദ്യംചെയ്യൽ കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. ഇങ്ങനെ മാധ്യമങ്ങളിൽ ബിഷപ്പിന്റെ മുഖം എത്താതിരിക്കാൻ എല്ലാ തന്ത്രങ്ങളും പൊലീസ് പയറ്റുന്നുണ്ട്. എന്തിനാണ് പൊലീസ് ഇത്തരത്തിൽ ഇടപെടൽ നടത്തുന്നതെന്നതും സംശയമാണ്.

തൃപ്പൂണിത്തുറ ഹൈടെക് സെല്ലിലാണ് രണ്ട് ദിവസമായി ബിഷപ്പിനെ ചോദ്യം ചെയ്തത്. ആദ്യദിവസമായ ബുധനാഴ്‌ച്ചയും ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ വരെ നീണ്ടിരുന്നു. ബുധനാഴ്‌ച്ച ചോദ്യങ്ങൾക്കുള്ള മറുപടി ബിഷപ്പിൽ നിന്ന് തേടുകയാണ് പൊലീസ് ചെയ്തത്. എന്നാൽ, വ്യാഴാഴ്‌ച്ച അന്വേഷണസംഘത്തിന്റെ പക്കലുള്ള തെളിവുകൾ നിരത്തി ബിഷപ്പിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള ചോദ്യം ചെയ്യൽ രീതിയാണ് അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ബിഷപ്പിന്റെ അറസ്റ്റ് വ്യാഴാഴ്‌ച്ച തന്നെ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ മാത്രം വ്യക്തത വരുത്തുന്നില്ല.

ഇതിനിടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലയിൽനിന്നു ഫ്രാൻസിസ് മാർപാപ്പ ഒഴിവാക്കിയത്. കന്യാസ്ത്രീ നൽകിയ കേസിൽ ശ്രദ്ധ ചെലുത്താൻ ചുമതലയിൽനിന്നു തൽക്കാലം മാറ്റണമെന്ന ബിഷപ്പിന്റെ അപേക്ഷ പരിഗണിച്ചാണിതെന്നും രൂപതാ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയിട്ടില്ലെന്നും സഭാവൃത്തങ്ങൾ അറിയിച്ചു. മുംബൈ അതിരൂപതാ മുൻ സഹായമെത്രാൻ ആഗ്നെലോ റുഫീനോ ഗ്രേഷ്യസിനാണു പകരം ഭരണച്ചുമതല.