- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ കേസിൽ അറസ്റ്റിലായിട്ടും ഫ്രാങ്കോ മുളയ്ക്കൽ മെത്രാനും ജലന്ധർ രൂപതയുടെ അധ്യക്ഷനും; സ്ഥലത്തില്ലാത്തതു കൊണ്ട് താൽകാലികമായി മാറി നിൽക്കുന്നുവെന്ന ഫ്രാങ്കോയുടെ കത്ത് അംഗീകരിച്ച വത്തിക്കാൻ മെത്രാൻ പദവിയിൽ നിന്നും നീക്കം ചെയ്യുകയോ പകരം മേലധ്യക്ഷനെ നിയമിക്കുകയോ ചെയ്തില്ല; പൊലീസ് ഊരിക്കും വരെ സ്ഥാനചിഹ്നങ്ങൾ അണിഞ്ഞു നടന്ന മെത്രാനെ സസ്പെന്റ് ചെയ്യാൻ പോലും സാധിക്കാത്ത സഭയ്ക്കെതിരെ വിശ്വാസികളുടെ രോഷം; പോപ് ഫ്രാൻസിസിന് നിവേദനം നൽകാനുറച്ച് വിശ്വാസി കൂട്ടായ്മ
ഡൽഹി: ബലാത്സംഗം പൊലീസ് ഉറപ്പിച്ചിട്ടും ജലന്തർ രൂപതാധ്യക്ഷനാണ് ഇപ്പോഴും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. പൊലീസ് അറസ്റ്റ് ചെയ്തിട്ടും ബിഷപ്പിനെ തൽസ്ഥാനത്ത് നിന്ന് വത്തിക്കാൻ മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ബിഷപ്പ് തന്നെയാണ് ഇപ്പോഴും ജലന്ധറിന്റെ നാഥൻ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ ഉയരുന്നത്. പീഡനക്കേസിലെ പ്രതിയെ എന്തിനാണ് സംരക്ഷിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. എത്രയും വേഗം ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യം. മാർപാപ്പയ്ക്ക് പരാതി നൽകാനാണ് തീരുമാനം. താൽക്കാലികമായി അജപാലന ചുമതലയിൽനിന്നു മാറിയെങ്കിലും ബിഷപ് ഫ്രാങ്കോ ഇപ്പോഴും ജലന്തർ രൂപതാധ്യക്ഷനാണ്. ഒരിക്കൽ മെത്രാൻപട്ടം ലഭിച്ചാൽ അതു മായാത്ത മുദ്രയായി നിലനിൽക്കുമെന്നാണു സഭയുടെ വിശ്വാസവും നിയമവും. അസാധാരണ സാഹചര്യത്തിൽ പട്ടം അസാധുവാക്കാം. അതിനു വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിന്റെ ചുമതലയിലുള്ളതും അവസാനം മാർപാപ്പയുടെ അംഗീകാരം നേടേണ്ടതുമായ നടപടിക്രമങ്ങളുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും കത്തോലിക്കാസഭാ ചട്ടങ്ങളും പാ
ഡൽഹി: ബലാത്സംഗം പൊലീസ് ഉറപ്പിച്ചിട്ടും ജലന്തർ രൂപതാധ്യക്ഷനാണ് ഇപ്പോഴും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. പൊലീസ് അറസ്റ്റ് ചെയ്തിട്ടും ബിഷപ്പിനെ തൽസ്ഥാനത്ത് നിന്ന് വത്തിക്കാൻ മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ബിഷപ്പ് തന്നെയാണ് ഇപ്പോഴും ജലന്ധറിന്റെ നാഥൻ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ ഉയരുന്നത്. പീഡനക്കേസിലെ പ്രതിയെ എന്തിനാണ് സംരക്ഷിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. എത്രയും വേഗം ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യം. മാർപാപ്പയ്ക്ക് പരാതി നൽകാനാണ് തീരുമാനം. താൽക്കാലികമായി അജപാലന ചുമതലയിൽനിന്നു മാറിയെങ്കിലും ബിഷപ് ഫ്രാങ്കോ ഇപ്പോഴും ജലന്തർ രൂപതാധ്യക്ഷനാണ്.
ഒരിക്കൽ മെത്രാൻപട്ടം ലഭിച്ചാൽ അതു മായാത്ത മുദ്രയായി നിലനിൽക്കുമെന്നാണു സഭയുടെ വിശ്വാസവും നിയമവും. അസാധാരണ സാഹചര്യത്തിൽ പട്ടം അസാധുവാക്കാം. അതിനു വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിന്റെ ചുമതലയിലുള്ളതും അവസാനം മാർപാപ്പയുടെ അംഗീകാരം നേടേണ്ടതുമായ നടപടിക്രമങ്ങളുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചു പൗരോഹിത്യം നഷ്ടമാകുന്നില്ലെന്നതാണ് വസ്തുത. പൗരോഹിത്യത്തിന്റെ പൂർണതയെന്ന മെത്രാൻ പട്ടവും. പേരിനൊപ്പം 'ബിഷപ്' എന്നു ചേർക്കുന്നതും വിലക്കാനാവില്ല. പക്ഷേ, സഭാപരമായ ചുമതലകളിൽനിന്നും രൂപതകളുടെ അജപാലന, ഭരണച്ചുമതലകളിൽനിന്നും മാറ്റിനിർത്താനാകും.
സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദത്തിൽപെട്ട മലയാളികളായ രണ്ട് ബിഷപ്പുമാർക്ക് മുൻപ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. കൊഹിമ ബിഷപ്പ് ആയിരുന്ന ജോസ് മുകാലയും കൊച്ചി ബിഷപ്പ് ആയിരുന്ന ജോൺ തട്ടുങ്കലുമാണ് നടപടി നേരിട്ടത്. വത്തിക്കാൻ ഇടപെട്ട് ഇരുവരേയും രാജിവയ്‌പ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇവർ അഴിക്കുള്ളിലാകാതെ രക്ഷപെട്ടു. ഒരു കന്യാസ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട ജോസ് മുകാലയോട് രാജിവയ്ക്കാൻ വത്തിക്കാൻ നൂൺഷ്യോ നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം 2009 ഒക്ടോബർ 30ന് അദ്ദേഹം രാജിവച്ചു. ഒരു കന്യാസ്ത്രീയുമൊത്തുള്ള ചില ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചത്.
എന്നാൽ തിടുക്കപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ പിന്നീട് സഭാനേതൃത്വം വിമർശനവും നേരിട്ടിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നീണ്ടപ്പോൾ ജോസ് മുകാലയെ സഭയിലെ തന്നെ ചില എതിരാളികൾ കെണിയിൽ പെടുത്തുകയായിരുന്നുവെന്നും വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നതെന്നും വത്തിക്കാൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹം എമിരറ്റസ് ബിഷപ്പ് ആയി വിശ്രമ ജീവിതം നയിക്കുകയാണ് ഇപ്പോൾ. എന്നാൽ ഫ്രാങ്കോയുടെ സ്വാധീനം കാരണം ഒരു നടപടിയും ഉണ്ടായില്ല. അതുകൊണ്ട് തന്നെ ബിഷപ്പ് പദവിയിൽ അറസ്റ്റിലാകുന്ന ആദ്യ ഇന്ത്യാക്കാരനുമായി. ബിഷപ്പിനെതിരെ തിരുവസ്ത്രമണിഞ്ഞ് കന്യാസ്ത്രീകൾ നടത്തിയ പരസ്യപ്രതിഷേധവും ആരും കണ്ടില്ല. അതുകൊണ്ട് തന്നെ വൈദിക വേഷത്തിൽ മുളയ്ക്കൽ അറസ്റ്റിലായി. പൊലീസ് ആവശ്യപ്പെട്ട ശേഷമാണ് സ്ഥാന ചിഹ്നങ്ങൾ പോലും അഴിച്ചു മാറ്റിയത്.
ഫ്രാങ്കോയ്‌ക്കെതിരെ പൊലീസ് അന്വേഷിച്ചു റിപ്പോർട്ട് നൽകിയാലുടനെ സഭയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുമെന്നാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ അറസ്റ്റിലായി രണ്ട് ദിവസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ജലന്ധറിൽ നിന്ന് മാറി നിൽക്കുന്നതിനാൽ താൽകാലികമായി ചുമതല ഒഴിയുകയാണെന്ന് ബിഷപ്പ് വത്തിക്കാനെ അറിയിച്ചിരുന്നു. അത് അനുസരിച്ചുള്ള നടപടികളാണ് ഇതുവരെ വത്തിക്കാൻ സ്വീകരിച്ചിരിക്കുന്നത്. വത്തിക്കാനിൽ ബിഷപ്പിന് ഏറെ പിടിപാടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിനെ മാറ്റില്ലെന്നാണ് സൂചന. വിചാരണ കഴിഞ്ഞ് ഫ്രാങ്കോയെ കോടതി കുറ്റക്കാരനായി വിധിച്ചാൽ മാത്രമേ സഭ അംഗീകരിക്കൂവെന്നാണ് അവരുടെ നിലപാടെന്നും സൂചനയുണ്ട്.
കുറ്റത്തിന്റെ ഗൗരവമനുസരിച്ച്, രൂപതയുടെ ചുമതലയിൽനിന്നു മാറ്റുകയെന്നതാണു ബിഷപ് ഫ്രാങ്കോയ്ക്കു സഭയിൽ നിന്നുണ്ടാകാവുന്ന പ്രധാന നടപടി. കേസിൽ വിചാരണക്കോടതിയുടെ വിധിക്കുമുൻപേ ബിഷപ്് ഫ്രാങ്കോ രൂപതാധ്യക്ഷസ്ഥാനം ഒഴിയുന്നില്ലെങ്കിൽ എന്ത് ചെയ്യാനാകുമെന്നാണ് സഭയിലെ ചിലർ ചോദിക്കുന്നത്. വിധി ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമെങ്കിൽക്കൂടി അദ്ദേഹത്തെ ഏതെങ്കിലും രൂപതയുടെ ചുമതലയിൽ തുടരാൻ അനുവദിച്ചേക്കില്ലെന്നാണു സഭാവൃത്തങ്ങൾ പറയുന്നത്. പരിവർത്തനത്തിന് അവസരം നൽകാൻ സഭ താൽപര്യപ്പെടും. പരസ്യമായ അജപാലന ചുമതലകൾ വീണ്ടും ലഭിക്കണമെന്നില്ല. ഉത്തരേന്ത്യയിലെ ഒരു രൂപതാധ്യക്ഷനെ സഭാവ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിന് ഏതാനും വർഷംമുൻപു രാജിവയ്പിച്ചിരുന്നു. അദ്ദേഹമിപ്പോൾ പ്രാർത്ഥനാ ജീവിതത്തിലാണ്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത് കഴിഞ്ഞ ദിവസമാണ്. 24ന് 2.30 വരെ കസ്റ്റഡിയിൽ വയ്ക്കാനാണ് കോടതി ഉത്തരവ്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് തേടിയത്. നിർണായകമായ നിരവധി തെളിവുകൾ കണ്ടെത്താനുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. 2014ൽ പീഡനം നടന്നപ്പോൾ ബിഷപ് ഉപയോഗിച്ചിരുന്ന വസ്ത്രം, ലാപ് ടോപ്പ് എന്നിവ വീണ്ടെടുക്കണം. ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കണം. ഡിഎൻഎ സാമ്പിൾ എടുക്കണം. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പിനെതിരെ കൂടുതൽ പരാതികൾ വന്നു തുടങ്ങിയിട്ടുണ്ടന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അധികാരം ഉപയോഗിച്ച് ബിഷപ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
തിങ്ങിനിറഞ്ഞ കോടതിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോട്ടയം പൊലീസ് ക്ലബിൽ നിന്ന് ബിഷപ്പിനെ എത്തിച്ചത്. ഉച്ചയ്ക്ക് കോടതി പിരിഞ്ഞതിന് ശേഷം 2.30ന് വീണ്ടും കോടതി ചേർന്നപ്പോഴാണ് പൊലീസിന്റെ റിമാൻഡ് അപേക്ഷയിൽ വിധി പറഞ്ഞത്. രക്തസാമ്പിളും ഉമിനീർ സാമ്പിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അങ്ങനെയുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയിൽ അറസ്റ്റ് ചെയ്തുകൊച്ചിയിൽ നിന്നു കൊണ്ടുവരുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിഷപ്പിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാർഡിയോ ഐസിയുവിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് രാവിലെ ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ഇന്നലെ രാവിലെ ഒൻപത് മണിയോടെ ഡിസ്ചാർജ് ചെയ്തു പൊലീസ് ക്ലബ്ബിൽ കൊണ്ടുവന്നു.