കോട്ടയം: എസി മുറിയിൽ ഇഷ്ട ഭക്ഷണവും കഴിച്ചുള്ള ഉറക്കം. ജയ് വിളിക്കാൻ നൂറു കണക്കിന് വിശ്വാസികൾ. എന്തും ഏതും നടപ്പാക്കാൻ പോന്ന അനുചരന്മാർ. ജലന്ധറിനെ അടക്കി വാഴുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. എതിർത്തവരെയൊക്കെ അടിച്ചമർത്തി. ഇഷ്ടക്കാരായ വൈദികരേയും കന്യാസ്ത്രീകളേയും രൂപതയിൽ നിറച്ചു. അങ്ങനെ രാജാവിനെ പോലെയായിരുന്നു വാഴ്ച. സെന്റ് ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിരുന്നാൾ ആചരിക്കുമ്പോൾ ജലന്ധർ രൂപതയും ആഘോഷത്തിലായി. കഴിഞ്ഞ വർഷം ഈ ദിനം കൊണ്ടാടിയത് ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു. ജലന്ധർ രൂപതയുടെ മധ്യസ്ഥനും ബിഷപ്പ് ഫ്രാങ്കോയുടെ പേരിന്റെ കാരണഭൂതനുമാണ് വി. ഫ്രാൻസിസ് അസ്സീസി. അതുകൊണ്ട് തന്നെ ആഘോഷം സജീവാകുന്ന ദിവസമായിരുന്നു ഇന്നലെ ജലന്ധറിൽ. എന്നാൽ ഫ്രാങ്കോയ്ക്ക് അഴിക്കുള്ളിൽ ദുരിത ജീവിതം.

ഇന്നലെ ജലന്ധറിൽ ബിഷപ്പിന് അനുകൂല തരംഗവും കണ്ടില്ല. എതിർക്കുന്നവരും കൂടുകയാണ്. ജയ് വിളിച്ചവരൊക്കെ മാളത്തിലൊളിച്ചു. ബിഷപ്പിനെതിരെ ബലാത്സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന ഹൈക്കോടതിയുടെ കണ്ടെത്തലാണ് ഇതിന് കാരണം. ഇപ്പോൾ രൂപതയെ തകർക്കാൻ ശ്രമിച്ചതിന് ദൈവം കൊടുത്ത ശിക്ഷയായാണ് ഭൂരിപക്ഷം വിശ്വാസികളും ഫ്രാങ്കോയ്ക്കെതിരായ നിയമനടപടിയെ കാണുന്നത്. ഇതോടെ അഴിക്കുള്ളിൽ ദുരിതം അനുഭവിക്കുന്ന ഫ്രാങ്കോയ്ക്ക് സഭയ്ക്കുള്ളിലും പിന്തുണക്കാരെ കുറയ്ക്കും. ഒക്ടോബർ മൂന്നിനാണ് വി.ഫ്രാൻസിസ് അസ്സീസിയുടെ മരണദിനമെങ്കിലും സഭ ഒക്ടോബർ നാലിനാണ് തിരുന്നാൾ ആഘോഷിക്കുന്നത്. ഈ ദിനം ജലന്ധറിൽ വലിയ ആഘോഷമാണ് നടക്കുന്നത്. കഴിഞ്ഞ വർഷം ഫ്രാങ്കോയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം.

രൂപതയുടെ മധ്യസ്ഥന്റെ തിരുന്നാളും ഫ്രാങ്കോയുടെ ഫീസ്റ്റ് ദിനവും പ്രമാണിച്ച് രൂപതയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. രാവിലെ മുതൽ രൂപതയിലെ പല പള്ളികളിലും ഫ്രാങ്കോയ്ക്ക് സ്വീകരണം നൽകും. നോട്ടുമാല ചാർത്തിയും വാദ്യമേളങ്ങളോടെയായിരിക്കും ഫ്രാങ്കോയെ സ്വീകരിക്കുക. പ്രത്യേകം കുർബാനയും തുടർന്ന് വിരുന്നും നടക്കും. കഴിഞ്ഞ അഞ്ചു വർഷം ഇത്തരം ആഘോഷങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങിയ ഫ്രാങ്കോ ഇപ്പോൾ ദുരിത ജീവിതത്തിലാണ്. ജ്യമം കിട്ടി ബിഷപ്പ് ഈ ദിനം ആഘോഷിക്കാൻ എത്തുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഈ പ്രതീക്ഷയും പോയി. ഇതോടെയാണ് വിശ്വാസികൾ ബിഷപ്പിനെതിരെ സംസാരിച്ച് തുടങ്ങിയത്. ബിഷപ്പ് സിഫോറിയൻ കീപ്രത്ത് കഠിനാദ്ധ്വാനം ചെയ്ത് പടുത്തുയർത്തിയ രുപതയെ തകർക്കാൻ ശ്രമിച്ചതിന് ദൈവം കൊടുത്ത ശിക്ഷയായാണ് ഇതെന്ന് ജലന്ധറിലെ വിശ്വാസികളിൽ ഏറെപ്പേരും ഇപ്പോൾ പറയുന്നു.

1972ൽ ഈ രൂപത സ്ഥാപിക്കുമ്പോൾ ഈ രൂപതയ്ക്ക് 269 രൂപ കടം മാത്രമാണ് ഉണ്ടായിരുന്നത്. സിംഫോറിയന്റെ ബുദ്ധിയും കഠിനാദ്ധ്വാനവുമാണ് രൂപതയെ ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്ന രൂപതകളിൽ ഒന്നാക്കി മാറ്റിയത്. വിദ്യാഭ്യാസ മേഖലയിൽ ആയിരുന്നു സിംഫോറിയൻ ശ്രദ്ധ ചെലുത്തിയിരുന്നത്. സിംഫോറിയൻ 2006ൽ ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിക്കുമ്പോൾ രുപത ഏറെ സമ്പന്നമായി കഴിഞ്ഞിരുന്നു. രൂപതയെ വളർത്താൻ ബിഷപ്പിനൊപ്പം നിന്നവരാണ് മീഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീ സമൂഹവും. അവർക്ക് ദൈന്യംദിന ചെലവിലേക്കായി 10 സ്‌കൂളുകളുടെ വരുമാനം സേേിഫാറിയൻ വിട്ടുനൽകിയിരുന്നു. സിഫോറിയനു ശേഷം ബിഷപ്പ് അനിൽ കൂട്ടോ ചുമതലയേറ്റുവെങ്കിലും അദ്ദേഹം രൂപതയുടെ ആസ്തികളൊന്നും നശിപ്പിക്കുകയോ ഒന്നും കൂട്ടിച്ചേർക്കുകയോ ചെയ്തിരുന്നില്ല. 2013ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധറിൽ ചുമതലയേൽക്കുന്നത്.

രൂപതയുടെ പണം പിന്നീട് വകമാറി തുടങ്ങി. ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് എന്ന സ്വന്തം സന്യാസ സമൂഹത്തിലേക്ക് ഫണ്ട് പോയി്. സിംഫോറിയൻ എന്തൊക്കെ തുടങ്ങിവച്ചോ അതിനെയൊക്കെ നശിപ്പിച്ചു. ഓരോ വർഷവും എല്ലാ ബിഷപ്പുമാരും തങ്ങളുടെ കാലശേഷം ആര് ബിഷപ്പ് ആകണമെന്ന് കാണിച്ച് രൂപതയിലെ യോഗ്യരായ വൈദികരുടെ പേരുകൾ വത്തിക്കാനിലേക്ക് അയക്കുന്ന പതിവുണ്ട്. കുറച്ചുകാലമൊക്കെ സിംഫോറിയൻ ഇത്തരത്തിൽ പേര് അയച്ചിരുന്നുവെങ്കിലും അവസാന കാലത്ത് ആരുടേയും പേരുകൾ നിർദേശിച്ചിരുന്നില്ല. ബിഷപ്പ് സ്ഥാനം മോഹിച്ചിരുന്ന ഫ്രാങ്കോയ്ക്ക് അതിൽ വലിയ അതൃപ്തിയുണ്ടായിരുന്നു. 2006ൽ സിംഫോറിയൻ വിരമിച്ചതോടെ അപ്രതീക്ഷിതമായി ഡൽഹി സഹായ മെത്രാനായിരുന്ന അനിൽ കൂട്ടോ ജലന്ധറിൽ എത്തി. ഇതിൽ ഫ്രാങ്കോ നിരാശനായിരുന്നു. ഇതിനെല്ലാം ഒരു ദിവസം താൻ പ്രതികാരം ചോദിക്കുമെന്ന് ഫ്രാങ്കോ പലപ്പോഴും പറഞ്ഞിരുന്നു. സിംഫോറിയൻ എന്തെല്ലാം ഉണ്ടാക്കിയിരുന്നോ അതെല്ലാം നശിപ്പിക്കുകയായിരുന്നു പ്രതികാരത്തിലെ ആദ്യപടി.

എം.ജെ കോൺഗ്രിഗേഷനെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെ അവർക്ക് ചെലവിനായി വിട്ടുകൊടുത്ത സ്‌കൂളുകൾ ഓരോന്നായി തിരിച്ചുപിടിച്ചു. ഇപ്പോൾ അവരുടെ പക്കൽ രണ്ട് സ്‌കൂളുകൾ മാത്രമാണുള്ളത്. കുമിഞ്ഞുകൂടിയ സമ്പത്ത് ഫ്രാങ്കോ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസിന്റെ അക്കൗണ്ടിലേക്ക് വകമാറ്റി. സിംഫോറിയന്റെ കാലത്ത് അഞ്ചുപൈസയ്ക്ക് പോലും വൈദികരോട് കണക്ക് ചോദിച്ചിരുന്നു. ഇന്ന് ഒന്നിനും കണക്കില്ല. അന്ന് സൈക്കിളും മുതിർന്ന വൈദികർക്ക് ചെറിയ കാറും ആയിരുന്നു ആഡംബര വാഹനം. എന്നാൽ ഇന്ന് പട്ടം സ്വീകരിച്ച് വൈകാതെ വൈദികർ യാത്ര 10-15 ലക്ഷം രൂപ വിലവരുന്ന കാറുകളിലേക്ക് മാറ്റും. ആത്മീയതയേക്കാൾ ഉപരി ഭൗതിക സുഖസൗകര്യങ്ങളിലായി ശ്രദ്ധ. ഇങ്ങനെ രൂപതയെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിച്ചു ഫ്രാങ്കോ. അതിനുള്ള ശിക്ഷയാണ് ജയിൽ വാസമെന്നാണ് ഇപ്പോൾ വിശ്വാസികൾ പറയുന്നത്.