കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയശേഷം ചോദ്യം ചെയ്യലിനു ഹാജരാകുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ ്‌ചെയ്യില്ല. മുൻകൂർ ജാമ്യേപേക്ഷ പരിഗണിക്കുന്നതിനാൽ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് പൊലീസ് എടുക്കും. ബിഷപ്പുമായി ബന്ധപ്പെട്ടവർ കൊച്ചിയിലെയും ജലന്ധറിലെയും അഭിഭാഷകരുമായി കൂടിയാലോചന നടത്തി ജാമ്യാപേക്ഷയിൽ തീരുമാനം എടുത്തു കഴിഞ്ഞു. മുൻകൂർ ജാമ്യം തേടാതെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുന്നത് അപകടമാണെന്നാണു ബിഷപ്പിനു പൊലീസിലെ ചില കേന്ദ്രങ്ങളും ഉപദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച ചോദ്യം ചെയ്യലിനായി വൈക്കം ഡിവൈ.എസ്‌പി. ഓഫീസിൽ ഹാജരാകാനാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് നൽകിയത്. പറഞ്ഞ സമയത്തുതന്നെ ഹാജരാകുമെന്നും തന്നെ അറസ്റ്റ് ചെയ്യില്ലെന്നുമായിരുന്നു അടുപ്പക്കാരോടു ബിഷപ് പറഞ്ഞിരുന്നത്. ഇത് നടക്കുമെന്നാണ് ലഭിക്കുന്ന സൂചനയും. ഇതിന്റെ ഭാഗമായാണ് മൂൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. കന്യാസ്ത്രീകളുടെ സമരം നടക്കുന്നതിനാൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാൽ അതു പൊലീസിനും സർക്കാരിനും സമ്മർദമുണ്ടാക്കും. എന്നാൽ, കോടതി ഇടപെട്ടാൽ ഈ പ്രശ്‌നം മാറും.

മൂന്നു പോംവഴികളാണു ബിഷപ്പിന്റെ അഭിഭാഷകർ മുന്നോട്ടുവയ്ക്കുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുക എന്നതാണ് ആദ്യ വഴി. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യാൻ നിയമതടസമില്ലെങ്കിലും പൊലീസ് അറസ്റ്റ ്‌ചെയ്യില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നു കോടതിയിൽനിന്ന് ഇടക്കാല ഉത്തരവോ വാക്കാൽ പരാമർശമോ ഉണ്ടായാൽ കാര്യങ്ങൾ എളുപ്പമാകും.

മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായശേഷം ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് ഇപ്പോഴത്തെ നോട്ടീസിനു മറുപടി നൽകുക എന്ന സാധ്യതയും മുന്നിലുണ്ട്. എന്നാൽ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നാൽ അത് കൂടുതൽ സംശയങ്ങൾക്കും വ്യാഖ്യാനത്തിനും ഇടനൽകും. അതുകൊണ്ട് മുൻകൂർ ജാമ്യാപേക്ഷ നൽകിയുള്ള മാറിനിൽക്കലാണ് പദ്ധതിയിലുള്ളത്. ഇതിനിടെയാണ് കേസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണമെന്നും താൽക്കാലികമായി ഭരണ ചുമതലകളിൽ നിന്ന് മാറി നിൽക്കാൻ അനുവദിക്കണമെന്നും വത്തിക്കാൻ ബിഷപ്പ് കത്തയച്ചത്.

അച്ചടക്ക നടപടിക്ക് മുമ്പേ മാർപ്പാപ്പയ്ക്ക് കത്തെഴുതിയതും ഫ്രാങ്കോയുടെ തന്ത്രമാണ്. ഇതിലൂടെ അച്ചടക്ക നടപടിയുണ്ടാകുന്നില്ലെന്ന വ്യാഖ്യാനം ഉണ്ടാക്കിയെടുക്കാനാകും. പൊലീസിന്റെ ചോദ്യം ചെയ്യൽ നേരിടാൻ എത്തുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേരളത്തിൽ കാലുകുത്തുന്നത് സമരത്തീച്ചൂളയിലേക്കാകും. കന്യാസ്ത്രീകളുടെ അഭൂതപൂർവമായ സമരം കേരളമാകെ കത്തിപ്പടരുമ്പോൾ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇരയായ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങും.

ഹൈക്കോടതി വഞ്ചി സ്‌ക്വയറിൽ അഞ്ചു കന്യാസ്ത്രീകൾ നടത്തുന്ന സമരം ഇന്നു പത്താം ദിവസത്തിലേക്ക് കടന്നിരിക്കെ സാമൂഹ്യപ്രവർത്തകരുടെ വലിയ പിന്തുണയാണ് കിട്ടുന്നത്. പ്രഫ. എം.എൻ. കാരശേരിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 24 മണിക്കൂർ ഉണർന്നിരിപ്പ് സമരവും ഇന്നാരംഭിക്കും. കുറവിലങ്ങാട്ട് ബഹുജന കൂട്ടായ്മ നടക്കും. സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി ജില്ലാ ആസ്ഥാനങ്ങളിൽ സമരകേന്ദ്രങ്ങൾ തുറക്കും. നാളെ വൈകിട്ട് പന്തംകൊളുത്തി പ്രകടനം. വൈകിട്ട് അഞ്ചിന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. പി. ഗീത പങ്കുചേരും.

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകൾക്കു പിന്തുണ നൽകാൻ സേവ് ഔവർ വിമൻ എന്ന പേരിൽ ജനകീയ മുന്നേറ്റങ്ങൾക്കും തുടക്കമാകുകയാണ്. ബിഷപ് ഫ്രാങ്കോ 19-നെത്താനിരിക്കെയാണ് വിവിധ വിഷയങ്ങൾ ഉന്നയിച്ച് മറ്റു പ്രദേശങ്ങളിൽ സമരം നടത്തുന്ന ജനകീയസമിതികൾ കന്യാസ്ത്രീകൾക്കു പിന്തുണ പ്രഖ്യാപിച്ചത്.