മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വൈക്കം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. പുലിയെ പിടിക്കാൻ അതിന്റെ മാളത്തിൽ ചെന്ന് ആക്രമിക്കുന്ന തന്ത്രം പുറത്തെടുത്ത ബിഷപ്പിന് ഒടുവിൽ ആ തന്ത്രം തന്നെ വിനയാവുകയായിരുന്നു. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതിന് പുറമേ മൂന്ന് ദിവസം ബിഷപ്പിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് ഉച്ചയോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളാ പൊലീസ് മൂന്ന് മാസമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്നാലെയായിരുന്നു. വൻ തലവേദന തന്നെയായിരുന്നു ഈ കേസ് പൊലീസിന് സൃഷ്ടിച്ചത്.

ബിഷപ്പ് ഫ്രാങ്കോയെ തേടി ജലന്ധറിൽ പോയ പൊലീസുകാർക്ക് അവിടെ നേരിടേണ്ടി വന്നതും കനത്ത വെല്ലുവിളി ആയിരുന്നു. ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹൗസിലെത്തിയ കേരളാ പൊലീസിന് മൂന്ന് മണിക്കൂറോളമാണ് അവിടെ കാത്തിരിക്കേണ്ടി വന്നത്. ഇതിനിടെ കേരളാ പൊലീസിനെ മടക്കി അയക്കാൻ ജലന്ധർ പൊലീസ് ശ്രമിച്ചുവെങ്കിലും ബിഷപ്പിനെ കാണാതെ മടങ്ങില്ലെന്ന് അന്വേഷണ സംഘവും വാശിപിടിച്ചതോടെയാണ് ബിഷപ്പിനെ കാണാനും ചോദ്യം ചെയ്യാനും അവസരം ഒരുങ്ങിയത്. ഇതിനിടെ ബിഷപ്പ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെ ബിഷപ്പിന്റെ ഗുണ്ടകൾ ആക്രമിക്കുന്നതു വരെ എത്തി കാര്യങ്ങൽ. മൂന്ന് മാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഫ്രാങ്കോ അറസ്റ്റിലാവുമ്പോൾ സ്വയം കുഴിച്ച കുഴിയിൽ ബിഷപ്പ് മൂക്കും കുത്തി വീഴുകയായിരുന്നു എന്ന് തന്നെ പറയാം. ജൂണിലാണ് കേസിന്റെ തുടക്കം. ഈ കേസിന്റെ പിന്നിട്ട നാൾ വഴികൾ താഴെ കൊടുക്കുന്നു

2018 ജൂൺ 22- കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ വധഭീഷണി മുഴക്കുന്നതായി ആരോപിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം എസ്‌പിക്ക് പരാതി നൽകുന്നു

2018 ജൂൺ 27 - ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി കന്യാസ്ത്രീ നൽകുന്നു

2018 ജൂൺ 28- കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാൻ വൈക്കം ഡി.വൈ.എസ്‌പിയെ ചുമതലപ്പെടുത്തുന്നു. എഫ്.ഐ.ആർ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നു

2018 ജൂൺ 30- കുറവിലങ്ങാട് പൊലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി

2018 ജൂലൈ 1- വൈക്കം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ കന്യാസ്ത്രീയുടെ ആറു മണിക്കൂർ നീണ്ട മൊഴിയെടുക്കൽ നടന്നു

2018 ജൂലൈ 5- ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ക്രിമിനൽ നടപടി 164 പ്രകാരം കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി ( ആറു മണിക്കൂർ അമ്പത്തിനാല് മിനിറ്റ് നീണ്ട മൊഴി- പീഡന വിവരം ആവർത്തിച്ചു- കൂടുതൽ വെളിപ്പെടുത്തൽ

2018 ജൂലൈ 9- 164 മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും വൈക്കം ഡി.വൈ.എസ്‌പി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി

2018 ജൂലൈ 12- അന്വേഷണ സംഘം കണ്ണൂരിലെത്തി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി

2018 ജൂലൈ 14- കുറവിലങ്ങാട് പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ മൊഴി രേഖപ്പെടുത്തി

2018 ജൂലൈ 15- കന്യാസ്ത്രീ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകിയ കത്ത് പുറത്ത്

2018 ജൂലൈ 18- അന്വേഷണ സംഘം കൊച്ചിയിലെത്തി കർദിനാൾ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു

2018 ജൂലൈ 19- കന്യാസ്ത്രീ കർദിനാള് ജോർജ് ആലഞ്ചേരിയുമായി നടത്തിയ ടെലഫോൺ സംഭാഷണം പുറത്ത്

2018 ജൂലൈ 21- അന്വേഷണ സംഘം ബംഗളുരുവിലെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുക്കുന്നു ( പീഡനം നടന്നുവെന്ന് പറഞ്ഞ സമയത്ത് കുറവിലങ്ങാട്ടെ മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ)

2018 ജൂലൈ 29- കന്യാസ്ത്രീയുടെ കൂടെയുള്ള സി. അനുപമയെ ഫോണിൽ വിളിച്ച് പരാതി പിൻവലിക്കാൻ ഫാ. ജെയിംസ് ഏർത്തയിൽ സി.എം.ഐ നടത്തിയ ശ്രമം പുറത്ത്

2018 ജൂലൈ 30- ഫാ. ജെയിംസ് ഏർത്തയിലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു

2018 ഓഗസ്റ്റ് 1 - ഫാ. ജെയിംസ് ഏർത്തയിൽ പാലാ കോടതിയിൽ കീഴടങ്ങി ജാമ്യം നേടി

2018-ഓഗസ്റ്റ് 3- അന്വേഷണ സംഘം ഡൽഹിയിൽ. കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ വീട്ടമ്മയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തി

2018 ഓഗസ്റ്റ്-4 വത്തിക്കാൻ എംബസിയിലെത്തി സ്ഥാനപതിയെ കാണാൻ ശ്രമം നടത്തി അന്വേഷണ സംഘം മടങ്ങി

2018 ഓഗസ്റ്റ് 6 -ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി രേഖപ്പെടുത്തി

2018 ഓഗസ്റ്റ്- 10 അന്വേഷണ സംഘം ജലന്ധറിൽ

2018 ഓഗസ്റ്റ് 13 -ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ബിഷപ്പ് ഹൗസിൽ എത്തുന്നു. നാടകീയ രംഗങ്ങൾ. മാധ്യമപ്രവർത്തകരെ ബിഷപ്പിന്റെ ഗുണ്ടകൾ ആക്രമിക്കുന്നു. പൊലീസ് എത്തും മുൻപ് ബിഷപ്പ് മുങ്ങി. ബിഷപ്പിനെ ചോദ്യം ചെയ്യാൻ മൂന്നരയോടെ ഹൗസിൽ എത്തിയ പൊലീസുകാർ മൂന്നു മണിക്കൂർ കാത്തിരുന്നു. മടക്കി അയക്കാൻ ജലന്ധർ പൊലീസ് ശ്രമിച്ചുവെങ്കിലും ബിഷപ്പിനെ കാണാതെ മടങ്ങില്ലെന്ന് അന്വേഷണ സംഘവും വാശിപിടിച്ചു. ഒടുവിൽ ഏറെ സമ്മർദ്ദത്തിനൊടുവിൽ രാത്രി 7.45 ഓടെ ബിഷപ്പ് തിരിച്ചെത്തി. പിറ്റേന്ന് പുലർച്ചെ 5 വരെ ഒമ്പത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ. മൊഴികളിലെ വൈരുദ്ധ്യമുണ്ടെന്നും പരിശോധിക്കണമെന്നും അന്വേഷണ സംഘം.

കോടതിയിൽ ഹർജിയെത്തുന്നു. ബിഷപ്പിനെതിരെ തെളിവുണ്ടെന്നും വേണ്ടിവന്നാൽ അറസ്റ്റു ചെയ്യുമെന്നും സർക്കാർ അഭിഭാഷകൻ. അറസ്റ്റിൽ അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി. കോടതി പരാമർശം പുറത്തുവന്നതും ബിഷപ്പ് മുങ്ങുന്നു.

2018 ഓഗസ്റ്റ്-14 അന്വേഷണ സംഘം രാവിലെ അഞ്ചു മണിയോടെ ബിഷപ്പ് ഹൗസിൽ നിന്ന് പുറത്തേക്ക്. ഡൽഹിക്ക് മടങ്ങി

2018-ഓഗസ്റ്റ് -15 അന്വേഷണ സംഘം ഡൽഹിയിൽ നിന്നും നാട്ടിലേക്ക്. ഈ സമയം കേരളം പ്രളയത്തിൽ മുങ്ങി.

കേരളത്തിലെത്തി അന്വേഷണ സംഘം മൊഴികൾ എല്ലാം വിശദമായി പരിശോധിക്കുന്നു. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തൽ. കന്യാസ്ത്രീയെ പല തവണ മഠത്തിൽ സന്ദർശിച്ച് മൊഴിയിൽ വ്യക്തത വരുത്തുന്നു.

2018 ഓഗസ്റ്റ് -16 കുറവിലങ്ങാട് മഠത്തിൽ ആദ്യമായി പീഡനം നടന്നുവെന്ന് പറയുന്ന ദിവസം തൊടുപുഴയ്ക്ക് സമീപമുള്ള മുതലക്കോടം മഠത്തിലാണ് താമസിച്ചതെന്ന ബിഷപ്പിന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാൻ പൊലീസ് തൊടുപുഴയിലേക്ക്. മഠത്തിലെ സന്ദർശക രജിസ്റ്റർ അടക്കം പിടിച്ചെടുത്തു. കന്യാസ്ത്രീകളെ ചോദ്യം ചെയ്തു.

2018 ഓഗസ്റ്റ്-27 കന്യാസ്ത്രീ പരാതി നൽകിയിട്ടു രണ്ട് മാസം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ബിഷപ്പിന്റെ സഹായി തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായും കാണിച്ച് കന്യാസ്ത്രീ പരാതി നൽകുന്നു. മഠത്തിലെ സ്‌കൂട്ടറിന്റെ ബ്രേക്ക് നശിപ്പിക്കാനും ട്യൂബ് അഴിച്ചുവിടാനും ജീവനക്കാരനോട് ബിഷപ്പിന്റെ സന്തത സഹചാരിയായ ഫാ.ലോറൻസ് ചിറ്റുപറമ്പലിന്റെ സഹോദരൻ തോമസ് ചിറ്റുപറമ്പിൽ നിർദ്ദേശിച്ചുവെന്നാണ് പരാതി.

2018 ഓഗസ്റ്റ് 29: ബിഷപ്പ് ഫ്രാങ്കോയുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തൽ. കുറവിലങ്ങാട് മഠത്തിൽ താമസിച്ചതിനു തെളിവും മൊഴിയും. കന്യാസ്ത്രീകളെ സ്വാധീനിക്കാനുള്ള ഫാ.ജെയിംസ് എർത്തയിലിനു പിന്നിൽ ഷോബി ജോർജ് എന്ന് കണ്ടെത്തൽ. ഇയാൾക്ക് ജലന്ധറിൽ ഉന്നതനുമായി അടുത്തബന്ധം. ഫാ.ജെയിംസിന്റെ മൊഴി ഷോബി ജോർജ് നിഷേധിച്ചു.

2018 സെപ്റ്റംബർ രണ്ട്: കോട്ടയത്ത് അന്വേഷണ സംഘത്തിന്റെ യോഗം

2018 സെപ്റ്റംബർ മൂന്ന്: കൊച്ചിയിൽ ഐ.ജിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും വീണ്ടും മൊഴികൾ എടുക്കണമെന്നും ഐ.ജിയുടെ വെളിപ്പെടുത്തൽ. വേണ്ടി വന്നാൽ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താനും തീരുമാനം.

സെപ്റ്റംബർ നാല്: കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു.

സെപ്റ്റംബർ അഞ്ച്: ജലന്ധർ ബിഷപ്പിനെ വിളിച്ചുവരുത്തേണ്ട സാഹചര്യമില്ലെന്ന് കോട്ടയം എസ്‌പി; കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നിരാഹാര സമരത്തിലേക്ക്.

സെപ്റ്റംബർ ആറ്: ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന് സൂചന; നീക്കം പൊലീസിന്റെ മൗനസമ്മതത്തോടെയെന്ന് ആക്ഷേപമുയരുന്നു. ബിഷപ്പ് പോകില്ലെന്ന് പിന്നീട് ജലന്ധർ രൂപതയുടെ വിശദീകരണം.

സെപ്റ്റംബർ ഏഴ്: പരാതിക്കാരിയുടെ മൊഴി ആവർത്തിച്ച് രേഖപ്പെടുത്തുന്നതിൽ കന്യാസ്ത്രീകൾക്ക് അസംതൃപ്തി. അതിനിടെ ബിഷപ്പ് കയറിപ്പിടിച്ചു, ബലമായി ആലിംഗനം ചെയ്തുവെന്ന് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മഠം വിട്ടുപോയ മറ്റു കന്യാസ്ത്രീകളുടെ മൊഴികളും പുറത്ത്.

2018 സെപ്റ്റംബർ 8: മാതാവിന്റെ പിറവിത്തിരുന്നാൾ ആഘോഷ നാളിൽ തന്നെ കന്യാസ്ത്രീകൾ നീതി തേടി എറണാകുളത്ത് സത്യാഗ്രഹം ആരംഭിക്കുന്നു. കന്യാസ്ത്രീകൾക്കു നേരെ പി.സി ജോർജ് എംഎ‍ൽഎയുടെ അധിക്ഷേപ പരാമർശം.

സെപ്റ്റംബർ 9: സമരപ്പന്തലിൽ റിട്ട. ജസ്റ്റീസ് കമാൽ പാഷെ എത്തുന്നു. ബിഷപ്പിന്റെ അറസ്റ്റു വൈകുന്നതിൽ രൂക്ഷമായ വിമർശനം. ഇതോടെ സമരത്തിന്റെ ഭാവം മാറി.

സെപ്റ്റംബർ ഒമ്പത്: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സൂചന. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന വിവരത്തെ തുടർന്ന് ശക്തമായ പ്രതിഷേധവുമായി കന്യാസ്ത്രീകൾ. -ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസിൽ അന്വേഷണ സംഘം വിപുലീകരിക്കാൻ തീരുമാനിച്ചു

സെപ്റ്റംബർ 10: ഫ്രാങ്കോ ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ്; കന്യാസ്ത്രീ നൽകിയ പരാതിയെക്കുറിച്ച് അറിയില്ലെന്ന് ഭഗൽപൂർ ബിഷപ്പിന്റെ മൊഴി.

സെപ്റ്റംബർ 11: ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റിനു നീക്കം; നുണപരിശോധനയ്ക്കു തയ്യാറെടുപ്പ് ; കന്യാസ്ത്രീസമരം പ്രക്ഷോഭമാകുമെന്ന് ഇന്റലിജൻസ്.
ബിഷപ്പ് മാധ്യമങ്ങൾക്ക് മുന്നിൽ. സമരം ചെയ്യാൻ കന്യാസ്ത്രീകൾക്കും സ്വാതന്ത്ര്യമുണ്ട്; എല്ലാം ഗൂഢാലോചനയെന്ന്ഴ കേസിൽ ഇടപെടില്ലെന്ന് ജലന്ധർ പൊലീസ്.

സെപ്റ്റംബർ 14: പരാതിക്കാരിയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷൻ പുറത്തുവിട്ടു. സഭ നടത്തിയത് സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനം. എം.ജെ പി.ആർ.ഒ സിസ്റ്റർ അമലയ്ക്കെതിരെ പൊലീസ് കേസെടുത്തുന്നു.

സെപ്റ്റംബർ 15: ബിഷപ്പ് ഫ്രാങ്കോ കേരളത്തിലേക്ക് ചുമതലകൾ സഹവൈദികന്് താത്ക്കാലികമായി കൈമാറി. ബിഷപ്പിനെതിരായ പരാതി വത്തിക്കാന്റെ കാതിലുമെത്തി. വൈകാതെ നടപടിയുണ്ടാകുമെന്ന് സൂചന. ജലന്ധർ ബിഷപ്പിന്റെ പീഡനം: സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച ഫാ.പീറ്റർ കാവുംപുറവും ഫാ.ജെയിംസ് എർത്തയിലും കുടുങ്ങുമെന്ന് വ്യക്തം

സെപ്റ്റംബർ 16: കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപ്പന്തലിലേക്ക് വൈദികരുടെ വരവ്. ദേശീയ, രാജ്യാന്തര തലങ്ങളിലേക്ക് ശ്രദ്ധയെത്തുന്നു. രാവിലെ ബിഷപ്പ് വത്തിക്കാൻ നൂൺഷ്യോയെ കാണുന്നു. കർശനമായ മുന്നറിയിപ്പ്. രാത്രി വൈകി താത്ക്കാലിക സ്ഥാനത്യാഗം അറിയിച്ച്് രൂപതാ പി.ആർ.ഒയുടെ കത്ത് പുറത്ത്.

സെപ്റ്റംബർ 17: ബിഷപ്പിന്റെ സ്ഥാനത്യാഗ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. പീഡനക്കേസിൽ നിരപരാധി. കേസു നടത്താനും കേരളത്തിലേക്ക് പോകാനും സമയം വേണം. മാറി നിൽക്കാൻ അനുവാദം ചോദിച്ച് മാർപാപ്പയ്ക്ക് ഫ്രാങ്കോയുടെ കത്ത്. വിശ്വസിക്കില്ലെന്ന് കന്യാസ്ത്രീകളും. ബിഷപ്പിനെ ചോദ്യം ചെയ്യാൻ എല്ലാ ഒരുക്കങ്ങളുമായി പൊലീസ്.

സെപ്റ്റംബർ 18: മുൻകൂർ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയിൽ. ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25ലേക്ക് മാറ്റി; അറസറ്റിന് തടയണമെന്ന് ആവശ്യപ്പെട്ടില്ല; അറസ്റ്റു ചെയ്യാൻ തടസ്സവുമില്ല.

-മുഖ്യസാക്ഷിയും പരാതിക്കാരിയുടെ ഇടവക വികാരിയുമായ നിക്കോളാസ് മണിപ്പറമ്പിലിന്റെ മൊഴിമാറ്റം. അറസ്റ്റ് വൈകുന്നതോടെ സാക്ഷികൾ കൂറുമാറുന്നുവെന്ന് ആശങ്ക.

-ചോദ്യം ചെയ്യലിനായി വൈക്കം ഡി.വൈ.എസ്‌പി ഓഫീസിൽ രാവിലെ 10ന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോയ്ക്ക് നിർദ്ദേശം.

സെപ്റ്റംബർ 19: അപ്രതീക്ഷിതമായി ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിലേക്ക് മാറ്റുന്നു. ആശങ്കകൾ അവസാനിപ്പിച്ച് രാവിലെ 11 മണിയോടെ ബിഷപ്പ് പൊലീസിനു മുന്നിൽ ഹാജർ.

-മുൻ മൊഴിയിൽ തന്നെ ഉറച്ച് ബിഷപ്പ്. ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ പൊലീസ്. തെളിവുകൾ നിരത്തുമ്പോൾ ബിഷപ്പ് മുഖംതിരിക്കുന്നു. വ്യാജപരാതിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. വൈകിട്ട് 6.30 ഓടെ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുന്നു.

സെപ്റ്റംബർ 20: 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യൽ. വിട്ടുകൊടുക്കാതെ ഫ്രാങ്കോ. തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ മുട്ടുമടക്കി. പരാതിക്കാരിയുടെ രഹസ്യമൊഴികൂടി പരിഗണിച്ച് അറസ്റ്റിലേക്ക് സൂചന..

-3.30 ഓടെ വത്തിക്കാനിൽ നിന്നും ഔദ്യോഗിക കുറിപ്പ്. ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്നും ഫ്രാങ്കോ മുളയ്ക്കലിനെ നീക്കിയതായി കല്പന. ഒപ്പം ഫ്രാങ്കോയുടെ താത്ക്ാലിക സ്ഥാനത്യാഗം അംഗീകരിച്ചതായും സി.ബി.സിഐയുടെ കത്ത്.

-വൈകിട്ട് 5.10 ന് രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനും നാടകീയ മുഹൂർത്തങ്ങൾക്കുമൊടുവിൽ ഐ.ജി വീണ്ടും നിയമോപദേശം തേടുന്നു

6.30 ഫ്രാങ്കോ പുറത്തേക്ക്, വെള്ളിയാഴ്‌ച്ച 10.30 ഹാജരാകണം

സെപ്റ്റംബർ 21 : രാവിലെ 10.30 ഫ്രാങ്കോ ഹാജർ. വീണ്ടും ചോദ്യം ചെയ്യൽ അറസ്റ്റ് എന്ന് അഭിഭാഷകരെ അറിയിക്കുന്നു. ഒരു മണിയോടെ അറസ്റ്റ് വാർത്ത ബന്ധുക്കളെ അറിയിക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.