കൊച്ചി: നേരത്തെ വീട്ടിലെത്തി വധഭീഷിണി മുഴക്കി. ഇന്നലെ സമരപ്പന്തലിലെത്തി കിടക്കുന്ന ഫോട്ടോ എടുത്തു. കൊല്ലാനേൽപ്പിക്കുന്നവർക്ക് തിരിച്ചറിയാൻ നൽകാനാവും. അല്ലെങ്കിൽ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുമാവാം.എന്തായാലും അവരെന്തൊക്കയോ തീരുമാനിച്ചുറപ്പിച്ച മട്ടാണ് .എന്ത് വന്നാലും നീതി ലഭിക്കും വെരെ സമരത്തിൽ നിന്നും അവർ പിന്മാറില്ല.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ സമരം നടത്തി വരുന്ന സമരത്തിന് ഐക്യാദാർഡ്യം പ്രഖ്യപിച്ച് നിരാഹാര സമരം നടത്തിവരുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയുടെ ചിത്രം പകർത്തി യുവാവ് ഓടി രക്ഷപെട്ട സംഭവത്തിൽ ഇവരുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ ഇങ്ങിനെയാണ്:

ഫ്രാങ്കോമുളയ്ക്കലുമായി അടുത്ത ബന്ധമുള്ള വൈദീകന്റെ സഹോദരനായ ഉണ്ണിയാണ് ഇന്നലെ ഉച്ചയോടെ സമരപ്പന്തലിലെത്തി മൊബൈലിൽ സഹോദരിയുടെ ചിത്രം പകർത്തിയതെന്നും ഇവർ ഇയാളെ തിരിച്ചറിഞ്ഞതോടെ ഇയാൾ പന്തലിൽ നിന്നും ഓടി രക്ഷപെട്ടു എന്നുമാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. നേരത്തെ വീട്ടിലെത്തി ഈ സഹോദരിയെയും കുടുമ്പാംഗങ്ങളെയും വകവരുത്തുമെന്ന് ഉണ്ണിയുടെ സഹോദരൻ ഭീഷിണി മുഴക്കിയിരുന്നെന്നും ഇത് സംമ്പന്ധിച്ച് പൊലീസിൽ കേസുണ്ടെന്നും ബന്ധു വ്യക്തമാക്കി.

ഫോട്ടോ എടുത്ത ആളെ തിരിച്ചറിഞ്ഞതോടെ സമരം നടത്തിവരുന്ന സഹോദരിയുടെ ജീവന് ഭീഷിണിയുണ്ടെന്നാണ് താൻ ഉൾപ്പെടെയുള്ളവർ കരുതുന്നതെന്നും എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് എതിരാളികളെന്നും അതിനാൽ താൻ ഉൾപ്പെടെയുള്ള കുടുംമ്പാംഗങ്ങളിൽ ഏറെപ്പേരും ആശങ്കലാണെന്നും ഇദ്ദേഹം അറിയിച്ചു. കുടുംബാംഗങ്ങളോടും അടുപ്പക്കാരിൽ ചിലരോടും മാത്രമേ സഹോദരി ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇത് സമരത്തെ ഒരു തരത്തിലും ബാധിക്കരുതെന്നാണ് അവരുടെ ആഗ്രഹമെന്നും നീതി ലഭിക്കുവരെ സമരം തുടരുന്നതിനാണ് അവർ ലക്ഷ്യമിട്ടുള്ളതെന്നും ബന്ധു പറഞ്ഞു.

അതേസമയം ലൈംഗിക പീഡനപരാതിയിൽ കന്യാസ്ത്രീക്കും കുടുംബത്തിനും തന്നോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ആരോപണം തള്ളി പരാതിക്കാരിയുടെ സഹോദരിയും രംഗത്തെത്തി. ബിഷപ്പിന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിഷപ്പിനോട് വൈരാഗ്യം തോന്നേണ്ട കാര്യമുണ്ടായിരുന്നില്ല. സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന വിവരം അറിഞ്ഞ ശേഷമാണ് അദ്ദേഹത്തോട് വിരോധമുണ്ടായതെന്നും ഹൈക്കോടതി ജങ്ഷനിൽ നിരാഹാര സമരം നടത്തുന്ന കന്യാസ്ത്രീയുടെ സഹോദരി പ്രതികരിച്ചു.

പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നുവെന്നും നിരവധി തവണ താൻ ശാസിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും ഫ്രാങ്കോ മുളക്കൽ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയിൽ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയതായും ഫ്രാങ്കോ ആരോപിച്ചിരുന്നു. എന്നാൽ ഫ്രാങ്കോയുടെ ഈ വാദങ്ങളെ തള്ളിയാണ് കന്യാസ്ത്രീയുടെ സഹോദരി രംഗത്തെത്തിയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ഫ്രാങ്കോ മുളക്കൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച രാവിലെ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബുധനാഴ്ച രാവിലെ പത്തുമണിക്ക് വൈക്കം ഡി.വൈ.എസ്‌പിയുടെ ഓഫീസിൽ ഹാജരാകണമെന്നാണ് പൊലീസ് നിർദ്ദേശം. പൊലീസ് നിർദ്ദേശപ്രകാരം സമയബന്ധിതമായി സ്ഥലത്തെത്തുമെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ട്. കേസിൽ ഫ്രങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ നൽകിയ മൊഴിയിലെ വൈരുധ്യങ്ങളും സാക്ഷിമൊഴികളും ഉൾപ്പെടുത്തിയാണ് ചോദ്യാവലി. അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറാക്കിയ ചോദ്യങ്ങൾ മേലുദ്യോഗസ്ഥരുടെ അനുമതിക്കായി കൈമാറിയിരുന്നു.

ബിഷപ്പിനെ ജലന്ധറിൽ എത്തി ചോദ്യം ചെയ്‌തെങ്കിലും പല കാര്യങ്ങളിലും വൈരുധ്യങ്ങൾ നിലനിന്നിരുന്നു. ഇക്കാര്യങ്ങൾ കന്യാസ്ത്രീയോട് ചോദിച്ച് വ്യക്തത വരുത്തുകയും ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഈ വൈരുധ്യങ്ങളിൽ ബിഷപ്പ് എന്ത് മറുപടി പറയും എന്നാണ് പൊലീസ് നോക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്‌പി തയാറാക്കിയ ചോദ്യാവലി കോട്ടയം എസ്‌പിക്ക് കൈമാറി. എസ്‌പിയും ഐ.ജിയും ചോദ്യാവലി വിശദമായി പരിശോധിക്കുകയും ചെയ്തു.