കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലാകുമെന്ന പ്രതീക്ഷ ദിവസം ചെല്ലുംതോറും മങ്ങിവരികയാണ്. സ്ത്രീകളുടെ പരാതികളിൽ അതിവേഗം നടപടി കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ സർക്കാറിലുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജലന്ധർ ബിഷപ്പിനെ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ തങ്ങൾക്ക് യാതൊരു താൽപ്പര്യവും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. നാളെ ബിഷപ്പിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ നിരത്തി അറസ്റ്റു വൈകിപ്പിക്കാൻ ഇരുന്ന പൊലീസിന് ഇന്നത്തെ കോടതി നടപടിയും പിടിവള്ളിയായി.

അറസ്റ്റു ചെയ്യരുതെന്ന് കോടതി പറഞ്ഞില്ലെങ്കിലും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റു ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനിച്ചു കഴിഞ്ഞു. ഈ മാസം 25ാം തീയ്യതിയാണ് കേസ് ഇനി വീണ്ടും പരിഗണിക്കുന്നത്. അതുവരെ കൊച്ചിയിലെ സമരം മുന്നോട്ടു കൊണ്ടുപോകാൻ കന്യാസ്ത്രീകളും ബുദ്ധിമുട്ടേണ്ടി വരും. തന്റെ കൈയിൽ വിലങ്ങു വീഴാതിരിക്കാൻ നോക്കുന്നതിനൊപ്പം കന്യാസ്ത്രീകൾക്കെതിരായി വികാരം ഉണ്ടാക്കാനും തീവ്രശ്രമങ്ങളാണ് ഫ്രാങ്കോയും കൂട്ടരും നടത്തുന്നത്. അതി ബൃഹത്തായി തന്നെയാണ് ഈ കേസിനെ ബിഷപ്പും സംഘവും നേരിടുന്നത്. അതിനായി പണമിറക്കേണ്ടിടത്ത് അങ്ങനെ ചെയ്തും സ്വാധീനം വേണ്ടിടത്ത് അങ്ങനെയും ശ്രമങ്ങൾ നടത്തുന്നു.

കന്യാസ്ത്രീകൾക്കൊപ്പം തന്നെയാണ് കേരളത്തിലെ ജനങ്ങളുടെ മനസ്. എന്നാൽ, സമര രംഗത്തേക്കിറങ്ങിയ കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകൾക്കെതിരായി വികാരം തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഊർജ്ജിതമായിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഏറ്റവും ഒടുവിൽ കന്യാസ്ത്രീയുടെ ഇടവകയായ കോടനാട്ടെ വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ രംഗത്തുവന്ന കാര്യവും. കെസിബിസി വഴി മെത്രാന്മാരെ സ്വാധീനിച്ച് ബിഷപ്പ് തനിക്ക് അനുകൂലമായ പ്രസ്താവന നേടിയെടുത്തിരുന്നു. മെത്രാന്മാർ ബിഷപ്പിനെ പിന്തുണച്ചതോടെയാണ് വൈദികർ ആയവർ കന്യാസ്ത്രയെ സംരക്ഷിക്കുന്ന നിലപാട് മാറ്റി മറുകണ്ടം ചാടിയത്.

നേരത്തെ കേസ് ഒതുക്കി തീർക്കാൻ കന്യാസ്ത്രീയുമായി ഫോണിൽ സംസാരിച്ചത് ജെയിംസ് എർത്തയിൽ എന്ന വൈദികനായിരുന്നു. ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തു. ഇതിന് ശേഷം ഫാ. നിക്കോളാസ് മണിപ്പറമ്പിൽ കന്യാസ്ത്രീകളെ അനുകൂലിച്ച് സംസാരിക്കുകയുണ്ടായി. എന്നാൽ, പിന്നീട് ഈ തീരുമാനം തിരിക്കുകയാണ് അദ്ദേഹം ശ്രമിച്ചത്. നിക്കോളാസ് മണിപ്പറമ്പിൽ ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ അത് ബിഷപ്പിന് വേണ്ടിയെന്നതും വ്യക്തമായിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് ആവർത്തിക്കുകയായിരുന്നു അദ്ദേഹം. തെളിവുണ്ടെന്ന് പറഞ്ഞ് കന്യാസ്ത്രീകൾ കബളിപ്പിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. തെളിവുണ്ടെന്ന സാഹചര്യത്തിലാണ് പിന്തുണച്ചത്. പക്ഷെ ഇപ്പോൾ പറയുന്നു അവർ തെറ്റുചെയ്തു എന്ന്. അവരുദ്ദേശിക്കുന്ന തെളിവുകൾ കൈമാറിയിട്ടുണ്ടെങ്കിൽ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ടിവരും. അങ്ങനെയങ്കിൽ നാളെ അതുണ്ടാകും. അറസ്റ്റുണ്ടായില്ലെങ്കിൽ അതിന്റെയർത്ഥം അവർ ഒത്തുകളിക്കുന്നു, തെളിവ് കൊടുത്തിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്. മൊബൈലിൽ ദൃശ്യങ്ങളാണ് തെളിവുകളായിട്ടുള്ളത്.

തെളിവുകളിൽ വിശ്വസിക്കുന്നു. അവർ പറഞ്ഞത് അത്ര സ്ട്രോങ്ങായിട്ടായിരുന്നു. ആ തെളിവ് വെളിപ്പെടുത്താനാകില്ല. ഈ തെളിവുകൾ പൊലീസിന് കൈമാറിയാൽ ബിഷപ്പിനേക്കാൾ വലിയ കുറ്റക്കാരിയായി കന്യാസ്ത്രീ മാറുമെന്ന് അവർക്ക് ലീഗൽ അഡൈ്വസ് കിട്ടിയെന്നാണ്. തൽക്കാലം ആ തെളിവുകൾ മാറ്റിവെച്ചതാണ്. പത്തു പെൻഡ്രൈവിൽ കോപ്പി പകർത്തി വെച്ചുവെന്നാണ് പറഞ്ഞത്. ഫോൺ പോയാലും അത് കിട്ടുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. (1.35) എന്നാലിപ്പോൾ ഫോൺ കളവുപോയി എന്നാണ് പറയുന്നത്. രണ്ടും കൂട്ടിവായിക്കുമ്പോൾ പീഡിപ്പിച്ചു എന്ന് പറയുന്നത് ശുദ്ധ കളവാണെന്നും നിക്കോളാസ് പറയുന്നു.

നീതിക്കുവേണ്ടിയല്ല ഇപ്പോൾസമരം. ഇത് സഭയോടും യേശുക്രിസ്തുവിനോടും ചെയ്യുന്ന വലിയ അനീതിയാണ്. സഭയെയും പൗരോഹിത്യത്തെയും പൊതുസമൂഹത്തിൽ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തുവിനോടുള്ള അനീതിയാണ്. തെളിവ് കൊടുക്കാൻ ഭയപ്പെടുന്നത് എന്തിനാണ്. മൊബൈൽ പോയി എന്നത് ശുദ്ധ കളവാണ്. ബിഷപ്പിനെതിരേ കെട്ടിച്ചമച്ചതാണെന്ന് സംശയിക്കേണ്ടിയിരുന്നു. കേരളത്തിൽ സ്വാധീനമില്ലാത്ത ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ ഒരു പ്രശ്നമുണ്ടാകില്ല. കേരളത്തിൽ ഒരു വിശ്വാസിയും അറസ്റ്റിനെ എതിർക്കില്ലെന്നാണ് ധാരണ. തെറ്റുചെയ്തവനെ ശിക്ഷിക്കുന്ന സഭയാണ് കത്തോലിക്കാ സഭ.

സമരവേദി വളരെ മോശമാണ്. ടിവിയിൽ കണ്ട പ്രഭാഷണം കേട്ടിരുന്നു. കന്യാസ്ത്രീകളുടെ മാതാപിതാക്കളായിട്ടുള്ളവർ മക്കളെ എത്രയും വേഗം തിരിച്ചുവിളിക്കണം. അല്ലെങ്കിൽ അച്ചന്മാർ അവരുടെ മേൽ കുത്തിക്കയറുമെന്നാണ് സമരത്തിൽ ഒരാൾ പറഞ്ഞത്. അയാൾക്ക് എന്തറിയാം അച്ചന്മാരെക്കുറിച്ച്. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടിയാണ് അവിടെ നടക്കുന്നത്. സഭാവിരുദ്ധരാണ് എല്ലാവരും. പീനിയാനിക്കലച്ചനെതിരേ നടപടിയെടുത്തത് നോക്കൂ. അതുപോലെ കുറ്റക്കാരാണെന്ന് കോടതി പറയുന്നവർക്കെതിരേ കത്തോലിക്കാ സഭ നടപടിയെടുക്കും. നിരപരാധിയായൊരാളെ കുറ്റക്കാരനെന്ന് ആരോപിച്ച് നടപടിയെടുക്കുകയുമില്ല. ബിഷപ്പ് കുറ്റക്കാരനാണെന്ന് പറയേണ്ടത് കോടതിയോ പൊലീസോ മാത്രമാണ്. എന്നാലേ വിശ്വസിക്കൂ. ഒരു സമരപ്പന്തലിൽ കുറേപ്പേർ കൂടിയിരുന്ന് പറഞ്ഞാൽ ബിഷപ്പ് കുറ്റക്കാരനാകില്ലെന്നും ഫാ. നിക്കോളസ് വ്യക്തമാക്കി.

ഫാ. നിക്കോളസിനെ പോലെ തന്നെ കേസിൽ മറ്റുള്ളവരെയും ബിഷപ്പ് സ്വധീനിച്ചയാതാണ് അറിയുന്നത്. കൊച്ചിയിലെ സമരപന്തലിൽ ആക്ടിവിസ്റ്റുകൾ അടക്കമുള്ളവർ പിന്തുണയുമായി എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ 'സാത്താൻ സഭ'യുടെ സ്വാധീനം അടക്കം ഉണ്ടെന്ന ആരോപണമാണ് ബിഷപ്പ് അനുകൂലികൾ ഉയർത്തുന്നത്. ആഗോള ഗൂഢാലോചനയെന്ന വാദം ഉയർത്തിയും സഭാവിശ്വാസികളെ സ്വാധീനിക്കാനാണ് ബിഷപ്പ് ഫ്രാങ്കോയും സംഘവും ശ്രമിക്കുന്നത്. ഇതിനായി നടിയെ ആക്രമിച്ചകേസിൽ ദിലീപിന് അനുകൂലമായി പ്രചരണം നടത്തിയതു പോലെ പി ആർ സംഘങ്ങളെയും അനുകൂല പ്രചരണത്തിനായി സമീപിച്ചെന്നും സൂചനകളുണ്ട്. ഇങ്ങനെ പലവിധ തന്ത്രങ്ങൾ ഒരുക്കിയാണ് ബിഷപ്പ് ഫ്രാങ്കോ തനിക്കെതിരെയാ പീഡന കേസിനെ നേരിടുന്നത്.