ഇന്നിറങ്ങിയ മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ ഒന്നാം പേജിൽ ഒരു ഫോട്ടോയുണ്ട്. ചോദ്യം ചെയ്യലിന് വിധേയനായ ശേഷം മടങ്ങുന്ന ജലന്ധർ അതിരൂപതാ മെത്രാൻ ഫ്രാങ്കോ മുളയ്ക്കൻ പൊലീസുകാർക്കിടയിൽ നിൽക്കുന്ന ചിത്രമാണത്. ആ ചിത്രത്തിൽ അദ്ദേഹം കഴുത്തിൽ അണിഞ്ഞിരിക്കുന്ന വലിയ കുരിശ് വ്യക്തമായി കാണാം. മെത്രാന്മാർ അവരുടെ സ്ഥാന ചിഹ്നമായി ധരിക്കുന്ന കുരിശാണത്. ഒപ്പം അദ്ദേഹത്തിന്റെ കൈകളിലേക്ക് സൂക്ഷിച്ച് നോക്കിയാൽ സ്ഥാന ചിഹ്നമായി ഉപയോഗിക്കുന്ന മോതിരവും ആ മെത്രാൻ ധരിച്ചിരിക്കുന്ന വസ്ത്രം കത്തോലിക്കാ സഭയിലെ മെത്രാന്മാർക്ക് മാത്രം ധരിക്കുന്നതിന് വേണ്ടി പരമ്പരാഗതമായി സഭ നൽകുന്ന വസ്ത്രവുമാണ് എന്ന് തിരിച്ചറിയാം. ഇത് കാണുന്ന ഒരു സാധാരണ വിശ്വാസിയുടെ മനസ് വിങ്ങും. അവൻ മനസ്സിനേറെ വലിപ്പമുള്ളവനാണെങ്കിൽ അവൻ മെത്രാനെ പഴിക്കും. വിശ്വാസത്തിന്റെ പരമ മകുടമായ വസ്ത്രങ്ങളും സ്ഥാന ചിഹ്നങ്ങളും ബലാത്സംഗ കേസിനു വേണ്ടി പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ ധരിച്ച അധമനായ മെത്രാനെ ഓർത്ത് ദൈവത്തോട് മാപ്പ് ചോദിക്കും.

അതല്ല വളരെ ദുർബലമായ മനസുള്ള ഒരു സാധാരണ വിശ്വാസിയാണെങ്കിൽ അവൻ തന്റെ വിശ്വാസത്തിന്റെ അടിത്തറകളിൽ ഒന്നായ അടയാളങ്ങൾ ഒരു ലൈംഗിക പീഡന കേസിന്റെ പേരിൽ ഇങ്ങനെ അപമാനിക്കപ്പെടുന്നത് കാണുമ്പോൾ വ്രണപ്പെടുകയും വിദ്വേഷമുള്ളവനായി മാറുകയും ചെയ്യും. രണ്ടായാലും ഇതിന്റെ ഉത്തരവാദി ആ മെത്രാൻ മാത്രമാണ്. ലൈംഗിക ആരോപണ കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിച്ചു വരുത്തിയപ്പോൾ മെത്രാൻ എന്ന സഭയുടെ ഉത്തമമായ പദവിയുടെ സ്ഥാന ചിഹ്നങ്ങൾ അഴിച്ച് വെച്ചിട്ട് സാധാരണക്കാരെ പോലെ നീതിയുടെ മുന്നിൽ കീഴടങ്ങാനുള്ള ചുമതലയും ബാധ്യതയുമാണ് ഫ്രാങ്കോ മുളയ്ക്കൻ ലംഘിച്ചത്. നിരപരാധിയാണ് എന്ന ഉത്തമ ബോധ്യം ഫ്രാങ്കോ മുളയ്ക്കന് ഉണ്ടെന്ന് കരുതുക. അല്ലെങ്കിൽ ഫ്രാങ്കോ മുളയ്ക്കൻ നിരപരാധിയാണ് എന്ന് കരുതുക. എങ്കിൽ പോലും സഭയുടേയും വിശ്വാസത്തിന്റെയും അടിത്തറയായ സ്ഥാന ചിഹ്നങ്ങൾ അപമാനിക്കപ്പെടാനും അവഹേളിക്കപ്പെടാനും അവസരമൊരുക്കേണ്ട ചുമതലയും ബാധ്യതയും ഉത്തരവാദിത്വവും മെത്രാന്റേത് മാത്രമായിരുന്നു.

അത് അദ്ദേഹം ലംഘിച്ചു. ഫ്രാങ്കോ മുളയ്ക്കൻ വെറുമൊരു കുറ്റാരോപിതൻ മാത്രമല്ല കുറ്റവാളിയാണ് എന്ന് സംശയിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നായി ഇത് മാറുകയാണ്. കന്യസ്ത്രീ തന്നെ അപമാനിച്ചു എന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതി കൊടുത്തപ്പോൾ തന്നെ മാറി നിൽക്കേണ്ട ബാധ്യതയും ചമുതലയും ഫ്രാങ്കോ മുളയ്ക്കനുണ്ടായിരുന്നു. എന്നാൽ ആ പദവിയിലിരുന്നുകൊണ്ട് പരാതിക്കാരിയെ അപമാനിക്കുകയും അവർ മോശം സ്വഭാവക്കാരിയാണെന്ന് വരുത്തി തീർക്കുകയും ചെയ്തപ്പോൾ മെത്രാൻ രണ്ടാമത്തെ പാപം ചെയ്തു. പിന്നീട് അന്നു മുതൽ ഇന്ന് വരെ ആ പദവി കാത്തു സൂക്ഷിച്ച് അതിന്റെ ബലത്തിലും ശക്തിയിലുമിരുന്നുകൊണ്ട് അപമാനിക്കാനും പ്രതിരോധിക്കാനും നടത്തിയ ശ്രമങ്ങളൊക്കെ നിഷ്‌കളങ്കതയ്ക്കതിരെയുണ്ടായ വെല്ലുവിളികളുടെ ഉദാഹരണങ്ങളായി മാറുകയായിരുന്നു. ഒടുവിൽ മറ്റൊരു നിവൃത്തിയുമില്ലാതെ നിയമത്തിന് മുന്നിൽ കീഴടങ്ങാൻ വേണ്ടി കേരളത്തിലെത്തിയപ്പോൾ പോലും നാടകീയത കാത്തു സൂക്ഷിക്കുകയും തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ആരുമറിയാതെ പൊലീസിനൊപ്പം ചേർന്ന് ചോദ്യം ചെയ്യലിന് ഹാജരാവുകയും മെത്രാന്റെ കുടില മനസ് അംഗീകരിക്കാൻ സാധിക്കുന്നതല്ല.

താൻ നിരപരാധിയാണെന്ന് ആണയിട്ട് പറയുന്ന മെത്രാൻ ആ പറയുന്ന വാക്കിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ പച്ച മനുഷ്യനെപ്പോലെ രംഗത്ത് വരണമായിരുന്നു. സ്ഥാനമാനങ്ങളും സ്ഥാന ചിഹ്നങ്ങളും ഒക്കെ അഴിച്ച് വച്ച് സാധാരണ മനുഷ്യനെപ്പോലെ നീതിക്ക് വിധേയനാകണമായിരുന്നു.രഹസ്യമായി ഒളി സങ്കേതത്തിൽ താമസിച്ച് പൊലീസിനെ പോലും കബളിപ്പിച്ച് രഹസ്യമായി ചോദ്യം ചെയ്യലിനെത്തുകയും സംസ്ഥാനത്തെ ഏറ്റഴും വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒന്നിൽ സുഖവാസമുറപ്പിക്കുകയും ഒടുവിൽ ഇഷ്ടക്കാരെ കൊണ്ട് ജയിൽ അധികൃതരെ പോലും സ്വാധീനിച്ച് ജയിൽ ജീവിതവും സുഖമാക്കാനൊക്കെ ശ്രമിക്കുന്ന മോശമായ പ്രവണത മെത്രാന്റെ നിഷ്‌കളങ്കതയ്ക്ക് മേൽ വീഴുന്ന ഏറ്റവും വലിയ ചോദ്യം തന്നെയാണ്.