തിരുവനന്തപുരം :കന്യാസ്ത്രീകളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ വിവാദ ശരങ്ങൾ നേരിടുന്ന അവസരത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമൂഹ മാധ്യമത്തിൽ ട്രോൾ കൊണ്ട് പൊങ്കാലയിടുകയാണ്. ഫ്രാങ്കോ മുളയ്ക്കൽ ഏറെ നാളുകൾക്ക് മുൻപ് ശാലോം ചാനലിൽ അവതരിപ്പിച്ച ധ്യാന പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന വരികൾ മുളയ്ക്കന് അതേപടി സംഭവിച്ചുവന്ന മട്ടിലാണ് ട്രോളുകളും.

സന്യാസ ജീവിതത്തിലായാലും കുടുംബ ജീവിതത്തിലായാലും നാം ഏത് സ്ഥിതിയിലാണോ അത് ദൈവഹിതമെന്ന് തിരിച്ചറിഞ്ഞാൽ ജീവിത്തിന്റെ രുചി മാറുമെന്നും, ജീവിതത്തിൽ ദുഃഖിച്ചിരിക്കുന്നതിന് പകരം ദൈവം തന്നത് അതേപടി കണ്ണടച്ച് സ്വീകരിച്ച് ദൈവത്തിന് നന്ദി പറയണമെന്നും ഫ്രാങ്കോ വീഡിയോയിൽ പറയുന്നു. ഇത് അതേപടി ബിഷപ്പിന്റെ ജീവിതത്തിൽ സംഭവിച്ചുവെന്ന മട്ടിലാണ് ട്രോളുകൾ.

 ഇതിനോടകം നിരവധി ആളുകളാണ് ട്രോൾ മഴയുമായി വീഡിയോ ഷെയർ ചെയ്തത്. മുൻപും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ ഇത്തരത്തിലുള്ള ആത്മീയ പ്രസംഗങ്ങൾ ടിവി ചാനലിലൂടെ അവതരിപ്പിച്ചിരുന്നു. എന്റെ ജീവിതം എന്നാണ് വീഡിയോയുടെ പേര്. ഇതിൽ തന്റെ ജീവിതാനുഭവങ്ങളും ബിഷപ്പ് പറഞ്ഞിരുന്നു.

'എന്റെ അപ്പൻ അമ്മയെ പെണ്ണുകാണാൻ പോയി വന്നപ്പോൾ അപ്പാപ്പൻ പറഞ്ഞു.മോനേ നീ ഈ പെൺകുട്ടിയെ കല്യാണം കഴിക്കേണ്ട. അമ്മയില്ലായെ വളർന്ന ഈ കൊച്ചിന് ഒരുപക്ഷേ നമ്മുടെ സാഹചര്യങ്ങളുമായി ഒത്തുചേരാൻ ബുദ്ധിമുട്ടുണ്ടാവും. അതുകൊണ്ട് നീ ഈ കുട്ടിയെ കല്യാണം കഴിക്കേണ്ട. കുട്ടിയെ എന്റെ ഫാദറിന് ഇഷ്ടപ്പെട്ടിരുന്നെങ്കിലും അപ്പാപ്പൻ പറഞ്ഞത് അനുസരിക്കയെന്നത് സാധാരണ പതിവാണെല്ലോ. അതനുസരിച്ച് അപ്പൻ കല്യാണം കഴിക്കുന്നില്ല, വേറെ കുട്ടിയെ നോക്കാം എന്ന് പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ടായത് എന്താണെന്നു വച്ചാൽ എന്റെ ഗ്രാൻഡ് ഫാദർ അസുഖമായി മരിച്ചു. മരണം കഴിഞ്ഞ് പിന്നെ എന്റെ തന്നെ മദ്രാസിലുള്ള ഒരു അപ്പാപ്പൻ, വീണ്ടും ഇതേ ബന്ധത്തെക്കുറിച്ച് എന്റെ അപ്പനോട് പറഞ്ഞു.

അപ്പോൾ എന്റെ അപ്പന് ഇഷ്ടപ്പെടാത്തതുകൊണ്ട് ഞാൻ മാറ്റിവെച്ച കേസാണെന്നായിരുന്നു മറുപടി. നിന്റെ അപ്പൻ ഇല്ലല്ലോ അമ്മയോട് ചോദിക്ക് എന്ന് പറഞ്ഞു.അമ്മക്ക് ഈ ബന്ധം ഇഷ്ടമാണെങ്കിൽ നമുക്ക് ഈ ബന്ധം എടുക്കാമെന്ന് പറഞ്ഞു.എന്നാൽ അമ്മാമ്മ പറഞ്ഞത്, മോനെ കല്യാണം കഴിച്ച് ജീവിക്കേണ്ടത് നീയാണ്.നിനക്ക് ഈ കുട്ടിയെ ഇഷ്ടമാണെങ്കിൽ ഈ കല്യാണം നടന്നോട്ടെയെന്ന് പറഞ്ഞു.അങ്ങനെ ഒരിക്കൽ വേണ്ട എന്നുവെച്ച വിവാഹം വീണ്ടും നടന്നു.അമ്മാമ്മയിലൂടെ ദൈവം ഇടപെട്ടതിന്റെ ഫലമാണത്.ദൈവത്തിന്റെ പദ്ധതി അങ്ങനെ തന്നെ നടക്കട്ടെ എന്ന് പറഞ്ഞ് നാം വിട്ടുകൊടുക്കുമ്പോൾ അത്ഭുതങ്ങൾ നടക്കും.'- ഫ്രാങ്കോ മുളക്കൻ പറയുന്നു.

എന്റെ അമ്മയ്ക്ക് പത്താം ക്ലാസിന് ശേഷം കന്യാസ്ത്രീ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ 1990 ഏപ്രിൽ 21ന് എനിക്ക് പുരോഹിത പട്ടം ലഭിച്ചപ്പോഴാണ്, താൻ വിവാഹം കഴിച്ചത് ദൈവഹിതമായിരുന്നെന്ന് അമ്മ പറഞ്ഞിരുന്നു. സഭയ്ക്ക് വേണ്ടി ഒരു മകനെ കൊടുക്കുവാനാണ് ദൈവം തനിക്ക് വിവാഹം ഒരുക്കിയതെന്നാണ് അമ്മ പറഞ്ഞത്. എന്നാൽ തന്റെ അമ്മ ഏത് സഭയിൽ കന്യാസ്ത്രീ ആകണമെന്ന് ആഗ്രഹിച്ചുവോ അവിടെ തന്നെയാണ് തന്റെ സഹോദരി കന്യാസ്ത്രീ പട്ടം സ്വീകരിച്ച് സേവനം അനുഷ്ഠിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ ആഗ്രഹങ്ങൾക്ക് എതിരായി എന്ത് സംഭവിച്ചാലും അത് ദൈവത്തിന്റെ പദ്ധതിക്ക് വിട്ടുകൊടുക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹത്തിന് കാരണമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവമേ ഇതാണ് നിന്റെ ആഗ്രഹമെങ്കിൽ ഇത് തന്നെ സംഭവിക്കട്ടെ എന്ന് ദൈവത്തോട് പറയുക. അപ്പോൾ തന്നെ മനസിന് സമാധാനം ലഭിക്കും. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് മുൻപ് ചുംബിക്കുകയാണ് ചെയ്തത്. യൂദാസിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു പാപമായിരുന്നു.

തന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കുന്നു. എന്നാൽ യേശുവിന്റെ ഭാഗത്ത് നിന്നും നോക്കിയാൽ അത് ദൈവ ഹിതമാണ്. തിന്മ എന്നും തിന്മ തന്നെയാണ്. എന്നാൽ നമുക്ക് അതിനോടുള്ള പ്രതികരണത്തിലാണ് വ്യത്യാസം വരുന്നത്. മറ്റുള്ളവരുടെ വക്രത കൊണ്ടോ പ്രവർത്തി കൊണ്ടോ ഉണ്ടായ സ്ഥിതിയാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചതെങ്കിലും അത് ദൈവ ഹിതമെന്ന് കരുതി മുന്നോട്ട് പോകണം'- ബിഷപ്പ് വീഡിയോയിൽ പറഞ്ഞിരുന്നു.എന്നാൽ വീഡിയോക്ക് താഴെ ഒരുപാട്പേർ ഫ്രാങ്കോയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.ഇപ്പോഴുള്ള കേസും ദൈവവിധിയെന്ന്  സമാധാനിക്കാനാണ് പലരും ഫ്രാങ്കോയെ ട്രോളുന്നത്.