ചെന്നൈ: തിരുനെൽവേലിയിലെ അനധികൃത മണൽക്കടത്ത് കേസിൽ മലങ്കര കത്തോലിക്കാസഭാ ബിഷപ്പിന് ജാമ്യം. ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനാണ് ജാമ്യം ലഭിച്ചത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം നൽകിയത്.ഒപ്പം അറസ്റ്റിലായ അഞ്ച് വൈദികർക്കും ജാമ്യം. ഫെബ്രുവരി അഞ്ചിനാണ് തമിഴ് നാട് ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ ഖനനം നടത്തിയെന്നായിരുന്നു കേസ്.

കേസിൽ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസും വികാരി ജനറൽ ഷാജി തോമസ് മണിക്കുളം പുരോഹിതന്മാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരേയുമാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ അംബാസമുദ്രത്തിൽ വെച്ച് ക്രൈംബ്രാഞ്ചാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ കേസിൽ പ്രധാന പ്രതിയായ കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്നയാളേയും അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട രൂപതയ്ക്ക് അംബാസമുദ്രത്തിലുള്ള 300 ഏക്കർ സ്ഥലം അറസ്റ്റിലായ മാനുവൽ ജോർജ് കൃഷിക്കായി കരാർ പ്രകാരം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇയാൾ കൃഷിയുടെ മറവിൽ വൻതോതിൽ മണൽഖനനം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ വിശദീകരണം.

സബ് കളക്ടർ ചേരന്മഹാദേവിയുടെ നേതൃത്വത്തിൽ നേരത്തെ നടത്തിയ പരിശോധനയിൽ വാണ്ടൽ ഒടൈ ചെക്ക്ഡാമിൽ നിന്നും വൻ തോതിൽ അനധികൃതകമായി മണൽ ഖനനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. വാണിജ്യാവശ്യത്തിനായി 27,774 ക്യൂുബിക് മീറ്ററിൽ നിന്നും മണൽ ഖനനം നടത്തിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് 9.57 കോടി രൂപ മാനുവൽ ജോർജിനെതിരെ പിഴ ചുമത്തുകയും ചെയ്തിരുന്നു.

എന്നാൽ മണൽ ഖനനം രൂപതയുടെ അറിവോടെയെല്ലന്നാണ് പത്തനംതിട്ട രൂപത നൽകിയ വിശദീകരണം. 40 വർഷമായി രൂപതയുടെ പേരിലുള്ള ഭൂമി കൃഷിയാവശ്യത്തിനായി കരാർ പ്രകാരം മാനുവൽ ജോർജ് എന്ന വ്യക്തിക്ക് നൽകുകയായിരുന്നു. കോവിഡ് കാലമായതിനാൽ രൂപതാ അധികൃതർക്ക് സ്ഥലം സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് മാനുവൽ ജോർജ് കരാർ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്നും ഒഴിവാക്കനുള്ള നിയമ നടപടികൾ ആരംഭിച്ചിരുന്നതായും രൂപത അധികൃതർ പറഞ്ഞു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥരെന്ന നിലയിലാണ് രൂപതാ അധികാരികളെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയതെന്നുമാണ് രൂപത നൽകിയ വിശദീകരണം.