വെല്ലിങ്ടൺ: വനിത ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയതിന് പിന്നാലെ പാക് ടീം നായിക ബിസ്മ മറൂഫിന്റെ മകൾ ഫാത്തിമയെ ഇന്ത്യൻ താരങ്ങൾ ലാളിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. മത്സരശേഷം പാക് ടീം നായിക ബിസ്മ മറൂഫിന്റെ മകൾ ഫാത്തിമയെ ഇന്ത്യൻ താരങ്ങൾ കളിപ്പിക്കുന്ന രംഗങ്ങളാണ് ജനഹൃദയം കീഴടക്കിയത്.

മത്സര ശേഷം ബിസ്മ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ഏഴ് മാസം പ്രായമായ മകൾ ഇന്തയൻ താരം ഏകതാ ബിഷ്ടിന്റെ കൈകളിലായിരുന്നു. താരങ്ങൾ കുഞ്ഞിനെ കളിപ്പിക്കുകയും ഒപ്പം സെൽഫിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഒരു കൈയിൽ കുഞ്ഞും മറു കയ്യിൽ ക്രിക്കറ്റ് കിറ്റുമായി കളിക്കളത്തിലറങ്ങിയ ബിസ്മ മറൂഫിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് കുഞ്ഞു പിറന്നപ്പോൾ ഇനി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു ജീവിതമില്ല എന്നു തീരുമാനിച്ചതായിരുന്നുവെന്ന് ബിസ്മ വ്യക്തമാക്കിയിരുന്നു.

വിരമിക്കൽ പ്രഖ്യാപന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കാനുള്ള വാക്കുകൾ വരെ ബിസ്മ മനസ്സിൽ ഒരുക്കിവെച്ചിരുന്നു. എന്നാൽ അമ്മയുടേയും ഭർത്താവിന്റേയും പിന്തുണ താരത്തെ വീണ്ടും കളിക്കളത്തിലെത്തിക്കുകയായിരുന്നു. പാരന്റൽ സപ്പോർട്ട് പോളിസിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസ്മയ്ക്കൊപ്പം നിന്നു.

'എന്റെ അമ്മയും മകളും എന്നോടൊപ്പം ഇവിടെയുണ്ട്. അതിനാൽ ഇതെനിക്ക് വളരെ വൈകാരികമായ നിമിഷമാണ്. തിരിച്ചുവന്ന് ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞത് വേറിട്ട അനുഭവമായിരുന്നു. എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു' -ബിസ്മ മഹ്റൂഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഈ കാഴ്ച വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ഒന്നാണ്. 2022 ലോകകപ്പിൽ കളിക്കുന്ന എട്ട് അമ്മമാരിൽ ഒരാളാണ് ബിസ്മ മറൂഫ്. അമ്മയായ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ആദ്യ പാക്കിസ്ഥാൻ താരം കൂടിയാണ് ബിസ്മ.