സാങ്കൽപ്പിക ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിന്റെ വ്യാപനം തടയുന്നതിന് കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുന്നതിനിടെ, നാണയത്തിന്റെ മൂല്യത്തിലും വൻതോതിലുള്ള ഇടിവ്. ബിറ്റ്‌കോയിനെ നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെ, മൂല്യം ആയിരം ഡോളറോളം ഒറ്റദിവസം കൊണ്ട് കുറഞ്ഞു. രണ്ടാഴ്ച മുമ്പ് 20,000 ഡോളർ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്റെ മൂല്യം ഇപ്പോൾ 10,500 ഡോളറിലാണ്.

ദക്ഷിണ കൊറിയ നിയന്ത്രണം പ്രഖ്യാപിച്ചതോടെ, വില 10,168 ഡോളറിലേക്ക് കൂപ്പുകുത്തി. ഈയാഴ്ചയാദ്യം 12,000 ഡോളറായിരുന്നു വില. ഇന്നലെ രാവില 10,168 ഡോളറിൽ തുടങ്ങിയ വ്യാപാരം പിന്നീട് 10,552 ഡോളറിലെത്തി. ബിറ്റ്‌കോയിൻ എന്ന സാങ്കൽപ്പിക കറൻസി ഏതുനിമിഷവും പൊട്ടിത്തകരുമെന്ന അഭ്യൂഹം പടരുന്നതാണ് വില വൻതോതിൽ ഇടിയാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒമ്പത് ശതമാനത്തോളമാണ് ഇന്നലെ ഒറ്റദിവസം വില കുറഞ്ഞത്. കഴിഞ്ഞയാഴ്ച ഒരു ദിവസം 18 ശതമാനത്തോളം വില കുറഞ്ഞിരുന്നു.

പ്രവർത്തനകേന്ദ്രം ഏതെന്നറിയാത്ത ബിറ്റ്‌കോയിൻ ഇടപാടുകൾ നിരോധിക്കാൻ പോവുകയാണെന്ന് ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. ഇത്തരം ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന നിയമനിർമ്മാണത്തിനും തയ്യാറായേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അഭ്യൂഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപമാണിതിൽ നടക്കുന്നത്. ഇത്തരമൊരു സാഹചര്യം തുടർന്നുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ദക്ഷിണ കൊറിയൻ സർക്കാർ വ്യക്തമാക്കി.

നിലവിൽ ബിറ്റ്‌കോയിന്റെ ഏറ്റവും വലിയ വിപണിയാണ് ദക്ഷിണ കൊറിയ. ബിറ്റ്‌കോയിൻ വ്യാപാരത്തിന് നികുതി ഏർപ്പെടുത്തുമെന്ന് ഈമാസമാദ്യം സർക്കാർ പ്രഖ്യാപിച്ചെങ്കിലും വ്യാപാരത്തെ അത് തെല്ലും ബാധിച്ചില്ല. ബിറ്റോകോയിൻ വിപണി തകരുകയാണെങ്കിൽ ദക്ഷിണ കൊറിയയിൽ അതിന്റെ ആഘാതം വലുതായിരിക്കുമെന്ന ആശങ്കയാണ് കടുത്ത നിയന്ത്രമങ്ങളേർപ്പെടുത്താൻ സർക്കാരിനെ നിർബന്ധിതമാക്കിയത്.

ബിറ്റ്‌കോയിൻ വൻതോതിൽ പ്രചരിക്കുന്നതിലേറെയും ഏഷ്യൻ രാജ്യങ്ങളാണ്. സാങ്കൽപ്പിക കറൻസി ഏതുനിമിഷവും തകർന്നടിയാമെന്ന മുന്നറിയിപ്പ് ചൈനയും ജപ്പാനും വിയറ്റ്‌നാമും സിംഗപ്പുരും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല രാജ്യങ്ങളും ബിറ്റ്‌കോയിൻ വ്യാപാരത്തിന് നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനിച്ചിട്ടുമുണ്ട്. ബിറ്റ്‌കോയിനും യൂതേറിയവും പോലുള്ള സാമ്പത്തിക കറൻസികളുടെ ഇടപാടുകൾക്ക് സെപ്റ്റംബറിൽ ചൈന താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. വിയറ്റ്‌നാം നവംബറിൽ സമാന നടപടികളെടുത്തു.

എന്നാൽ, ബിറ്റ്‌കോയിൻ സമീപകാലത്തൊന്നും യുകെയുടെയോ അവിടുത്തെ ജനങ്ങളുടെയോ സാമ്പത്തിക സ്ഥിരതയെ അലോസരപ്പെടുത്തില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിഗമനം. എന്നാൽ, വിഡ്ഢികളാണ് ബിറ്റ്‌കോയിൻ വാങ്ങുന്നതെന്നാണ് ജെപി മോർഗന്റെ ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ജാമി ഡിമോൺ ഇക്കൊല്ലമാദ്യം പ്രതികരിച്ചത്. അന്താരാഷ്ട്ര നാണ്യനിധിയും ബിറ്റ്‌കോയിനെ തള്ളിപ്പറയാൻ തയ്യ3റായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.