ഹോങ്കോങ്: ബിറ്റ്കോയിന്റെ വില കുത്തനെ ഇടിയുന്നു. ഈവർഷം ബിറ്റ്കോയിന്റെ മൂല്യം 1,300ശതമാനത്തിലേറെ ഉയർന്ന് 19,511 ഡോളർ നിലവാരത്തിലെത്തിയിരുന്നു. അവിടെനിന്നാണ് ഈ വീഴ്ച.

ബിറ്റ് കോയിന്റെ മൂല്യം സർവകാല ഉയരത്തിൽ നിന്ന് നാല് വർഷത്തെ താഴചയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞദിവസം ഒരുവേള 20,000 ഡോളർ വരെ ഉയർന്ന മൂല്യം, ഇന്നലെ 12,560 ഡോളർ വരെ ഇടിഞ്ഞു. 2013 ഏപ്രിലിനു ശേഷം ബിറ്റ് കോയിൻ രേഖപ്പെടുത്തുന്ന ഏറ്റവും താഴന്ന മൂല്യമാണിത്. 2017ന്റെ തുടക്കത്തിൽ ആയിരം ഡോളറിൽ താഴെയായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. നിക്ഷേപം കുതിച്ചതോടെ കഴിഞ്ഞ ഒരുമാസത്തിനിടെയാണ് മൂല്യം 20,000 ഡോളറിലേക്ക് കുതിച്ചത്. ഇതാണ് ഇടിയുന്നത്.

വെള്ളിയാഴ്ചയിലെ വ്യാപാരത്തിൽ മാത്രം ബിറ്റ്കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞിരുന്നു. ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയർന്ന നിലവാരത്തിൽനിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയും. അടിസ്ഥാന മൂല്യം, സുതാര്യത, നിയന്ത്രിത വ്യവസ്ഥ, മാർക്കറ്റിലെ ഡിമാൻഡ് സപ്ലൈ തുടങ്ങിയ സാധ്യതകൾ പരിശോധിക്കുമ്പോൾ ബിറ്റ്കോയിനെ നിക്ഷേപമാർഗമെന്ന കാഴ്ചപ്പാടിൽനിന്ന് മാറ്റിനിർത്തേണ്ടിവരുമെന്ന വിലയിരുത്തലും എത്തി. ഇതോടെയാണ് മൂല്യം ഇടിയുന്നത് തുടങ്ങിയത്.

അതിനിടെ ക്രിപ്റ്റോകറൻസികൾക്കിടയിൽതന്നെ ശക്തരായ എതിരാളികൾ ഉയർന്നുവരുന്നതിലുള്ള ആശങ്കയാകാം കയറ്റത്തിനുപിന്നിലെ ഇറക്കത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ മൂല്യം അനിയന്ത്രിതമായി ഉയർന്നതോടെ ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കണമെന്ന് റിസർവ് ബാങ്ക് ഉൾപ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ബിറ്റ് കോയിനെ തളർത്തുന്നതെന്നാണ് വിലയിരുത്തൽ.