- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
രണ്ട് വർഷം മുൻപ് വില 3000 ഡോളറിൽ ഞെരുങ്ങി നിന്നു; ഇപ്പോഴത്തെ വില 26,000 ഡോളർ; ഇനി രണ്ടു വർഷം കൂടികഴിഞ്ഞാൽ വില 6,50,000 ആയേക്കും; അനുനിമിഷം വില ഉയർത്തി ലോകത്തെ അത്ഭുതപ്പെടുത്തുന്ന ബിറ്റ്കോയിന്റെ കഥ
വികേന്ദ്രീകരിക്കപ്പെട്ട ആദ്യത്തെ ഡിജിറ്റൽ മണിയായ ബിറ്റ്കോയിന്റെ തുടക്കം 2008 ൽ ആയിരുന്നു. സതോഷി നകമോട്ടോ എന്ന അപരനാമത്തിൽ ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു സംഘം വ്യക്തികളോായിരുന്നു ഇത് രൂപകല്പന ചെയ്തത്. ഇത് പ്രാബല്യത്തിൽ വരുന്നതിനു മുൻപും ചില ഡിജിറ്റൽ മണികൾ നിലനിന്നിരുന്നു. വെൽ ഡായുടെ ബി-മണി, നിക്ക് സാബോയുടെ ബിറ്റ് ഗോൾഡ് എന്നിവ ഇതിന് ഉദാഹരണമാണ്. എന്നാൽ അവയെല്ലാം തന്നെ ഇഷ്യുവർ ബേസ്ഡ് ഡിജിറ്റൽ ക്രിപ്റ്റോ കറൻസികളായിരുന്നു.
2008 ഓഗസ്റ്റ് 18 നാണ് ബിറ്റ്കോയിൻ ഡോട്ട് ഓർഗൻ എന്ന ഡൊമെയ്ൻ നെയിം റെജിസ്റ്റർ ചെയ്തത്. അതേവർഷം ഒക്ടോബർ 31 ന് സതോഷി നകമോട്ടോ സാക്ഷ്യപ്പെടുത്തിയ ബിറ്റ്കോയിൻ എന്ന പ്രു പേപ്പറിലേക്ക് അത് ലിങ്ക് ചെയ്യപ്പെട്ടു. പിന്നീട് നവംബർ 9 ന് ബിറ്റ്കോയിൻ പ്രൊജക്ട് ഓപ്പൺ സോഴ്സ് കമ്മ്യുണിറ്റി റിസോഴ്സായ സോഴ്സ്ഫോർജ് നെറ്റിൽ റെജിസ്റ്റർ ചെയ്യപ്പെട്ടു. 2009 ജനുവരിയിലാണ് ബിറ്റ്കോയിൻ നിലവിൽ വരുന്നതും ആദ്യത്തെ കോയിനുകൾ പുറത്തിറക്കുന്നതും.
ആദ്യത്തെ ബിറ്റ് കോയിൻ നേടിയ വ്യക്തി, ബിറ്റ്കോയിൻ യാഥാർത്ഥ്യമാകുവാൻ വേണ്ടി ഇതിനെ പിന്തുണയ്ക്കുകയും, പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്ത പ്രോഗ്രാമർ കൂടിയായ ഹാൽ ഫിന്നി ആയിരുന്നു. ബിറ്റ്കോയിൻ സോഫ്റ്റ്വെയർ പുറത്തിറങ്ങിയ ദിവസം തന്നെ ഫിന്നി അത് ഡൗൺലോഡ് ചെയ്യുകയും 10 ബിറ്റ്കോയിൻ നേടുകയും ചെയ്തിരുന്നു. ഇതായിരുന്നു ആദ്യത്തെ ബിറ്റ്കോയിൻ ഇടപാട്. ബിറ്റ് കൊയിന്റെ മുൻഗാമിയായ ബി- മണിയുടെ സൃഷ്ടാവ് വെൽ ദായ്, ബിറ്റ് ഗോൾഡിന്റെ സൃഷ്ടാവായ നിക്ക് സാബോ എന്നിവരായിരുന്നു ബിറ്റ് കോയിനെ ആദ്യകാലത്ത് ഏറെ പിന്തുണച്ചവർ.
ആദ്യ ഇടപാടിൽ 10,000 ബിറ്റ്കോയിൻ നൽകി വാങ്ങാനായത് രണ്ട് പിസ
പിന്നീട് ബിറ്റ്കോയിൻ ഫൗണ്ടേഷനിലെ ഡെവെലപ്പർ ഗവിൻ ആൻഡേഴ്സണ് ഇതിന്റെ അധികാരങ്ങൾ കൈമാറി വന്നതുപോലെത്തന്നെ തികച്ചും അപ്രതീക്ഷിതമായി നകമോട്ടോ അപ്രത്യക്ഷമായി. 2009 ൽ ബിറ്റ് കോയിന്റെ വില കേട്ടാൽ ഒരുപക്ഷെ നിങ്ങൾ അദ്ഭുതപ്പെട്ടേക്കും. 10,000 ബിറ്റ് കോയിനുകൾ ഉപയോഗിച്ചാണ് അന്ന് പാപ്പ ജോൺസിൽ നിന്നും രണ്ട് പിസ പരോക്ഷമായി വാങ്ങിയത്. പിന്നീട് 2010 ഫെബ്രുവരിയിലാണ് ഔദ്യോഗിക ക്രിപ്റ്റോകറൻസി സ്റ്റോക്ക് എക്സ്ചേഞ്ചായ ബിറ്റ്കോയിൻ മാർക്കറ്റ് രൂപീകരിക്കുന്നത്.
ബിറ്റ് കോയിനിന്റെ ഉയർച്ച താഴ്ച്ചകൾ
ഇതേവർഷം ജൂലായ് ആകുമ്പോഴേക്കും ബിറ്റ് കോയിൻ വാങ്ങുന്നവരുടെ എണ്ണം കാര്യമായി വർദ്ധിക്കുകയും ബിറ്റ്കോയിൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിരക്ക് പത്തു ദിവസം കൊണ്ട് പത്തിരട്ടിയായി വർദ്ധിക്കുകയും ചെയ്തു. 2011 ആയതോടു കൂടി ബിറ്റ്കോയിന്റെ ഓപ്പൺ സോഴ്സ് കോഡ് ഉപയോഗിച്ച് മറ്റു ക്രിപ്റ്റോ കറൻസികളും രംഗത്തെത്താൻ തുടങ്ങി. ഇതേവർഷം ജനുവരിയിൽഇലക്ട്രോണിക് ഫ്രണ്ടിയർ ഫൗണ്ടേഷൻ എന്ന നോർൺ-പ്രോഫിറ്റ് സംഘടന ബിറ്റ്കോയിനെ അംഗീകരിച്ചെങ്കിലും നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2011 ജൂണിൽ അംഗീകാരം പിൻവലിച്ചു. പിന്നീട് 2013 മെയ് 17 നാണ് ഈ തീരുമാനം തിരുത്തി ഇ എഫ് എഫ് ബിറ്റ്കോയിന് വീണ്ടും അംഗീകാരം നൽകുന്നത്.
2011 മാർച്ച് മാസത്തോടെ ബിറ്റ് കോയിന്റെ മൂല്യം ഉയരാൻ തുടങ്ങി. ഒരു അമേരിക്കൻ ഡോളറിന് 70 സെന്റായി ഉയർന്ന ബിറ്റ്കോയിൻ 10,000 എണ്ണം നൽകിയിട്ടാണ് രണ്ട് വർഷം മുൻപ് രണ്ട് പിസ വാങ്ങിയതെന്നോർക്കണം. അതേവർഷം ജൂണിൽ ബിറ്റ് കോയിന്റെ വില ക്രമമായി ഉയർന്ന് ഒരു ബിറ്റ് കോയിനിന് 31.91 അമേരിക്കൻ ഡോളർ വരെ എത്തിയെങ്കിലും പിന്നീട് അത്താഴ്ന്ന് 10 ഡോളറായി.
ബിറ്റ്കോയിൻ മോഷണവും മറ്റു തിരിച്ചടികളും
മോഷണമില്ലാത്ത ഒരു മേഖലയും ലോകത്തിലില്ല എന്ന് തെളിയിച്ചുകൊണ്ട് 2011 ജൂൺ 13 ന് ആദ്യത്തെ ബിറ്റ് കോയിൻ മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടു. 25,000 ബിറ്റ് കോയിനുകൾ (3,75,000 ഡോളറിന് തുലയമായത്) ആണ് അന്ന് മോഷണം പോയത്. തുടർന്ന് ബിറ്റ് കോയിൻ സോഫ്റ്റ്വെയറിൽ വ്യാപകമായി ഹാക്കിങ് നടന്നു. നിരവധി പേരുടെ ഈ മെയിൽ പാസ്വേർഡ് വിവരങ്ങൾ ചോർത്തപ്പെടുകയും വ്യാജ ബിറ്റ്കോയിനുകൾ ആയിരക്കണക്കിനായി ഈ അക്കൗണ്ടുകളിൽ നിന്നും അയക്കപ്പെടുകയും ചെയ്തു. ഇതോടെ ബിറ്റ് കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഒരു കോയിനിന് 17.5 ഡോളർ ഉണ്ടായിരുന്നത് കുറഞ്ഞുവന്ന് ഒരു കോയിനിന് ഒരു സെന്റ് എന്ന നിലയിലെത്തി.
ബിറ്റ് കോയിനിനെ നിയന്ത്രിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. നൽകുന്ന ആളും സ്വീകരിക്കുന്ന ആളും തമ്മിലുള്ള ധാരണ അനുസരിച്ചാണ് ഇത് പ്രാവർത്തികമാകുന്നത്. പിന്നീട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബിറ്റ്കോയിൻ മോഷണം 2021 ജൂൺ 3ന് നടന്നതോടെ ബിറ്റ് കോയിൻ വീണ്ടും വിവാദങ്ങളിൽ നിറഞ്ഞു. 50,000 ബിറ്റ് കോയിനുകളാണ് അന്ന് മോഷ്ടിക്കപ്പെട്ടത്. എന്നാൽ അതേവർഷം ഒക്ടോബറിൽ ഏകദേശം ആയിരത്തോളം വ്യാപാരികൾ അവരുടെ പേയ്മെന്റ് മാതൃകയിൽ ബിറ്റ് കോയിൻ കൂടി ഉൾപ്പെടുത്തിയതോടെ ഇതിന്റെ മൂല്യം വീണ്ടും ഉയർന്നു.
ബിറ്റ്കോയിൻ വീണ്ടും പ്രതാപത്തിലേക്ക് മടങ്ങുന്നു
2013 ജനുവരിയോടെ തന്നെ ബിറ്റ് കോയിൻ ഉപയോഗിച്ചുള്ള 10,000 ത്തിൽ അധികം ഇടപാടുകൾ നടന്നു. ഫെബ്രുവരി ആയതോടെ ബിറ്റ് കോയിനിന്റെ വില ഒരു കോയിനിന് 31.91 അമേരിക്കൻ ഡോളറായി ഉയർന്നു. തുടർന്ന് മാർച്ച് അവസാനത്തോടെ ബിറ്റ് കോയിൻ മൂലധനം 1 ബില്ല്യൺ ഡോളറായി ഉയർന്നതോടെ ബിറ്റ് കോയിന്റെ വില കോയിനൊന്നിന് 100 അമേരിക്കൻ ഡോളറായി ഉയർന്നു.
ഇതേവർഷം ജൂലായിൽ കെനിയയിലെ ജനപ്രിയ മൊബൈൽ പേയ്മെന്റ് സിസ്റ്റമായ എം-പെസയുമായി ബിറ്റ്കൊയിനിനെ ബന്ധിപ്പിച്ചുകൊണ്ട് ഒരു പ്രൊജക്ട് നടപ്പിൽ വരുത്തി. എന്നാൽ ഇതേസമയത്ത് തായ്ലാൻഡിൽ ബിറ്റ്കോയിൻ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ആഗസ്റ്റിൽ ടെക്സാസിലെ ഒരു കോടതി ബിറ്റ്കോയിൻ പണത്തിന്റെ ഒരു രൂപമാണെന്നും അല്ലെങ്കിൽ ഒരു കറൻസിയാണെന്നും വിധിച്ചുകൊണ്ട് ഉത്തരവിറക്കി. ഇതോടെ ഇത് നിയമത്തിന്റെ കീഴിൽ വരികയായിരുന്നു. 2013 ആയതോടെ ബിറ്റ്കോയിനിന്റെ മൂല്യം ഒരു കോയിനിന് 1000 ഡോളറായി ഉയർന്നു.
ഇതോടെ ബിറ്റ്കോയിനിനെ ഭാവിയുടെ സ്വർണം എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിക്കോസിയ യൂണിവേഴ്സിറ്റിയുടെ മുഖ്യ ഫിനാൻഷ്യൽ ഓഫീസർ രംഗത്തെത്തി. മാത്രമല്ല, യൂണിവേഴ്സിറ്റിയുടെ ട്യുഷൻ ഫീസ് ബിറ്റ്കോയിനായി സ്വീകരിക്കാനും ആരംഭിച്ചു. 2013- ൽ ചൈന ബിറ്റ്കോയിൻ നിരോധിക്കുകയും തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ ഒന്നായ ചൈനീസ് ബിറ്റ് കോയിൻ എക്സ്ചേഞ്ച് അടച്ചുപൂട്ടുകയും ചെയ്തു.
2014 ആയപ്പോഴേക്കും അയർലൻഡ് ഉൾപ്പടെ ചില രാജ്യങ്ങളിൽ യൂറോയേക്കാൾ പ്രചാരം ബിറ്റ്കോയിന് ലഭിച്ചു. ഇതോടെ ആദ്യത്തെ ബിറ്റ്കോയിൻ സേഫ് സ്റ്റോറേജും തുറന്നു. ഇതേവർഷം തന്നെ വിവിധ രംഗങ്ങളിലെ പ്രമുഖർ ബിറ്റ് കോയിൻ ഒരു പണ വിനിമയ ഉപാധിയായി അംഗീകരിച്ചതോടെ ഇതിന്റെ മൂല്യം വീണ്ടും ഉയർന്നു. പരീക്ഷണാടിസ്ഥാനത്തിൽ സിംഗയാണ് അവരുടെ ഗെയിമുകൾ വാങ്ങുവാൻ ബിറ്റ് കോയിൻ ഉപയോഗിക്കാം എന്ന് ആദ്യം സമ്മതിച്ചത്.
പിന്നീട് ലാസ് വേഗസ്സിലെ പ്രമുഖ കാസിനോകൾ ബിറ്റ് കോയിൻ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുവന്നു. ഇതോടെ ചൈനയും ബിറ്റ്കോയിനുള്ള നിരോധനം എടുത്തുകളഞ്ഞു. എന്നാൽ അധികം വൈകാതെ ബിറ്റ്കോയിന്റെ വൈസ് പ്രസിഡണ്ട് സാമ്പത്തിക തിരിമറികളുടെ പേരിൽ അറസ്റ്റിലായതോടെ ഇതിന്റെ മൂല്യം കോയിനൊന്നിന് 40 ഡോളറായി ഇടിഞ്ഞു. എന്നാൽ അധികം താമസിയാതെ അത് പഴയ മൂല്യം വീണ്ടെടുക്കുകയും ചെയ്തു.
2014 ജൂലായിൽ ന്യുഎഗ്ഗ്, ഡെൽ തുടങ്ങിയ കമ്പനികൾ ബിറ്റ്കോയിൻ അംഗീകരിച്ചു. സെപ്റ്റംബറിൽ ടെറാ എക്സ്ചേഞ്ച്, എൽ എൽ സി എന്നിവർക്ക് ബിറ്റ് കോയിൻ ഇടപാടുകൾക്ക് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുന്നു. മാത്രമല്ല, യു എസ് റെഗുലേറ്ററി ഏജൻസി ബിറ്റ്കോയിനിനെ ഒരു സാമ്പത്തിക ഉദ്പന്നമായി അംഗീകരിക്കുകയും ചെയ്തു. അതേവർഷം ഡിസംബറിൽ വിൻഡോസ് സോഫ്റ്റ്വെയറും എക്സ് ബോക്സ് ഗെയിമുകളും വാങ്ങുന്നതിലും ബിറ്റ് കോയിൻ ഉപയോഗിക്കുവാൻ മൈക്രോസോഫ്റ്റ് അനുമതി നൽകി.
2015 ആയതോടെ ബിറ്റ്കോയിൻ മൂലധനം 75 മില്ല്യൺ അമേരിക്കൻ ഡോളറായി ഉയർന്നു. എന്നാൽ, വീണ്ടും ബിറ്റ്കോയിൻ മോഷണം നടന്നു. ഇത്തവണ ഏകദേശം 5 മില്ല്യൺ ഡോളറിന് സമമായ 19,000 ബിറ്റ്കോയിനുകളാണ് മോഷണം പോയത്. ഇതോടെഇതിന്റെ മൂല്യം വീണ്ടും തകർന്നു എങ്കിലും സാവധാനം മൂല്യം വർദ്ധിക്കുവാൻ ആരംഭിച്ചു. ഇതേവർഷം ഓഗസ്റ്റ് ആയതോടെ ബിറ്റ്കോയിൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ തയ്യാറായിട്ടുള്ള ബിസിനസ്സ് സ്ഥാപനങ്ങളുടെ എണ്ണം 1,60,000 ആയി ഉയർന്നു.
ബിറ്റ്കോയിൻ കുതിച്ചു കയറ്റം
തുടർന്നുള്ള വർഷങ്ങളിൽ കണ്ടത് കൂടുതൽ കൂടുതൽ ബിസിനസ്സ് സ്ഥാപനങ്ങളും കോർപ്പറേറ്റുകളുമൊക്കെ ബിറ്റ് കോയിൻ അംഗീകരിക്കുന്നതാണ്. സ്വിസ്സ് റെയിൽ പോലും ബിറ്റ് കോയിനെ അംഗീകരിക്കുകയും ബിറ്റ്കോയിൻ സ്വീകരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ പാകത്തിൽ ഓൺലൈൻ ബുക്കിങ് സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഉയര്ന്നുകൊണ്ടേയിരുന്ന ബിറ്റ്കോയിന്റെ മൂല്യം 2020-ൽ 300 ശതമാനമാണ് വർദ്ധിച്ചത്.
ഡിസംബർ മദ്ധ്യത്തോടെ ഈ ജനപ്രിയ ക്രിപ്റ്റോകറൻസിയുടെ മൂല്യം 28,599 ആയി ഉയർന്നു. ആരംഭ കാലത്ത് തട്ടിപ്പെന്നു പറഞ്ഞ് ആക്ഷേപിച്ചിരുന്ന ബിറ്റ്കോയിൻ ഡോളർ, സ്വർണം, എണ്ണ, ചെമ്പ് തുടങ്ങിയ ആസ്തികളേക്കാൾ ഒക്കെ മൂല്യം കൈവരിച്ചു. പാരമ്പര്യ നിക്ഷേപോപാധി ആയിരുന്ന സ്വർണ്ണത്തേയും കടത്തിവെട്ടി നിക്ഷേപത്തിന് ഏറ്റവും ഉചിതമായ കമ്മോദിറ്റിയായി മാറുകയും ചെയ്തു. സത്യത്തിൽ, കോവിഡ് മഹാവ്യാധി ബിറ്റ്കോയിനിന്റെ വളർച്ച ത്വരിതപ്പെടുത്തുകയായിരുന്നു.
അമേരിക്കയുടെയും ബ്രിട്ടന്റെയും മൊത്തം കടം ജി ഡി പിയേക്കാൾ 100 ശതമാനം ഉയർന്നതോടെ ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ 2021 ൽ പണപ്പെരുപ്പം ഉണ്ടായേക്കാം എന്നൊരു വിലയിരുത്തലുണ്ട്. ഇത്തരത്തിലുള്ള പണപ്പെരുപ്പം വരുമ്പോൾ അത് ബാധിക്കാത്ത ഏക കമ്മോദിറ്റി എന്ന നിലയിൽ ബിറ്റ്കോയിൻ മൂല്യം ഇനിയും വർദ്ധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതിനാൽ 2021 ൽ ബിറ്റ് കോയിൻ മൂല്യം കോയിനൊന്നിന് 1,00,000 ലക്ഷം ഡോളറായി ഉയർന്നേക്കാമെന്നാണ് കരുതുന്നത്.
സംശയത്തിന്റെ നിഴലിൽ നിന്നും വ്യക്തതയുടെ വെളിച്ചത്തിലേക്ക്
2008-ൽ ആവിഷ്കരിച്ച ബിറ്റ്കോയിൻ ഈ പതിറ്റാണ്ടിന്റെ മൂന്നിലൊരു കാലഘട്ടത്തിലും ക്രിമിനൽ പ്രവർത്തനങ്ങൾക്കും സംശയാസ്പദമായ ഇടപാടുകൾക്കുമായായിരുന്നു ഉപയോഗിച്ചിരുന്നത്. നിയമവിരുദ്ധമായ ചൂതാട്ടം, മയക്കുമരുന്ന്, മനുഷ്യക്കടത്ത് തുടങ്ങിയവയിലെല്ലാം ഇതായിരുന്നു അക്കാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അവസ്ഥ ആകെ മാറിയിരിക്കുകയാണ്. സ്റ്റാർബക്ക്സ്, വോൾ ഫുഡ്സ് തുടങ്ങി ബ്രിട്ടനിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ ബിറ്റ്കോയിനിൽ ഇടപാടുകൾ നടത്താൻ പ്രത്യേകം ആപ്പ് തന്നെ ഉണ്ടാക്കിയിരിക്കുകയാണ്.
ഫിഡലിറ്റി, നോമുറ, ഗോൾഡ്മാൻ സാഷ്സ്, അലയൻസ് ബേൺസ്റ്റീൻ തുടങ്ങിയ ആഗോള പ്രശസ്തമായ ധനകാര്യ സ്ഥാപനങ്ങളും ബിറ്റ്കോയിൻ അംഗീകരിച്ചു കഴിഞ്ഞു. മഹാമാരിയുടെ മൂർദ്ധന്യഘട്ടത്തിൽ പ്രധാന ബാങ്കുകളുടെയൊക്കെ പ്രവർത്തന രീതി പരമ്പരാഗത കറൻസിയുടെ ഭാവിയെ കുറിച്ച് ഉപഭോക്താക്കളുടെ മനസ്സിൽ ജനിപ്പിച്ച ഭയം ബിറ്റ്കോയിന് അനുകൂലമായ സാഹചര്യം ഒരുക്കി എന്നാണ് പല സാമ്പത്തിക വിദഗ്ദരും വിലയിരുത്തുന്നത്.
ബിറ്റ്കോയിനിന്റെ ഭാവി
2022 അവസാനത്തോടെ അല്ലെങ്കിൽ 2023 ആരംഭത്തോടെ ബിറ്റ്കോയിനിന്റെ മൂല്യം പത്ത് മടങ്ങായി വർദ്ധിക്കുമെന്നാണ് ചില സാമ്പത്തിക വിദഗ്ദർ പ്രവചിക്കുന്നത്. അതായത് കോയിൻ ഒന്നിന് 2,60,000 ഡോളർ വരെ വിലയുണ്ടാകുമത്രെ.അതേസമയം, സാമ്പത്തിക രംഗത്തെ ഭീമന്മാരായ ജെ പി മോർഗൻ കണക്കുകൂട്ടുന്നത് ഇക്കാലയളവിൽ ബിറ്റ്കോയിനിന്റെ മൂല്യം 6,50,000 ആയി ഉയരുമെന്നാണ്.
കോവിഡ് പോലൊരു പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം സ്വർണം, ബിറ്റ്കോയിൻ എന്നിവ പോലുള്ള പാരമ്പര്യേതര കറൻസികളിലാണ് എന്ന് ജനം തിരിച്ചറിഞ്ഞതാണ് ഇതിനു കാരണമെന്നാണ് ജെ പി മോർഗൻ പറയുന്നത്. നിക്ഷേപത്തിനായുള്ള മൂല്യം കണക്കാക്കുമ്പോൾ സ്വർണ്ണത്തിന്റെ മൂല്യം 27 ശതമാനവും ബിറ്റ്കോയിൻ മൂല്യം 227 ശതമാനവും വർദ്ധിച്ചിട്ടുണ്ട്.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി അടുത്തവർഷത്തോടെയായിരിക്കും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുക എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് നിക്ഷേപത്തിൽ നിന്നും പലരേയും പിൻതിരിപ്പിക്കും. വ്യവസായങ്ങളിലും മറ്റും മുതൽ മുടക്കാതെ തങ്ങളുടെ പണം സുരക്ഷിതമായിരിക്കാൻ സ്വർണം. ബിറ്റ്കോയിൻ എന്നിവപോലുള്ള നിക്ഷേപ മാർഗ്ഗങ്ങളായിരിക്കും നിക്ഷേപകർ സ്വീകരിക്കുക. ഇത് ബിറ്റ്കോയിന്റെ മൂല്യം ഇനിയും പതിന്മടങ്ങായി ഉയർത്തിയേക്കാം.
മറുനാടന് ഡെസ്ക്