ന്യൂയോർക്ക്: ഓഹരികൾക്കും സ്വർണ്ണത്തിനും പകരം നല്ലൊരു നിക്ഷേപോപാധിയായി മാറും എന്ന് ഏതാണ്ട് ഒരു വർഷം മുൻപ് വരെ തോന്നിച്ചിരുന്ന ക്രിപ്റ്റോ കറൻസികളുടെ മൂല്യം തുടർച്ചയായി ഇടിയുകയാണ്. ഇവയിൽ പ്രധാനിയായ ബിറ്റ്കോയിന്റെ വില 30,000 ഡോളറിലും താഴെ എത്തിയിരിക്കുകയാണ്. ക്രിപ്റ്റോ കറൻസികളിൽ പ്രധാനികളായ ബിറ്റ്കോയിൻ, എത്തേറിയം, ബിനാൻസ് കോയിൻ എന്നിവയുടെ മൂല്യം ഈ ആഴ്‌ച്ച ഇടിഞ്ഞത് യഥാക്രമം ആറ് ശതമാനം, 15 ശതമാനം, ഏഴ് ശതമാനം എന്ന നിരക്കുകളിലായിരുന്നു.

കഴിഞ്ഞ കുറേ ആഴ്‌ച്ചകളായി ക്രിപ്റ്റോ കറൻസികളുടെ മൂല്യം കുത്തനെ ഇടിയുക തന്നെയാണ്. ഓഹരി വിപണിയിൽ തകർച്ച ഉണ്ടാകുന്നതിലും വേഗതയിലാണ് ക്രിപ്റ്റോ കറൻസി വിപണിയിൽ ഇടിവുണ്ടാകുന്നത് എന്നതാണ് ഈ രംഗത്ത് മുതൽമുടക്കിയവരെ ആശങ്കയിലാഴ്‌ത്തുന്ന കാര്യം. ഇന്നലെ ഒരൊറ്റ ദിവസം മാത്രം ബിറ്റ്കോയിന്റെ മൂല്യം ഇടിഞ്ഞത് 2 ശതമാനമായിരുന്നു. 2021 നവംബറിൽ 68,000 ഡോളർ വിലയുണ്ടായിരുന്ന ബിറ്റ്കോയിന്റെ വില ഇതോടെ 29,000 ഡോളർ ആയി കുറഞ്ഞു. കഴിഞ്ഞ ഒരു മാസം മാത്രം അതിന്റെ മൂല്യത്തിൽ ഉണ്ടായത് 28 ശതമാനത്തിന്റെ വർദ്ധനവാണെന്നാണ് കണക്കാക്കപ്പെടുന്നത്.

എത്തേറിയം, ബിനാൻസ് കോയിൻ എന്നിയവയാണ് ഇന്നലെ വൻ തകർച്ചയെ നേരിട്ടത്. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് മാത്രം എത്തെറിയത്തിന്റെ മൂല്യത്തിൽ 5 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോൾ ബിനാൻസ് കോയിന് നഷ്ടമായത് 4 ശതമാനമായിരുന്നു. നിലവിൽ എത്തേറിയത്തിന്റെ വില 1800 ഡോളറും ബിനാൻസ് കോയിന്റെത് 300 ഡോളറുമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഈ രണ്ട് ക്രിപ്റ്റോ കറൻസികൾക്കും ഉണ്ടായ മൂല്യ തകർച്ച യഥാക്രമം 40 ശതമാനം, 25 ശതമാനം എന്നിങ്ങനെയാണ്.

അതേസമയം, മൂല്യ തകർച്ച നേരിട്ടെങ്കിലും ബിറ്റ്കോയിൻ ഇപ്പോഴും ക്രിപ്റ്റോകറൻസി വിപണിയിൽ രാജാവായി തുടരുകയാണ്. മറ്റ് ക്രിപ്റ്റോ കറൻസികളുടെ മൂല്യവും ബിറ്റ്കോയിന്റെ മൂല്യവും തമ്മിലുള്ള അന്തരം വർദ്ധിച്ചിരിക്കുകയാണ് ഈ മൂല്യത്തകർച്ചക്കിടയിലും. നിക്ഷേപകർ ബിറ്റ്കോയിനെ മറ്റ് ക്രിപ്റ്റോ കറൻസികളേക്കാൾ കൂടുതൽ സുരക്ഷിതമായി കാണുന്നതിനാലാണ് ഇതെന്ന് പ്രമുഖ നിക്ഷേപ വിദഗ്ദർ പറയുന്നു. പ്രമുഖ സ്റ്റേബിൾ കോയിൻ ആയ ടെറ യു എസ് ഡി പോലും കഴിഞ്ഞയഴ്‌ച്ച മൂല്യ തകർച്ച നേരിട്ടു.

ഒരു മാസമോ അതിലധികം കാലമോ മൂല്യത്തിൽ ക്രമമായ തകർച്ച നേരിട്ടാൽ ആ കാലയളവിനെ ബിറ്റ്കോയിൻ വിന്റർ എന്നാണ് പരാമർശിക്കുക. 2017 മുതൽ അഞ്ചും, 2021 മുതൽ മൂന്നും ബിറ്റ്കോയിൻ വിന്ററുകൾ ഉണ്ടായതായി റോയിട്ടർ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ എട്ട് ആഴ്‌ച്ചകൾ കൊണ്ട് ബിറ്റ്കോയിൻ വിപണിയുടെ മൂല്യതകർച്ച 36 ശതമാനമായിരുന്നു. ബിറ്റ്കോയിൻ വിപണിയിലുണ്ടാകുന്ന തളർച്ച് ഓഹരി വിപണിക്ക് പുത്തൻ ഊർജ്ജം നൽകുമെന്ന് ചില സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ, ആഗോളതലത്തിൽ തന്നെ പ്രതിസന്ധി നിലനിൽക്കുന്ന കാലത്ത് ഓഹരി വിപണിയേക്കാൾ താരതമ്യേന കൂടുതൽ സുരക്ഷിതമായ സ്വർണം പോലുള്ള നിക്ഷേപോപാധികളായിരിക്കും കൂടുതൽ പേർ തിരഞ്ഞെടുക്കുക എന്ന് മറ്റൊരു വിഭാഗം പറയുന്നു. അങ്ങനെയായാൽ സമീപ ഭാവിയിൽ സ്വർണ്ണവില കുതിച്ചുയരാൻ ഇടയുണ്ട്.